സാമ്പത്തികപ്രതിസന്ധി; ഹജ്ജ് യാത്ര റദ്ദാക്കിയത് രണ്ടായിരത്തിലേറെ പേര്‍

Jaihind News Bureau
Tuesday, June 26, 2018

നോട്ട് നിരോധനവും ജി.എസ്.ടിയും ഉണ്ടാക്കിയ സാമ്പത്തിക പ്രതിസന്ധി ഹജ്ജ് തീർഥാടനത്തെയും ബാധിച്ചു. മുൻവർഷത്തെ അപേക്ഷിച്ച് തീർഥാടനം റദ്ദാക്കിയവരുടെ എണ്ണം കൂടുതലായി. ഇതിനകം രണ്ടായിരത്തിലധികം പേരാണ് ഹജ്ജ് തീർഥാടനം ഒഴിവാക്കിയത്.

സംസ്ഥാന ഹജ്ജ് കമ്മിറ്റി വഴി ഹജ്ജിന് അവസരം ലഭിച്ചവരാണ് സാമ്പത്തിക പ്രതിസന്ധിമൂലം തീർഥാടനം ഒഴിവാക്കുന്നത്. ഇതിനകം 2000ലധികം പേർ അവസരം ലഭിച്ചിട്ടും തീർഥാടനം ഒഴിവാക്കിയതായാണ് കണക്കുകൾ.

ഗ്രീൻ വിഭാഗത്തിൽ 2,56,350 രൂപയും, അസീസിയ വിഭാഗത്തിൽ 2,22,200 രൂപയുമാണ് ഹജ്ജ് നിർവഹിക്കാൻ ചെലവ് വരുന്നത്. കൂടാതെ നേരത്തെ ഹജ്ജ് നിർവഹിച്ചവർ 2000 റിയാൽ അധികം നൽകണമെന്ന നിബന്ധന സൗദി അറേബ്യ കർശനമാക്കിയതും പലരേയും പുറകോട്ടടിപ്പിച്ചു. ഇതിന് പുറമെയാണ് കേന്ദ്ര ഹജ്ജ് കമ്മറ്റി യഥാർഥ പാസ്‌പോർട്ട് ഹാജരാക്കേണ്ട സമയപരിധി നേരത്തെയാക്കിയത്.

ഏപ്രിൽ 30 ന് മുൻപ് പാസ്‌പോർട്ട് നൽകണമെന്നായിരുന്നു പുതിയ നിയമം. ആഗസ്റ്റ് 1 ന് തുടങ്ങി സെപ്തംബർ 26 ന് അവസാനിക്കുന്ന തരത്തിലാണ് കേരളത്തിൽ നിന്നുള്ള ഹജ്ജ് യാത്ര ക്രമീകരിച്ചിരിക്കുന്നത്. അഞ്ച് മാസത്തോളം പാസ്‌പോർട്ട് കൈമാറുന്നത് വിദേശത്തുള്ള ജോലികൾ നഷ്ടമാകുമെന്ന ഭയവും തീർഥാടകരെ ബാധിച്ചു.

അഞ്ചാം വർഷ അപേക്ഷകരിൽ 65നും, 70നും ഇടയിൽ പ്രായമുള്ളവർക്കാണ് നറുക്കെടുപ്പില്ലാതെ ഹജ്ജിന് അവസരം നൽകിയത്. യാത്ര റദ്ദാക്കിയവർക്ക് പകരമായി കാത്തിരിപ്പ് പട്ടികയിലെ 2034 പേർക്ക് പുതുതായി അവസരം നൽകിയിട്ടുണ്ട്.