പാകിസ്ഥാനെ തകര്‍ത്ത് ഇന്ത്യ ഏഷ്യാ കപ്പ് ഫൈനലില്‍

Jaihind Webdesk
Monday, September 24, 2018

പാകിസ്ഥാനെതിരെ ഉജ്വല വിജയവുമായി ഇന്ത്യ ഏഷ്യാ കപ്പ് ഫൈനലിൽ. ചിരവൈരികളെ 9 വിക്കറ്റിനാണ് ഇന്ത്യ തകര്‍ത്തത്. ശിഖർ ധവാൻ, രോഹിത് ശർമ എന്നിവരുടെ സെഞ്ച്വറി കരുത്തിലാണ് ജയം. പാകിസ്ഥാൻ ഉയർത്തിയ 238 റൺസ് വിജയലക്ഷ്യം 63 പന്തുകൾ ബാക്കിനിൽക്കേ ഇന്ത്യ മറികടന്നു. ഒരു വിക്കറ്റ് മാത്രമാണ് ഇന്ത്യക്ക് നഷ്ടമായത്.

ഏകദിനത്തിലെ 15-ാം സെഞ്ച്വറി തികച്ച ധവാൻ 100 പന്തിൽ 16 ബൗണ്ടറിയും രണ്ട് സിക്‌സും സഹിതം 114 റൺസെടുത്ത് റണ്ണൗട്ടായി. എന്നാൽ 19-ാം ഏകദിന സെഞ്ചുറി കണ്ടെത്തിയ രോഹിത് 119 പന്തിൽ നാല് സിക്‌സും ഏഴ് ബൗണ്ടറിയും സഹിതം പുറത്താകാതെ 111 റൺസെടുത്തു. അമ്പാട്ടി റായുഡു 12 റണ്‍സുമായി പുറത്താകാതെ നിന്നു.

നേരത്തെ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത പാകിസ്ഥാൻ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 237 റൺസെടുത്തു. പാകിസ്ഥാന്റെ തുടക്കം തകർച്ചയോടെയായിരുന്നെങ്കിലും ഷൊയ്ബ് മാലിക്കിന്റെ (78) അർധ സെഞ്ച്വറി അവരെ ഭേദപ്പെട്ട സ്‌കോറിലെത്തിക്കുകയായിരുന്നു. ഇന്ത്യക്ക് വേണ്ടി ജസ്പ്രീത് ബുംറ, കുൽദീപ് യാദവ്, യൂസ്വേന്ദ്ര ചാഹല്‍ എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

എട്ടാം ഓവറിന്റെ അവസാന പന്തിൽ ഇന്ത്യ ആദ്യ വിക്കറ്റ് വീഴ്ത്തി. 10 റൺസ് മാത്രമെടുത്ത ഇമാം ഉൽ ഹഖിനെ ചാഹല്‍ വിക്കറ്റിന് മുന്നില്‍ കുടുക്കുകയായിരുന്നു. അധികം വൈകാതെ  ഫാഖർ സമാനും കൂടാരം കയറി. 31 റൺസായിരുന്നു സമാന്റെ സമ്പാദ്യം. കുൽദീപിനെ സ്വീപ് ചെയ്യാനുള്ള ശ്രമത്തിൽ ഫാഖറും വിക്കറ്റിന് മുന്നിൽ കുടുങ്ങുകയായിരുന്നു.

മൂന്നാമനായി ഇറങ്ങിയ ബാബർ അസം റണ്ണൗട്ടായി. ഒമ്പത് റൺസ് മാത്രമാണ് അസം നേടിയത്. സർഫറാസ് അഹമ്മദ് പന്ത് പോയിന്റിലേക്ക് തട്ടിയിട്ട് സിംഗിളിന് ശ്രമിച്ച അസം റണ്ണൌട്ടാവുകയായിരുന്നു. ചാഹലിന്‍റെ ത്രോ സ്വീകരിച്ച രവീന്ദ്ര ജഡേജ നോണ്‍സ്ട്രൈക്കര്‍ എന്‍ഡിലെ ബെയ്ല്‍സ് തെറിപ്പിക്കുമ്പോള്‍ അസം ക്രീസിന്  പുറത്തായിരുന്നു.

പാകിസ്ഥാനെതിരായ 9 വിക്കറ്റ് ജയത്തോടെ ഇന്ത്യ ഫൈനലില്‍ പ്രവേശിച്ചു.