ഭീകരരില്‍ ഏറെ പേരുടെയും താവളം പാകിസ്ഥാന്‍, പാക് അധീന കശ്മീർ ഒഴിയണം; കടുപ്പിച്ച് ഇന്ത്യ

Jaihind Webdesk
Saturday, September 25, 2021

 

ന്യൂയോർക്ക് : കശ്മീർ വിഷയം ഐക്യരാഷ്ട്രസഭയിൽ ഉന്നയിച്ച പാകിസ്ഥാന് മറുപടിയുമായി ഇന്ത്യ. എത്രയും വേഗം പാക് അധീന കശ്മീർ ഒഴിയണമെന്ന് ഇന്ത്യൻ പ്രതിനിധി സ്‌നേഹ ദുബെ ആവശ്യപ്പെട്ടു. നിയമവിരുദ്ധ അധിനിവേശമാണ് പാകിസ്ഥാന്‍റേതെന്നും അവർ ചൂണ്ടിക്കാട്ടി.

പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാനാണ് കഴിഞ്ഞ ദിവസം കശ്മീർ വിഷയം യുഎന്നിൽ  ഉന്നയിച്ചത്. ഇതിനെതിരെ ശക്തമായ ഭാഷയിലായിരുന്നു ഇന്ത്യയുടെ മറുപടി. യുഎന്‍ രക്ഷാ കൗണ്‍സില്‍ പട്ടികയിലെ ഭീകരരില്‍ ഏറെപ്പേരുടെയും താവളം പാകിസ്ഥാനാണ്. പാകിസ്ഥാന്‍ ഭീകരരെ പിന്തുണയ്ക്കുന്നുവെന്നതും ആയുധം നല്‍കുന്നു എന്നതും ലോകം മുഴുവന്‍ അറിയാമെന്ന് ഇന്ത്യ പറഞ്ഞു. ഒസാമ ബിന്‍ ലാദനുപോലും അഭയം നല്‍കിയെന്നും ഇന്നും രക്തസാക്ഷിയെന്നു പറഞ്ഞ് ആദരിക്കുകയാണെന്നും യു.എന്നിലെ ഇന്ത്യയുടെ ഫസ്റ്റ് സെക്രട്ടറി സ്നേഹ ദുബെ പറഞ്ഞു.

‘ദുഃഖകരമെന്ന് പറയട്ടെ, തെറ്റായ പ്രചാരണങ്ങൾ നടത്താൻ പാക് നേതാവ് അന്താരാഷ്ട്ര വേദികൾ ഉപയോഗിക്കുന്നത് ആദ്യമായല്ല. ഭീകരവാദികൾക്ക് സൗജന്യ പാസ് നൽകുന്ന അദ്ദേഹത്തിന്‍റെ രാഷ്ട്രത്തിലെ ദുഃസ്ഥിതി മറച്ചുവയ്ക്കാനാണ് ഈ വാദങ്ങൾ ഉന്നയിക്കുന്നത്. ഭീകരവാദികളെ വളർത്തുകയും അവരെ സഹായിക്കുകയും ചെയ്യുന്ന രാഷ്ട്രമാണ് പാകിസ്ഥാൻ. ഏറ്റവും കൂടുതൽ തീവ്രവാദികള്‍ക്ക് ആതിഥേയത്വം നല്കിയതിന്‍റെ അവിശ്വസനീയമായ റെക്കോർഡ് പാക്കിസ്ഥാന്‍റെ പേരിലാണ്.   ബഹുസ്വരത എന്ന വാക്ക് തന്നെ പാകിസ്ഥാന് മനസിലാക്കാനായിട്ടില്ല. ലോകവേദിയിൽ പരിഹാസ്യരാകും മുമ്പ് നിങ്ങൾ ആത്മപരിശോധന നടത്തണം’- സ്നേഹ ദുബെ പറഞ്ഞു.

കശ്മീർ ഇന്ത്യയുടെ അവിഭാജ്യഘടകമാണെന്ന് സ്‌നേഹ ദുബെ ആവർത്തിച്ചു. ‘ജമ്മു കശ്മീരും ലഡാക്കും ഇന്ത്യയുടെ ഒഴിച്ചുകൂടാൻ പറ്റാത്ത ഭാഗങ്ങളാണ്. പാകിസ്ഥാൻ അനധികൃതമായി കൈവശം വച്ചിരിക്കുന്ന  പ്രദേശങ്ങൾ വിട്ടുപോകണം’- ഇന്ത്യന്‍ പ്രതിനിധി പറഞ്ഞു.