മരടിലെ ഫ്‌ലാറ്റുകൾ പൊളിച്ച് നീക്കാൻ സർക്കാർ ശ്രമം തുടങ്ങി… തങ്ങൾക്ക് മുന്നിൽ ഇനി എന്ത് എന്നറിയാതെ താസമസക്കാര്‍

Jaihind News Bureau
Tuesday, September 10, 2019

സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തിൽ മരടിലെ ഫ്‌ലാറ്റുകൾ പൊളിച്ച് നീക്കാൻ സർക്കാർ ശ്രമം ആരംഭിച്ചതോടുകൂടി ഫ്‌ലാറ്റിലെ താമസക്കാരുടെ ജീവിതം ഇപ്പോൾ മുൾ മുനയിലാണ് നിൽക്കുന്നത്. ഒരു സുപ്രഭാതത്തിൽ താമസസ്ഥലത്ത് നിന്നും പിഴുതെറിയാൻ ശ്രമിക്കുമ്പോൾ തങ്ങൾക്ക് മുന്നിൽ ഇനി എന്ത് പോംവഴിയാണ് ഉള്ളതെന്നാണ് ഇവരുടെ ചോദ്യം.

മരണ വീടിന് സമാനമാണ് ഒരോ ഫ്‌ളാറ്റിലെയും അവസ്ഥ. ചോര നീരാക്കി അധ്വാനിച്ച പണം കൊണ്ട് ഫ്‌ലാറ്റ് സ്വന്തമാക്കിയവർ സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തിൽ ഫ്‌ളാറ്റ് പൊളിച്ചു മാറ്റാനുള്ള നീക്കം സർക്കാർ ആരംഭിച്ചതോടെ നിസ്സഹായ അവസ്ഥയിൽ മരവിച്ച് നിൽക്കുകയാണ്. ഇനി എന്ത് ചെയ്യണമെന്ന് ഇവർക്ക് അറിയില്ല അധികൃതർ തങ്ങളോട് കനിവ് കാണിക്കുമോ എന്ന ചോദ്യമാണ് ഒരോരുത്തർക്കും ചോദിക്കാനുള്ളത്

പൊളിച്ച് മാറ്റലിന്‍റെ ഭാഗമായി വൈദ്യുതിയും വെള്ളവും കട്ട് ചെയ്യുമെന്ന വാർത്ത കൂടി പുറത്ത് വന്നതോടെ താമസക്കാരുടെ പ്രതിഷേധം അണപൊട്ടുകയാണ്. ഇവിടെ നിന്നും ഇറക്കി വിടുന്ന തങ്ങളും മനുഷ്യരല്ലേ എന്നും എന്തു കൊണ്ടാണ് തങ്ങൾക്ക് പറയാനുള്ളത് ആരും കേൾക്കാത്തതെന്നും താമസക്കാർ ചോദിക്കുന്നു

സുപ്രീം കോടതിയിൽ റിട്ട് ഹർജി സമർപ്പിച്ച് നീതി പീഠത്തിൽ നിന്നും എന്തെങ്കിലും ദയ തങ്ങൾക്ക് ലഭിക്കുമെന്ന അവസാന പ്രതീക്ഷയിലാണ് ഇപ്പോൾ ഫ്‌ലാറ്റുകളിലെ താമസക്കാർ