ജയിലിൽ ഭീഷണിയുണ്ടെന്ന പരാതി : സരിത്തിനെ ഇന്ന് എൻഐഎ കോടതിയിൽ ഹാജരാക്കും

Jaihind Webdesk
Saturday, July 10, 2021

കൊച്ചി : ജയിലിൽ ഭീഷണിയുണ്ടെന്ന  പരാതിയില്‍ സ്വർണ്ണക്കടത്ത് കേസ് പ്രതി സരിത്തിനെ ഇന്ന് എൻഐഎ കോടതിയിൽ ഹാജരാക്കും. കേസിൽ കോൺഗ്രസ് – ബിജെപി നേതാക്കളുടെ പേര് പറയാൻ സമ്മർദ്ദമുണ്ടെന്ന് സരിത് കഴിഞ്ഞ ദിവസം  കോടതിയിൽ പറഞ്ഞിരുന്നു. ഭീഷണിയും സമ്മർദവുമുണ്ടെന്ന് ചൂണ്ടിക്കാട്ടി സരിത്തിൻ്റെ അമ്മയും കസ്റ്റംസിന് പരാതി നല്‍കി.

സ്വർണ്ണക്കടത്ത് കേസ് അട്ടിമറിക്കാൻ നീക്കമുണ്ടെന്ന് വ്യക്തമാക്കുന്നതാണ് പ്രതി സരിത്തിൻ്റെയും അമ്മയുടേയും പരാതികൾ. സ്വർണ്ണക്കടത്തിൽ കോൺഗ്രസ് – ബിജെപി നേതാക്കളുടെ പേര് പറയാൻ സമ്മർദ്ദമുണ്ടെന്ന് പ്രധാന പ്രതി സരിത് കോടതിയിൽ പറഞ്ഞതിനെ തുടർന്നാണ്  മൊഴി നേരിട്ട് രേഖപ്പെടുത്താൻ കോടതി തീരുമാനിച്ചത്. നിലവില്‍ പൂജപ്പുര സെൻട്രൽ ജയിലിൽ റിമാന്‍ഡില്‍ കഴിയുകയാണ് സരിത്ത്. എൻഐഎ കേസിൽ റിമാന്‍ഡ് പുതുക്കാൻ കോടതിയിൽ ഓൺലൈനായി ഹാജരാക്കിയപ്പോഴാണ് സരിത് അഭിഭാഷകൻ മുഖേന ഇക്കാര്യം അറിയിച്ചത്.

ജയിലിൽ നിരന്തരം ഭീഷണിയുണ്ടെന്നും , ചില നേതാക്കളുടെ പേര് പറയാൻ നിർബന്ധിക്കുന്നുവെന്നും പരാതിയിലുണ്ട്. രമേശ് ചെന്നിത്തല, കെ സുരേന്ദ്രൻ, വി.മുരളീധരൻ എന്നിവരുടെ പേരുകൾ പറയാൻ ജയിൽ അധികൃതർ നിർബന്ധിച്ചതായാണ് സരിത്തിൻ്റെ പരാതി. എല്ലാ കാര്യങ്ങളും ഓൺലൈൻ വഴി പറയാൻ ആകില്ലെന്നും കോടതി മുൻപാകെ നേരിട്ട് ഹാജരാകാൻ അനുവദിക്കണമെന്നും സരിത് ആവശ്യപ്പെട്ടു. ഡോളർ കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ പേര് പറഞ്ഞത് കസ്റ്റംസ് ഭീഷണിപ്പെടുത്തിയാണെന്ന് പറയാനും സരിത്തിന് മേൽ സമ്മർദ്ദമുണ്ട്.

സരിത്തിന്‍റെ ആവശ്യം പരിഗണിച്ച കോടതി ഇന്ന് രാവിലെ 11മണിക്ക് എൻഐഎ കോടതിയിൽ ഹാജരാക്കാൻ ഉത്തരവിട്ടു. ജയിലിൽ സരിത്തിന് മാനസിക, ശാരീരിക പീഡനം ഉണ്ടാകരുതെന്നും ജയിൽ സൂപ്രണ്ടിന് കോടതി കർശന നിർദ്ദേശം നൽകി. ഇന്ന് പ്രത്യേക സിറ്റിംഗ് നടത്തി കോടതി കേസ് കേൾക്കും. സരിത് ഏറെ ഗൗരവമുള്ള പരാതികൾ ഉന്നയിച്ചെന്നാണ് വിവരം.