മുന്‍ മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ പി ശങ്കരന്‍ അന്തരിച്ചു

Jaihind News Bureau
Wednesday, February 26, 2020

കോഴിക്കോട്: മുന്‍ മന്ത്രിയും യു.ഡി.എഫ് ജില്ലാ ചെയര്‍മാനും കോണ്‍ഗ്രസ് നേതാവുമായ അഡ്വ. പി ശങ്കരന്‍ (72) അന്തരിച്ചു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. പേരാമ്പ്ര കടിയങ്ങാട് സ്വദേശിയായ ശങ്കരന്‍ ഏറെക്കാലമായി സിവില്‍ സ്‌റ്റേഷന് സമീപത്തെ രാജീവം വസതിയിലായിരുന്നു താമസം. എ.കെ ആന്‍റണി മന്ത്രിസഭയില്‍ ആരോഗ്യം, ടൂറിസം വകുപ്പ് മന്ത്രിയായിരുന്നു. ഇന്ന് ഉച്ചയ്ക്ക് 2 മുതൽ 4 മണി വരെ ഡി.സി.സിയിൽ പൊതുദർശനം. തുടർന്ന് പേരാമ്പ്രയിൽ പൊതുദർശനം. സംസ്കാരം വ്യാഴാഴ്ച രാവിലെ 10 ന് പേരാമ്പ്രയിലെ വീട്ടുവളപ്പിൽ.

1998 ല്‍ കോഴിക്കോട്ട് നിന്ന് ലോക്‌സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. പത്ത് വര്‍ഷം കോഴിക്കോട് ഡി.സി.സി പ്രസിഡന്‍റായിരുന്നു. കെ.പി.സി.സി ജനറല്‍ സെക്രട്ടറിയായും പ്രവര്‍ത്തിച്ചു. 1975ല്‍ കാലിക്കറ്റ് സര്‍വകലാശാല സിന്‍ഡിക്കേറ്റിലെ ആദ്യ വിദ്യാര്‍ത്ഥി പ്രതിനിധിയായി തെരഞ്ഞെടുക്കപ്പെട്ടു.

സ്വാതന്ത്ര്യസമരസേനാനിയായ കേളുനായരുടെയും മാക്കം അമ്മയുടെയും പുത്രനായി കടിയങ്ങാട് പുതിയോട്ടില്‍ വസതിയില്‍ 1947 ഡിസംബര്‍ രണ്ടിനായിരുന്നു ജനനം. പേരാമ്പ്ര ഹൈസ്‌കൂളില്‍ നിന്ന് എസ്.എസ്.എല്‍.സി പൂര്‍ത്തിയാക്കി. മട്ടന്നൂര്‍ പഴശിരാജ എന്‍.എസ്.എസ് കോളേജില്‍ പ്രീഡിഗ്രിക്ക് പഠിക്കുമ്പോള്‍ കെ.എസ്.യു യൂണിറ്റ് സെക്രട്ടറിയായാണ് പൊതുരംഗത്തെത്തിയത്. തവനൂര്‍ റൂറല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിലെ പഠനകാലത്ത് കെ.എസ്.യു പൊന്നാനി താലൂക്ക് പ്രസിഡന്‍റായി. തൃശൂര്‍ കേരള വര്‍മ കോളജില്‍ നിന്ന് ബിരുദാനന്തര ബിരുദം നേടി. കേരള വര്‍മയില്‍ യൂണിയന്‍ ചെയര്‍മാനായിരുന്നു. 1973ല്‍ കാലിക്കറ്റ് സര്‍വകലാശാല യൂണിയന്‍ വൈസ് ചെയര്‍മാനായി തെരഞ്ഞെടുക്കപ്പെട്ടു. കോഴിക്കോട് ഗവണ്‍മെന്‍റ് ലോ കോളേജില്‍ നിന്ന് നിയമബിരുദം നേടി.

പഠനകാലത്തുതന്നെ പേരാമ്പ്രയില്‍ യുവത എന്ന പേരില്‍ പാരലല്‍ കോളജ് നടത്തി. നിയമബിരുദം നേടിയ ശേഷം പേരാമ്പ്ര കോടതിയില്‍ അഭിഭാഷനായി പ്രാക്ടീസ് ആരംഭിച്ചതോടെ രാഷ്ട്രീയ തട്ടകം പേരാമ്പ്രയായി. 1978 ല്‍ യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്‍റായി. 1980 മുതല്‍ 91 വരെ ഡി.സി.സി ജനറല്‍ സെക്രട്ടറിയായും പ്രവര്‍ത്തിച്ചു. 1991 ലാണ് ഡി.സി.സി പ്രസിഡന്‍റായത്. 2001 ല്‍ മന്ത്രിയായതോടെയാണ് ഈ പദവി ഒഴിഞ്ഞത്.

1991 ല്‍ ബാലുശ്ശേരിയിലായിരുന്നു നിയമസഭയിലേക്കുള്ള കന്നി മത്സരം. എ.സി ഷണ്‍മുഖദാസിനോട് പരാജയപ്പെട്ടു. 1996ല്‍ കൊയിലാണ്ടിയില്‍ മത്സരിച്ചെങ്കിലും വിജയിക്കാനായില്ല. 1998 ല്‍ കോഴിക്കോട് മണ്ഡലത്തില്‍ നിന്ന് എം.പി വീരേന്ദ്രകുമാറിനെ പരാജയപ്പെടുത്തി ലോക്‌സഭാംഗമായി. 1999ല്‍ ലോക്‌സഭ പിരിച്ചുവിട്ടതോടെ വീണ്ടും തെരഞ്ഞെടുപ്പ് നടന്നെങ്കിലും കെ മുരളീധരന് വേണ്ടി മാറിക്കൊടുത്തു. 2001 ല്‍ കൊയിലാണ്ടിയില്‍ സിറ്റിംഗ് എം.എല്‍.എ പി വിശ്വനെ പരാജയപ്പെടുത്തിയാണ് നിയമസഭയിലെത്തിയത്.

എ.കെ ആന്‍റണി മന്ത്രിസഭയില്‍ ആരോഗ്യ വകുപ്പും പിന്നീട് ടൂറിസം വകുപ്പും കൈകാര്യം ചെയ്തു. 2005 ജൂലൈ ഒന്നിന് മന്ത്രി സ്ഥാനം രാജിവെച്ചു. കാലാവധി പൂര്‍ത്തിയാക്കുന്നതിന് മുന്‍പ് നിയമസഭാംഗത്വവും രാജിവച്ചു. പിന്നീട് കെ കരുണാകരനൊപ്പം ഡി.ഐ.സിയില്‍ ചേര്‍ന്നു. 2006ല്‍ കൊയിലാണ്ടിയില്‍ യു.ഡി.എഫ് പിന്തുണയോടെ ഡി.ഐ.സി സ്ഥാനാര്‍ഥിയായി മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. പിന്നീട് കരുണാകരനൊപ്പം കോണ്‍ഗ്രസില്‍ തിരിച്ചെത്തി.

ഭാര്യ: പ്രൊഫ. വി സുധ (റിട്ട. പ്രിന്‍സിപ്പല്‍, കോഴിക്കോട് ഗവ. ആര്‍ട്‌സ് ആന്‍റ് സയന്‍സ് കോളേജ്). മക്കള്‍: രാജീവ് എസ് മേനോന്‍ (എന്‍ജിനീയര്‍, ദുബായ്), ഇന്ദു പാര്‍വതി, ലക്ഷ്മി പ്രിയ. മരുമക്കള്‍ : ദീപ്തി, രാജീവ്, ദീപക് (ഇരുവരും ഐ.ടി എന്‍ജിനീയര്‍, അമേരിക്ക). സഹോദരങ്ങള്‍: കല്യാണി അമ്മ, ദേവകി അമ്മ, പരേതരായ ഗോപാലന്‍ നായര്‍, കോണ്‍ഗ്രസ് നേതാവ് കെ രാഘവന്‍ നായര്‍.