VIDEO | തൃശൂര്‍ പുലികളി സംഘം കടല്‍ കടന്ന് ആദ്യമായി ദുബായിലേക്ക് : മുടി വടിച്ച് ചായം പൂശി കളത്തിലിറങ്ങുന്നത് 15 പുലികള്‍ ; ദുബായ് ബോളിവുഡ് പാര്‍ക്കില്‍ വെള്ളിയാഴ്ച വിസ്മയോത്സവം

Jaihind News Bureau
Monday, December 9, 2019

ദുബായ് : തൃശൂരിലെ പുലികളി സംഘം ആദ്യമായി കടല്‍ കടന്ന് ദുബായിലെത്തുന്നു. ഡിസംബര്‍ 13 ന് ദുബായ് ബോളിവുഡ് പാര്‍ക്കില്‍ നടക്കുന്ന വിസ്മയോത്സവത്തിന്‍റെ ഭാഗമായാണ് യഥാര്‍ഥ പുലിസംഘം എത്തുന്നത്. നിലവില്‍ പുലികളുടെ നിറങ്ങളിലുള്ള വസ്ത്രങ്ങള്‍ ധരിച്ച പുലികളി മാത്രമാണ് ഗള്‍ഫ് വേദികളില്‍ സ്ഥിരമായി കണ്ടുവരുന്നത്. ഇതില്‍ നിന്ന് വ്യത്യസ്തമായി ഇത് ആദ്യമായാണ് മുടി വടിച്ച് ചായം പൂശി നാട്ടിലേതുപോലെ മനുഷ്യ പുലികള്‍ കളത്തിലിറങ്ങുന്നത്.

ഡിസംബര്‍ 13 വെള്ളിയാഴ്ച ദുബായ് ബോളിവുഡ് പാര്‍ക്കില്‍ പതിനഞ്ചോളം മനുഷ്യ പുലികളാണ് ഇപ്രകാരം തൃശൂരില്‍ നിന്ന് കടല്‍ കടന്ന് എത്തുക. ഈ വര്‍ഷത്തെ തൃശൂര്‍ പുലികളിയില്‍ സമ്മാനം നേടിയ കോട്ടപ്പുറം സംഘത്തിലെ പതിനഞ്ച് പുലികള്‍ മെയ്യെഴുത്തിന്‍റെ മികവോടെയാണ് ഇതിനായി എത്തുന്നത്. ദുബായില്‍ നേരത്തെ തൃശൂര്‍ പൂരം പുനഃസൃഷിച്ച് ശ്രദ്ധ നേടിയ ‘മ്മടെ തൃശൂര്‍’ എന്ന കൂട്ടായ്മയാണ് പരിപാടി ഒരുക്കുന്നതെന്ന് പ്രസിഡന്‍റ് രാജേഷ് മേനോന്‍ ജയ്ഹിന്ദ് ന്യൂസിനോട് പറഞ്ഞു.

 

ഡിസംബര്‍ 13 ന് രാവിലെ 10 മുതല്‍ രാത്രി 10 വരെ തുടര്‍ച്ചയായി 12 മണിക്കൂര്‍ നീളുന്ന പരിപാടികളാണിത്. മേളകലയിലെ പ്രതിഭ മട്ടന്നൂര്‍ ശങ്കരന്‍കുട്ടിയും, മക്കളായ ശ്രീരാഗ്, ശ്രീരാജ് എന്നിവരും ചേര്‍ന്നൊരുക്കുന്ന ട്രിപ്പിള്‍ തായമ്പകയില്‍ 12 കലാകാരന്മാര്‍ അണിനിരക്കും. ശിങ്കാരിമേളം, പരുന്താട്ടം, കാവടിയാട്ടം, മയിലാട്ടം, തെയ്യം, തിറ, കരോള്‍, ബാന്‍ഡ് മേളം തുടങ്ങിയ കലാരൂപങ്ങള്‍ അണിനിരക്കുന്ന സാംസ്‌കാരിക ഘോഷയാത്രയും വിസ്മയോത്സവത്തിന്‍റെ പ്രത്യകതയാണ്. കൂടാതെ സംഗീതമന്ത്രികന്‍ സ്റ്റീഫന്‍ ദേവസിയും ഇതിന്‍റെ ഭാഗമാകും. സ്റ്റീഫന്‍ ദേവസിയും അദ്ദേഹത്തിന്‍റെ സോളിഡ് ബാന്‍ഡും 21 മേള കലാകാരന്മാരും ചേര്‍ന്നൊരുക്കുന്ന മെഗാ ഫ്യൂഷന്‍ മുഖ്യ ആകര്‍ഷണമാകും. ബോളിവുഡ് പാര്‍ക്കിലെ പ്രവേശന പാസ് പ്രത്യേക നിരക്കായ 30 ദിര്‍ഹത്തിന് വെളളിയാഴ്ച ലഭ്യമാകും. മറ്റ് ദിവസങ്ങളിലെ യഥാര്‍ഥ വില 99 ദിര്‍ഹമാണെന്നും സംഘാടകര്‍ പറഞ്ഞു.

പ്രസിഡന്‍റ് രാജേഷ് മേനോന്‍, സെക്രട്ടറി ശശീന്ദ്രന്‍, ട്രഷറര്‍ സമീര്‍, കലാ വിഭാഗം സെക്രട്ടറി അജിത് കുമാര്‍ തോപ്പില്‍, അനൂപ് അനില്‍ദേവന്‍, ബാലു തറയില്‍, മനാഫ് അബ്ബാസ്, രശ്മി രാജീവ് , സന്ദീപ്, ലദീപ് എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കും. ഇപ്രകാരം നാട്ടുപൊലിമ നിറഞ്ഞ കലാപരിപാടികളും സാസ്‌കാരിക ഘോഷയാത്രയും വടംവലി മത്സരവുമായി ദുബായില്‍ ‘വിസ്മയോത്സവം’ ഒരുക്കാനുള്ള അണിയറ ഒരുക്കത്തിലാണ് സംഘാടകര്‍.

https://www.facebook.com/jaihindtvmiddleeast/videos/2518130301798685