എയർ ഇന്ത്യ വില്‍പനയ്ക്ക് വെച്ച് കേന്ദ്രസർക്കാര്‍ ; ആരും വാങ്ങിയില്ലെങ്കില്‍ അടച്ചുപൂട്ടും

Jaihind News Bureau
Monday, January 27, 2020

ന്യൂഡൽഹി : എയർ ഇന്ത്യയുടെ നൂറ് ശതമാനം ഓഹരികളും വിൽക്കാൻ ടെൻഡർ വിളിച്ച് കേന്ദ്ര സർക്കാർ. മാർച്ച് 17 നാണ് താല്‍പര്യ പത്രം നൽകാനുള്ള അവസാന തീയതി. എയർ ഇന്ത്യക്ക് കീഴിലുള്ള 6 അനുബന്ധ കമ്പനികളും വിൽക്കും. പ്രതിദിനം 26 കോടി നഷ്ടത്തിലാണ് എയർ ഇന്ത്യ പ്രവർത്തിക്കുന്നത്. ഏകദേശം 23,000 കോടി രൂപയുടെ കടബാധ്യത ഉൾപ്പെടെയാണ് വിൽക്കാൻ ടെൻഡർ വിളിച്ചിരിക്കുന്നത്.

ഏകദേശം 23,000 കോടി രൂപയുടെ കടബാധ്യതയാണ് എയർ ഇന്ത്യയ്ക്കുള്ളത്. പ്രതിദിനം ഏകദേശം 26 കോടി രൂപ നഷ്ടത്തിലാണ് എയർ ഇന്ത്യ നിലവില്‍ പ്രവര്‍ത്തിക്കുന്നത്. ഈ കടബാധ്യതകളെല്ലാം പൂർണമായും ഓഹരി വാങ്ങുന്നവർ ഏറ്റെടുക്കേണ്ടിവരും. മാർച്ച് 17 നാണ് താല്‍പര്യ പത്രം നൽകാനുള്ള അവസാന തീയതി. വിദേശ കമ്പനികൾക്ക് ഇന്ത്യൻ പങ്കാളികളുമായി ചേർന്നു മാത്രമേ കമ്പനി വാങ്ങാനാവൂ.

കനത്ത സാമ്പത്തിക ബാധ്യതയിലാണ് കമ്പനിയെന്നും സ്വകാര്യവൽക്കരണം അത്യാവശ്യമായി വന്നിരിക്കുകയാണെന്നുമാണ് കേന്ദ്ര സർക്കാരിന്‍റെ വിശദീകരണം. 2018 ൽ എയർ ഇന്ത്യയുടെ 76 ശതമാനം ഓഹരികൾ വിൽപനയ്ക്ക് വെച്ചെങ്കിലും ആരും വാങ്ങിയിരുന്നില്ല. ഇതിനെ തുടർന്നാണ് ഇപ്പോള്‍ മുഴുവന്‍ ഓഹരിയും വില്‍ക്കാനുള്ള നീക്കം. ആരും വാങ്ങിയില്ലെങ്കിൽ കമ്പനി അടച്ചു പൂട്ടേണ്ടി വരുമെന്നും കേന്ദ്രം പറയുന്നു. നിരവധി പൊതുമേഖലാ സ്ഥാപനങ്ങളെ സ്വകാര്യവത്ക്കരിക്കാനുള്ള നീക്കത്തിന് പിന്നാലെയാണ് ഇപ്പോള്‍ വിറ്റഴിക്കല്‍ നീക്കവുമായി കേന്ദ്രം എത്തിയിരിക്കുന്നത്.