പ്രളയ സെസ് : കോണ്‍ഗ്രസ് പ്രതിഷേധ ധര്‍ണ ജൂലൈ ഒന്നിലേക്ക് മാറ്റി

Jaihind Webdesk
Wednesday, May 29, 2019

Mullapaplly-Ramachandran

പ്രളയ സെസ് നടപ്പിലാക്കാനുള്ള സംസ്ഥാന സര്‍ക്കാര്‍ നീക്കത്തിനെതിരെ കോണ്‍ഗ്രസ് നാളെ നടത്താനിരുന്ന ധര്‍ണ ജൂലൈ ഒന്നിലേക്ക് മാറ്റി. പ്രളയ സെസ് നടപ്പിലാക്കുന്നത് സര്‍ക്കാര്‍ ജൂലൈ ഒന്നിലേക്ക് മാറ്റിയ പശ്ചാത്തലത്തിലാണ് തീരുമാനമെന്ന് കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ അറിയിച്ചു.

ജൂണ്‍ ഒന്നു മുതല്‍ പ്രളയ സെസ് നിലവില്‍ വരുമെന്നായിരുന്നു സർക്കാർ വിജ്ഞാപനം ഇറക്കിയിരുന്നത്. 5 ശതമാനത്തിന് മുകളില്‍ ജി.എസ്.ടി ചുമത്തുന്ന ഉല്‍പന്നങ്ങളില്‍ ഒരു ശതമാനമാണ് സെസ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇതോടെ പാകം ചെയ്ത ഭക്ഷ്യ സാധനങ്ങള്‍ ഉള്‍പ്പെടെ നിരവധി ഉല്‍പന്നങ്ങളുടെ വില കൂടും. രണ്ട് വർഷം കൊണ്ട് പ്രളയ സെസിലൂടെ 1000 കോടി പിരിച്ചെടുക്കാനാണ് സർക്കാർ നീക്കം. ഉല്‍പ്പന്നങ്ങള്‍ക്കും സേവനങ്ങള്‍ക്കും സെസ് ബാധകമാകും.

സംസ്ഥാനത്തെ പ്രളയാനന്തര പുനര്‍നിര്‍മാണത്തിന് അധിക പണം കണ്ടെത്തുന്നതിനായി സെസ് ഏര്‍പ്പെടുത്താന്‍ ബജറ്റില്‍ നിര്‍ദേശമുണ്ടായിരുന്നു. ജനങ്ങളില്‍ അധികഭാരം അടിച്ചേല്പിക്കുന്ന സർക്കാർ നടപടിക്കെതിരെ കോണ്‍ഗ്രസ് രംഗത്തെത്തി. താലൂക്ക് തലത്തില്‍ ധര്‍ണ നടത്തി ശക്തമായ പ്രതിഷേധം അറിയിക്കാനാണ് കോണ്‍ഗ്രസ് നീക്കം. പ്രളയ സെസ് നടപ്പാക്കുന്നത് മാറ്റിയ പശ്ചാത്തലത്തിലാണ് കോണ്‍ഗ്രസ് പ്രതിഷേധ ധര്‍ണ ജൂലൈ ഒന്നിലേക്ക് മാറ്റിയതെന്ന് കെ.പി.സി.സി അധ്യക്ഷന്‍ അറിയിച്ചു.

teevandi enkile ennodu para