കര്‍ഷക ആത്മഹത്യ : ഒന്നാം പ്രതി സര്‍ക്കാരെന്ന് രമേശ് ചെന്നിത്തല

Jaihind Webdesk
Tuesday, December 17, 2019

കടക്കെണിയില്‍പ്പെട്ട് ഒരു കര്‍ഷകനെ കൂടി ആത്മഹത്യയിലേക്ക് നയിച്ചതിന്‍റെ ഉത്തരവാദി സര്‍ക്കാരെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പ്രളയത്തിന് ശേഷം സംസ്ഥാനത്ത് 22 കർഷകരാണ് ആത്മഹത്യ ചെയ്തത്. പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനത്തില്‍ സർക്കാർ പരാജയപ്പെട്ടുവെന്ന് വ്യക്തമാക്കുന്നതാണ് ഇതെന്നും തൃശൂരില്‍ കർഷകന്‍ ആത്മഹത്യ ചെയ്ത സംഭവം ചൂണ്ടിക്കാട്ടി രമേശ് ചെന്നിത്തല പറഞ്ഞു.

പ്രളയത്തിന് ശേഷം സംസ്ഥാനത്ത് ആത്മഹത്യ ചെയ്യുന്ന 22-ാമത്തെ കര്‍ഷകനാണ് ഔസേപ്പ്. പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനത്തില്‍ സര്‍ക്കാരിനുണ്ടായ പരാജയമാണ് 86 വയസുള്ള ഇദ്ദേഹത്തിനെ ആത്മഹത്യയിലേക്ക് നയിച്ചത്. കഴിഞ്ഞ രണ്ട് പ്രളയത്തിലും കൃഷി നശിച്ച ഔസേപ്പിന് സഹായമൊന്നും ലഭിച്ചില്ലെന്ന് ബന്ധുക്കള്‍ പറയുന്നു. സര്‍ക്കാരിന്‍റെ വീഴ്ചയാണ് ഇത് തുറന്നുകാട്ടുന്നതെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.

പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് പൊതു സമൂഹത്തില്‍ നിന്നും മുഖ്യമന്ത്രിയുടെ ദുരിതാശ്വസ നിധിയിലേക്ക് ലഭിച്ച തുകയില്‍ 2,200 കോടി രൂപയോളം ചെലവഴിക്കപ്പെടാതെ കിടക്കുമ്പോഴാണ് കര്‍ഷകര്‍ക്ക് വീണ്ടും ആത്മഹത്യ ചെയ്യേണ്ടി വരുന്നത്. പ്രളയ പുനരധിവാസത്തിനായി ലോക ബാങ്കില്‍ നിന്ന് ലഭിച്ച 1,750 കോടി രൂപ വകമാറ്റി ചെലവഴിക്കുകയും ചെയ്തു. ഇങ്ങനെ പ്രളയ പുനരധിവാസ പ്രവര്‍ത്തനത്തില്‍ സര്‍ക്കാര്‍ പൂര്‍ണമായും പരാജയപ്പെട്ടിരിക്കുകയാണ്.

കാര്‍ഷിക വായ്പകള്‍ക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ച മൊറട്ടോറിയം ഫലപ്രദമായിട്ടില്ലെന്ന് ഒരിക്കല്‍ക്കൂടി തെളിഞ്ഞിരിക്കുകയാണ്. മൊറട്ടോറിയത്തിന്‍റെ കാലാവധി കഴിഞ്ഞിട്ടില്ലെങ്കിലും ബാങ്കുകള്‍ ജപ്തി നടപടികളുമായി മുന്നോട്ട് പോവുകയാണ്. മൊറട്ടോറിയം ഫലപ്രദമായി നടത്തിയെടുക്കാനും സര്‍ക്കാരിന് കഴിയാതെ പോയി. കര്‍ഷക ആത്മഹത്യകള്‍ നിലയ്ക്കാത്തതിന് കാരണം സര്‍ക്കാരിന്‍റെ കാര്യക്ഷമതയില്ലായ്മയും പിടിപ്പുകേടുമാണ്. ആത്മഹത്യചെയ്ത കര്‍ഷകന്‍റെ മകനുമായി രമേശ് ചെന്നിത്തല ഫോണില്‍ സംസാരിച്ചു. ഈ കുടുംബത്തിന് അടിയന്തരമായി സഹായമെത്തിക്കണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.