കൊല്ലത്ത് കള്ളവോട്ട്: പ്രതിഷേധവുമായി വോട്ടര്‍മാര്‍; പ്രേമചന്ദ്രന് വോട്ട് വീഴുന്നില്ലെന്നും ആക്ഷേപം

Jaihind Webdesk
Tuesday, April 23, 2019

കൊല്ലം: സംസ്ഥാനത്ത് വോട്ടെടുപ്പ് ആദ്യമണിക്കൂര്‍ പിന്നിടുമ്പോള്‍ കനത്ത പോളിങാണ് രേഖപ്പെടുത്തിയിരിക്കുന്നത്. പലയിടത്ത് നിന്നും വോട്ടിംഗ് യന്ത്രങ്ങളുടെ തകരാറ് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്. അതിനിടെ കൊല്ലത്ത് കളളവോട്ട് നടന്നതായും പരാതി ഉയര്‍ന്നിരിക്കുന്നു. മാടന്‍നട സ്വദേശിനിയായ മഞ്ജു വോട്ട് ചെയ്യാന്‍ എത്തിയപ്പോഴാണ് കളളവോട്ട് നടന്നിരിക്കുന്നതായി കണ്ടെത്തിയത്.

മഞ്ജു വോട്ട് ചെയ്യാന്‍ എത്തിയപ്പോള്‍ വോട്ട് മറ്റാരോ ചെയ്തു എന്ന് ബൂത്തിലെ പോളിംഗ് ഓഫീസര്‍ അറിയിക്കുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ട്. ഇതോടെയാണ് ബൂത്തില്‍ കളളവോട്ട് നടന്നിട്ടുണ്ട് എന്നത് വ്യക്തമായത്. കളളവോട്ട് കണ്ടെത്തിയതിനെ തുടര്‍ന്ന് പോളിംഗ് ബൂത്തില്‍ ആളുകള്‍ പ്രതിഷേധിച്ചു.

കൊല്ലം ലോക്സഭാ മണ്ഡലത്തിലെ പട്ടത്താനം സ്‌കൂളിലെ അന്‍പതാം നമ്പര്‍ ബൂത്തിലാണ് കളളവോട്ട് നടന്നത്. ആളുകളുടെ പ്രതിഷേധത്തെ തുടര്‍ന്ന് ബാലറ്റില്‍ വോട്ട് ചെയ്യാന്‍ അനുവദിക്കാം എന്ന് പ്രിസൈഡിംഗ് ഓഫീസര്‍ വ്യക്തമാക്കി. കളളവോട്ട് നടന്നുവെന്നത് ഗുരുതരമാണെന്ന് കൊല്ലം കളക്ടര്‍ പ്രതികരിച്ചു. സംഭവം പരിശോധിക്കുമെന്നും കളക്ടര്‍ പറഞ്ഞു.

കളളവോട്ട് ചെയ്ത് മുങ്ങിയ ആളെ പൊക്കാന്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
കൊല്ലത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥി എന്‍കെ പ്രേമചന്ദ്രന്റെ പേരിന് നേരെയുളള ബട്ടണ്‍ അമരുന്നില്ല എന്ന് നേരത്തെ പരാതി ഉയര്‍ന്നിരുന്നു. പരവൂര്‍ നഗരസഭയിലെ പാറിയില്‍ക്കാവ് വാര്‍ഡില്‍ എണ്‍പത്തി ഒന്നാം നമ്പര്‍ ബൂത്തിലാണ് പ്രേമചന്ദ്രന്റെ പേരിന് നേരെയുളള ബട്ടണ്‍ പ്രവര്‍ത്തിക്കുന്നില്ല എന്ന പരാതി ഉയര്‍ന്നത്. അതിന് പിന്നാലെയാണ് കളളവോട്ട് നടക്കുന്നു എന്ന ആരോപണവും ഉയര്‍ന്നിരിക്കുന്നത്.