വനിതാപ്രവർത്തകരെപ്പോലും ക്രൂരമായി തല്ലിച്ചതച്ചു ; അക്രമത്തിന് പിന്നില്‍ പൊലീസിലെ ശിവരഞ്ജിത്തുമാരെന്ന് കെ.എസ്.യു

Jaihind News Bureau
Thursday, February 18, 2021

 

തിരുവനന്തപുരം : സെക്രട്ടേറിയറ്റ് മാർച്ച് നടത്തിയ കെ.എസ്.യു പ്രവർത്തകരുടെ തലതല്ലിപ്പൊളിച്ചത് പൊലീസിലെ ശിവരഞ്ജിത്തുമാരെന്ന് കെ.എസ്‌‌.യു സംസ്ഥാന അധ്യക്ഷൻ കെ.എം അഭിജിത്ത്. നെയിം ബോര്‍ഡ് മാറ്റിയവരാണ് സമരക്കാർക്കെതിരെ ക്രൂര മർദനം അഴിച്ചുവിട്ടത്. സമരത്തെ ചോരയിൽ മുക്കിക്കൊല്ലാനാണ് മുഖ്യമന്ത്രിയുടെ ശ്രമം. നെയിംബോർഡ് ഇല്ലാത്ത പോലീസുകാരാണ് ക്രൂരമായ അക്രമം അഴിച്ചുവിട്ടത്. പിണറായിയുടെ ധാർഷ്ട്യത്തിന് മുന്നിൽ മുട്ടുമടക്കില്ല. നാളെ സംസ്ഥാന വ്യാപകമായി കെ.എസ്.യു പ്രതിഷേധിക്കുമെന്നും കെ.എം അഭിജിത്ത് പറഞ്ഞു.

പൊലീസ് അതിക്രമത്തില്‍ നിരവധി പ്രവർത്തകർക്ക് തലയ്ക്ക് പരിക്കേറ്റു. വനിതാപ്രവർത്തകർക്കുനേരെയും പുരുഷ പൊലീസുകാരുടെ ആക്രമണം ഉണ്ടായി. അസഭ്യം പറയുകയും ലാത്തി കൊണ്ട് വനിതാപ്രവർത്തകരുടെ വയറ്റില്‍ കുത്തുകയും ചെയ്തതായി പ്രവർത്തകർ പരാതിപ്പെട്ടു.

തലയ്ക്ക് അടിക്കരുതെന്ന നിർ‌ദേശം മറികടന്നായിരുന്നു ലാത്തിച്ചാർ‌ജ്. നേതാക്കളെ പൊലീസ് തെരഞ്ഞുപിടിച്ച് ആക്രമിക്കുകയായിരുന്നു. കെ.എസ്.യു സംസ്ഥാന ഉപാധ്യക്ഷന്മാരായ നബീല്‍ കല്ലമ്പലം, സ്നേഹ, എന്‍.എസ്.യു ദേശീയ കോർഡിനേറ്റർ എറിക് സ്റ്റീഫന്‍ എന്നിവർക്ക് തലയ്ക്ക് ഗുരുതര പരിക്കേറ്റു. സെക്രട്ടേറിയറ്റിന് മുന്നില്‍ ഇപ്പോഴും സംഘർഷാവസ്ഥ തുടരുകയാണ്.