ദുരന്തമുണ്ടായതോടെ വീണ്ടും ഉണർന്ന് ഗതാഗതവകുപ്പ്; സ്‌കൂൾ വാഹനങ്ങളിൽ പരിശോധന ശക്തമാക്കും

Jaihind News Bureau
Thursday, February 6, 2020

സ്‌കൂൾ ബസിൽ നിന്ന് തെറിച്ച് വീണ് വിദ്യാർഥി മരിച്ച സാഹചര്യത്തിൽ സ്‌കൂൾ വാഹനങ്ങളിൽ പരിശോധന ശക്തമാക്കാൻ ഗതാഗതവകുപ്പ് എൻഫോഴ്‌സ്‌മെന്‍റ് വിഭാഗത്തിന്‍റെ തീരുമാനം. ഇതിന്‍റെ ഭാഗമായി മലപ്പുറം ജില്ലയിലെ മുഴുവൻ താലൂക്കുകളിലെയും സ്‌കൂൾ ബസ്സുകളിൽ പരിശോധന തുടങ്ങി. സ്‌കൂൾ വാഹന പരിശോധന എൻഫോഴ്‌സ്‌മെൻറിന്‍റെ ദൈനംദിന ജോലിയുടെ ഭാഗമാക്കാനാണ് അധികൃതരുടെ ശ്രമം.

മോട്ടോർ വാഹന ഇൻസ്‌പെക്ടർമാരുടെ നേതൃത്വത്തിൽ ശക്തമായ വാഹന പരിശോധന തുടങ്ങിയത്. അടുത്ത മൂന്ന് ദിവസങ്ങളിൽ പരിശോധന തുടരും. എൻഫോഴ്‌സ്‌മെൻറ് ഉദ്യോഗസ്ഥർ ജില്ലയിലെ സ്‌കൂളുകളിൽ നേരിട്ട് ചെല്ലുകയും രക്ഷിതാക്കളോടും വിദ്യാർത്ഥികളോടും സ്‌കൂൾ വാഹനം സംബന്ധിച്ച പരാതികൾ അന്വേഷിക്കുകയും ചെയ്യാനും തീരുമാനിച്ചു.

ശേഷം ജില്ലയിലെ സ്‌കൂൾ വാഹനങ്ങളുടെ സ്ഥിതി സംബന്ധിച്ച് വിദ്യാഭ്യാസ വകുപ്പിന് റിപ്പോർട്ട് നൽകും. വ്യാപക ക്രമക്കേടുകളാണ് ആദ്യ ദിവസത്തെ പരിശോധനയിൽ കണ്ടെത്താനായത്.

എന്നാൽ വാഹനം കൈകാര്യം ചെയ്യുന്നത് സംബന്ധിച്ച് ഫണ്ടുകളുടെ അഭാവമടക്കം സ്‌കൂളുകൾ നിരവധി പ്രശ്‌നങ്ങളാണ് നേരിടുന്നത്. ഇത് ശ്രദ്ധയിൽ പെട്ടിട്ടുണ്ടെങ്കിലും വിട്ടുവീഴ്ച ചെയ്യാനാകില്ലെന്ന നിലപാടിലാണ് മോട്ടോർ വാഹന വകുപ്പ്. പൊലീസ്, പി ടി എ, വിദ്യാഭ്യാസ വകുപ്പ് എന്നിവരുമായി ആലോചിച്ച് പരിഹാരം കാണാനാണ് ഉദ്യോഗസ്ഥരുടെ ശ്രമം