തിരുവനന്തപുരം ജില്ലയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു

Jaihind News Bureau
Tuesday, March 24, 2020

തിരുവനന്തപുരം ജില്ലയിൽ ജില്ലാ കളക്ടർ കെ.ഗോപാലകൃഷ്ണൻ നിരോധനാജ്ഞ പ്രഖ്യാപിച്ചു . ലോകമെമ്പാടും കോവിഡ് – 19 രോഗബാധ പടരുന്ന സാഹചര്യത്തിൽ ജില്ലയിൽ രോഗ സാധ്യത നിയന്ത്രിക്കുന്നതിന്‍റെ ഭാഗമായാണ് തീരുമാനം. ജില്ലാ ഭരണകൂടത്തിന്റെ ജാഗ്രതാ നിർദ്ദേശങ്ങൾ പാലിക്കാതെ ജനങ്ങൾ പുറത്തിറങ്ങി നടക്കുന്നത് ശ്രദ്ധയിൽപ്പെട്ടതായി കളക്ടറുടെ നേതൃത്വത്തിൽ ചേർന്ന അവലോകന യോഗത്തിൽ നിരീക്ഷിച്ചു. ക്വാറന്‍റെെനിൽ ഉള്ള ചില വ്യക്തികളും നിർദ്ദേശങ്ങൾ പാലിക്കുന്നില്ലെന്ന് കളക്ടർ അറിയിച്ചു.

നിരോധനാജ്ഞയുടെ പശ്ചാത്തലത്തിൽ പൊതുയിടങ്ങളിൽ അഞ്ച് പേരിൽ കൂടുതൽ കൂട്ടം കൂടുന്നതിന് വിലക്ക് ഏർപ്പെടുത്തി. പൊതുസമ്മേളനങ്ങൾ ആഘോഷങ്ങൾ എന്നിവ നടത്താൻ പാടുള്ളതല്ല. ഇത്തരത്തിലുള്ളവ ശ്രദ്ധയിൽപ്പെട്ടാൽ കർശന നടപടിയുണ്ടാകും. പൊതുഗതാഗതം പൂർണ്ണമായും റദ്ദാക്കി. പ്രൈവറ്റ് ബസുകളും സർവീസ് നടത്തില്ല . ആംബുലൻസ്, മരുന്നുകൾ, അവശ്യവസ്തുക്കൾ എന്നിവ കൊണ്ടു പോകുന്ന വാഹനങ്ങൾക്ക് തടസ്സമുണ്ടാകില്ല. പാൽ, പച്ചക്കറി, പഴവർഗ്ഗങ്ങർ, മരുന്ന്, ഭക്ഷ്യവസ്തുക്കൾ, ബേക്കറി, കാലിതീറ്റ തുടങ്ങിയവ വിൽക്കുന്ന കടകൾ രാവിലെ ഏഴു മണി മുതൽ വൈകുന്നേരം അഞ്ചു വരെ പ്രവർത്തിക്കാവുന്നതാണ്. ഇവിടങ്ങളിൽ ഒരു മീറ്റർ അകലത്തിൽ വരിയായ നിൽക്കണമെന്നാണ് നിർദ്ദേശം.
എ.ടി.എം, മാധ്യമങ്ങൾ, ടെലി കമ്മ്യൂണിക്കേഷൻ, പോസ്റ്റൽ സർവ്വീസ് മുതലായവയ്ക്കും പെട്രോള്‍ പമ്പ്, മാലിന്യം നീക്കം ചെയ്യുന്ന വാഹനനങ്ങൾ എന്നിവയ്ക്കും തടസ്സമുണ്ടാകില്ല. ബസ് സ്റ്റാൻന്‍റ്, റെയിവേ സ്റ്റേഷൻ , വിമാനത്താവളം എന്നിവടങ്ങളിൽ ചരക്ക് നീക്കം മാത്രം നടത്തും.

സ്വകാര്യ സ്ഥാപനങ്ങൾ, ഫാക്ടറികൾ, വർക്ക്ഷോപ്പ്, ഗോഡൗൺ എന്നിവയ്ക്കും വിലക്ക് ബാധകമാണ്. സെക്രട്ടേറിയറ്റ്, കളക്ട്രേറ്റ്, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, പൊലീസ്, അഗ്നി ശമന സേന, ആരോഗ്യ വകുപ്പ്, സിവിൽ സപ്ലൈസ് , ജലവിതരണം, വൈദ്യുതി തുടങ്ങിയവയെ ഒഴിവാക്കിയിട്ടുണ്ട്. മത്സ്യ ലേലം ഉൾപ്പെടെ അഞ്ച് പേരിൽ കൂടുതൽ ഉൾപ്പെടുന്ന എല്ലാ ലേലങ്ങളും റദ്ദാക്കണം.

കൂടാതെ ക്വാറന്‍റെെനിൽ ഉള്ളവർ കർശനമായി വീട്ടിൽ ഇരിക്കണം. മാർച്ച് പത്തിന് ശേഷം ജില്ലയിൽ എത്തിയവർ ജില്ലാ ഭരണകൂടത്തെ വിവരം അറിയിക്കണം , വീഴ്ച്ച വരുത്തുന്നവർക്ക് എതിരെ നിയമ നടപടി ഉണ്ടാക്കുമെന്നും കളക്ടർ അറിയിച്ചു.