പോലീസിന്‍റെ ഡാറ്റാബേസില്‍ സി.പി.എം നിയന്ത്രണത്തിലുള്ള സൊസൈറ്റിക്ക് സമ്പൂർണ സ്വാതന്ത്ര്യം; ഗുരുതര സുരക്ഷാ വീഴ്ച

Jaihind Webdesk
Monday, November 11, 2019

സംസ്ഥാന പൊലീസിന്‍റെ ഡാറ്റാ ബേസ് സി.പി.എം നിയന്ത്രണത്തിലുള്ള കോഴിക്കോട്ടെ ഊരാളുങ്കൽ സൊസൈറ്റിക്കായി തുറന്നുകൊടുത്ത് ആഭ്യന്തര വകുപ്പ്. അതീവ രഹസ്യ സ്വഭാവമുള്ള ഫയലുകൾ ഉള്‍പ്പെടെ കൈകാര്യം ചെയ്യുന്ന ഡാറ്റാ ബേസില്‍ ഊരാളുങ്കല്‍ സൊസൈറ്റിക്ക് സമ്പൂര്‍ണ സ്വാതന്ത്ര്യം അനുവദിച്ചത്. ഇതിന് പിന്നില്‍ വഴിവിട്ട നീക്കങ്ങളാണ് നടന്നത്.  ഇത് ഗുരുതര സുരക്ഷാ വീഴ്ചയാണെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

സംസ്ഥാനത്തെ വന്‍കിട പൊതുമരാമത്ത് നിർമാണങ്ങള്‍ ഊരാളുങ്കല്‍ സൊസൈറ്റിക്ക് ക്രമംവിട്ട് നല്‍കിയതിന് പിന്നാലെയാണ് ദേശസുരക്ഷയെ തന്നെ നേരിട്ട് ബാധിക്കുന്ന വിവരങ്ങള്‍ അറിയാനുള്ള സ്വാതന്ത്ര്യം ഊരാളുങ്കല്‍ സൊസൈറ്റിക്ക് ലഭിച്ചിരിക്കുന്നത്. പാസ്പോർട്ട് അപേക്ഷാ പരിശോധനയ്ക്കുളള സോഫ്റ്റ്‍വെയറിന്‍റെ നി‍ർമാണവുമായി ബന്ധപ്പെട്ടാണ് പൊലീസിന്‍റെ ഡാറ്റാ ബേസ് ഊരാളുങ്കൽ സൊസൈറ്റിക്ക് തുറന്നുകൊടുത്തുകൊണ്ട് ഉത്തരവായത്. ഇതുസംബന്ധിച്ച് ഒക്ടോബ‍ർ 29 നാണ് ഡി.ജി.പി ലോക്നാഥ് ബെഹ്റയുടെ ഉത്തരവ് പുറത്തിറങ്ങിയത്. സാമ്പിൾ ഡാറ്റ ഉപയോഗിച്ച് സ്വകാര്യ കമ്പനികൾ ചെയ്യുന്ന പ്രവർത്തനങ്ങള്‍ക്കായാണ് സി.പി.എം നിയന്ത്രണത്തിലുള്ള സൊസൈറ്റിക്ക് സമ്പൂര്‍ണ സ്വാതന്ത്ര്യം അനുവദിച്ചിരിക്കുന്നത്.

അതീവ രഹസ്യ സ്വഭാവമുള്ളതും പ്രധാന്യമുളളതുമായ ക്രൈം ആന്‍റ് ക്രിമിനൽ ട്രാക്കിംഗ് നെറ്റ്‍വർക്ക് സംവിധാനത്തിലെ എല്ലാ വിവരങ്ങളും പരിശോധിക്കാനുള്ള പൂർണ സ്വാതന്ത്ര്യമാണ് ഊരാളുങ്കല്‍ സൊസൈറ്റിക്ക് നല്‍കിയിരിക്കുന്നത്. ഇതോടെ ഉന്നത പൊലീസ് ഉദ്യോഗസ്ഥർ മുതൽ കുറ്റവാളികൾ വരെയുളളവരുടെ മുഴുവൻ വിശദാംശങ്ങളും ഊരാളുങ്കല്‍ സൊസൈറ്റിയുടെ സോഫ്റ്റ്‍വെയറർ  ടീമിന് വിരല്‍ത്തുമ്പില്‍ ലഭ്യമാക്കാന്‍ കഴിയും. കൂടാതെ സംസ്ഥാന പൊലീസിന്‍റെ സൈബർ സുരക്ഷാ മുൻകരുതൽ മറികടന്ന് ഡാറ്റാ ബേസിൽ പ്രവേശിക്കാനുളള അനുവാദവും ഊരാളുങ്കലിനുണ്ട്. ഇത് അതീവ ഗുരുതരമാണ്.

അതേസമയം സോഫ്റ്റ്‍വെയര്‍ നിർമാണ ചുമതല  ഊരാളുങ്കൽ സൈസൈറ്റിക്ക് നല്‍കിയത്  ചട്ടങ്ങളും മാനദണ്ഡങ്ങളും മറികടന്നാണെന്നും വ്യക്തമായിട്ടുണ്ട്. നവംബര്‍ രണ്ടിനാണ് പദ്ധതിയെക്കുറിച്ച് പഠിക്കാന്‍ സമിതിയെ നിയോഗിച്ചത്. എന്നാല്‍ ഒക്ടോബർ 25ന് തന്നെ ഊരാളുങ്കല്‍ സൊസൈറ്റി അപേക്ഷ നല്‍കി. നാല് ദിവസങ്ങള്‍ക്കുള്ളില്‍ത്തന്നെ ഇവർക്ക് അനുമതി നല്‍കിക്കൊണ്ട് ഡി.ജി.പി ഉത്തരവിടുകയായിരുന്നു. സംസ്ഥാനത്തെ മുഴുവൻ പൊലീസ് വിവരങ്ങളും ഊരാളുങ്കൽ സൊസൈറ്റിക്ക് കിട്ടുന്ന തരത്തില്‍ സമ്പൂര്‍ണ സ്വാതന്ത്ര്യം അനുവദിച്ചത് ഗുരുതര സുരക്ഷാ വീഴ്ചയാണെന്ന് സൈബര്‍ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

സി.പി.എം നേതാക്കള്‍ക്ക് പോലീസിലെ സമ്പൂര്‍ണ വിവരങ്ങള്‍ ലഭ്യമാക്കാനുള്ള അവസരമാണ് ഇതോടെ ലഭിക്കുന്നത്. ഇക്കാര്യത്തില്‍ പോലീസ് സേനയിലെ ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ അടക്കമുള്ളവർക്ക് കടുത്ത അമർഷമുണ്ട്.