ബെഹ്റയ്ക്ക് ചുവപ്പ് പരവതാനി വിരിച്ച് എന്‍.ഐ.യിലേക്ക് കടത്തുന്നു

Jaihind News Bureau
Wednesday, February 19, 2020

തിരുവനന്തപുരം : സി.എ.ജി റിപ്പോർട്ടിലെ പൊലീസിനെതിരേയുള്ള ഗുരുതര ആരോപണങ്ങൾക്ക് പിന്നാലെ പ്രതിപക്ഷം സമ്മർദ്ദം ശക്തമാക്കിയതോടെ ഗത്യന്തരമില്ലാതെ ലോക്‌നാഥ് ബെഹ്‌റയെ മാറ്റി നിർത്താൻ ഒരുങ്ങി സർക്കാർ. ബെഹ്‌റയെ ഇനി സംരക്ഷിച്ചാൽ രാജ്യത്ത് ഒരിടത്ത് മാത്രം പേരിന് അവശേഷിക്കുന്ന പാർട്ടിക്ക് കേരളം കൂടി നഷ്ടമാകുമെന്ന ഭയം ശക്തമായതിനെ തുടർന്ന് പാർട്ടിക്കുള്ളിലും മുഖ്യമന്ത്രിക്കെതിരെ കടുത്ത അഭിപ്രായഭിന്നത ഉയർന്നതായാണ് സൂചന. അതേസമയം എൻ.ഐ.എയിലേക്ക് മടങ്ങുന്ന ബെഹ്‌റക്ക് പകരം സംസ്ഥാന ഡി.ജി.പി ആരാകും എന്നതാണ് പാർട്ടിയെയും സർക്കാരിനെയും കുഴക്കുന്ന പുതിയ ചോദ്യം.

എൻ.ഡി.എ സർക്കാരിനും സംസ്ഥാന മുഖ്യമന്ത്രി പിണറായി വിജയനും ഒരുപോലെ സമ്മതനായ ഡി.ജി.പി ലോക്നാഥ് ബെഹ്റ എൻ.ഐ.എയിലേക്ക് മടങ്ങാൻ ഒരുങ്ങുന്നതായാണ് സൂചന. ഇത് സംബന്ധിച്ച ഫയൽ മുഖ്യമന്ത്രിയുടെ മേശപ്പുറത്ത് അവസാനവട്ട തീരുമാനങ്ങൾക്കായി കാത്തിരിക്കുകയാണ്. സി.എ.ജി പുറത്തുവിട്ട ഗുരുതര ആരോപണങ്ങളും അതിന് പിന്നാലെ തുടരെ തുടരെ വരുന്ന അഴിമതി ആരോപണങ്ങളും മുൻനിർത്തി പ്രതിപക്ഷം പ്രതിഷേധം ശക്തമാക്കിയതിനെ തുടർന്നാണ് മുഖ്യമന്ത്രി തീരുമാനം മാറ്റാൻ തയാറാകുന്നത്. ബെഹ്‌റ എൻ.ഐ.എ യിൽ ഉദ്യോഗസ്ഥനായിരുന്ന കാലത്താണ് ഗുജറാത്ത് കലാപത്തിന്‍റെ ഭാഗമായ ഇസ്രത്ത് ജഹാൻ കൊലക്കേസിൽ അമിത് ഷായേയും നരേന്ദ്ര മോദിയേയും സംരക്ഷിക്കുന്ന തരത്തിൽ റിപ്പോർട്ട് തയാറാക്കിയതെന്നും അതിന്‍റെ പ്രത്യുപകാരമായി മോദിയുടെ ശുപാർശയിൽ ലഭിച്ചതാണ് ഇപ്പോഴത്തെ ഡി.ജി.പി സ്ഥാനമെന്നും നേരത്തെ തന്ന ആരോപണം ഉയർന്നിരുന്നു.

തിരകളും റൈഫിളുകളും കാണാതായത് മുതൽ പോലീസിനെ മൊത്തത്തിൽ സ്വകാര്യ കമ്പനികൾക്ക് ലാഭം ഉണ്ടാക്കി കൊടുക്കാനുള്ള നീക്കങ്ങളും കോടിക്കണക്കിന് രൂപ പല പദ്ധതികളിലായി വക മാറ്റി ചിലവാക്കിയതും അടക്കം നിരവധി ആരോപണങ്ങളാണ് ബെഹ്‌റക്ക് നേരെ ഒന്നിന് പുറകെ ഒന്നായി ദിവസവും പുറത്ത് വരുന്നത്. താഴേത്തട്ടിലുള്ള പോലീസ് ഉദ്യോഗസ്ഥർക്ക് ക്വാർട്ടേഴ്‌സ് പണിയേണ്ട തുക എടുത്ത് ഉന്നത പോലീസ് ഉദ്യോഗസ്ഥർക്ക് വില്ല പണിഞ്ഞത് പോലീസുകാർക്കിടയിൽ ബെഹ്‌റക്കെതിരെ കടുത്ത അതൃപ്തിക്കിടയാക്കിയിട്ടുണ്ട്. മാവോയിസ്റ്റ് വേട്ടമുതൽ അലൻ താഹ കേസ് വരെ നിരവധി വിഷയങ്ങളിൽ പാർട്ടിക്കുള്ളിൽ ബെഹ്‌റയുടെയും കേന്ദ്രസർക്കാരിന്‍റെയും നയങ്ങൾക്കൊത്ത് ചുവട് വെക്കുന്ന മുഖ്യനെതിരെ കടുത്ത അഭിപ്രായ ഭിന്നതകൾ ഉയർന്നിരുന്നു. അതിന് പിന്നാലെ ആണ് സി.എ.ജി റിപ്പോർട്ടും പുറത്ത് വരുന്നത്.

അതേസമയം ബെഹ്‌റയെ സംരക്ഷിക്കുന്ന കേന്ദ്ര നിലപാട് കേരളത്തിലെ ബി.ജെ.പി നേതൃത്വത്തിനെയും ഉത്തരം മുട്ടിക്കുന്നുണ്ട്. ഒടുവിൽ സമവായമെന്നോണം ബെഹ്‌റയെ പഴയ തട്ടകമായ എൻ.ഐ.യിലേക്ക് തിരികെ വിളിക്കാൻ ഒരുങ്ങുന്നതായി ആണ് സൂചന. എന്നാൽ ബെഹ്‌റക്ക് പകരം ആരെ ഡി.ജി.പി ആക്കണം എന്നതും സർക്കാരിന് വലിയ തലവേദനയാണ്. സീനിയോറിറ്റി അനുസരിച്ച് നിലവിൽ ഇന്‍റലിജൻസ് ഡി.ജി.പി ഹേമചന്ദ്രനും ജയിൽ എ.ഡി.ജി.പിയായിരിക്കുന്ന ഋഷിരാജ് സിംഗും, എ.ഡി.ജി.പി ശ്രീലേഖ ഐ.പി.സും ലിസ്റ്റിലുണ്ടെങ്കെിലും സർക്കാരിന്‍റെയും പാർട്ടിയുടെയും വഴിവിട്ട നയങ്ങൾക്ക് ഇവർ കൂട്ട് നിൽക്കുമോ എന്നാണ് സംശയം. അങ്ങനെയായാൽ സിനീയോറിറ്റി മറി കടന്ന് ഇപ്പോഴത്തെ ആരോപണങ്ങളിൽ നിന്ന് സർക്കാരിനെ രക്ഷിക്കാൻ കച്ചകെട്ടി ഇറങ്ങിയിരിക്കുന്ന എ.ഡി.ജി.പി ടോമിൻ ജെ തച്ചങ്കരിയെ പോലീസ് മേധാവി ആക്കിയാലും അത്ഭുതപ്പെടാനില്ല. ഇതൊക്കയാണെങ്കിലും എൻ.ഐ.യിലേക്ക് പോകുന്ന ബെഹ്‌റ കേന്ദ്രത്തിന്‍റെയും കേരളത്തിന്‍റെയും സംരക്ഷണത്തിൽ തന്നെയാകും ഇനിയും. ലാവ്‌ലിൻ പോലെ ഡെമോക്ലീസിന്‍റെ വാളായി പിണറായിയുടെ തലയ്ക്ക് മുകളിൽ തൂങ്ങുന്ന നിരവധി വിഷയങ്ങളിൽ പ്രത്യുപകാരമായി കേന്ദ്രം പിണറായിക്കും സംരക്ഷണം ഒരുക്കുകയും ചെയ്യുമെന്നും വിമർശകർ ചൂണ്ടിക്കാട്ടുന്നു.