അനില്‍ അംബാനിക്കും നീരവ് മോദിക്കും കോടികള്‍ നല്‍കിയ പ്രധാനമന്ത്രി കര്‍ഷകര്‍ക്ക് നല്‍കുമെന്ന് പറയുന്നത് 17 രൂപമാത്രം; ബിഹാറില്‍ മോദിക്കെതിരെ ആഞ്ഞടിച്ച് രാഹുല്‍ഗാന്ധി

webdesk
Sunday, February 3, 2019

പട്‌ന: ബിഹാറില്‍ കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്ക് തുടക്കമായി. പട്‌നയില്‍ സംഘടിപ്പിച്ച ഗംഭീര റാലിയോടെയും പൊതുസമ്മേളനത്തോടെയും പ്രചാരണത്തിന്റെ ഉദ്ഘാടനം കോണ്‍ഗ്രസ് ദേശിയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി നിര്‍വ്വഹിച്ചു.
നരേന്ദ്രമോദിയുടെ ഭരണപരാജയത്തിനും അഴിമതിക്കുമെതിര രൂക്ഷമായ ഭാഷയിലാണ് രാഹുല്‍ഗാന്ധിയുടെ വിമര്‍ശനും ഉണ്ടായത്.

കോടിക്കണക്കിന് രൂപ നീരവ് മോദിക്കും മെഹുല്‍ ചോക്‌സിക്കും അനില്‍ അംബാനിക്കും നല്‍കിയ പ്രധാനമന്ത്രി നരേന്ദ്രമോദി പാവപ്പെട്ട കര്‍ഷകര്‍ക്ക് നല്‍കുമെന്ന് വാഗ്ദാനം ചെയ്തിരിക്കുന്നത് 17 രൂപ മാത്രമാണ്. അതായത് ഒരുകുടുംബത്തിലെ ഒരാള്‍ക്ക് ലഭിക്കുന്നത് 3.5 രൂപ മാത്രം. മോദി ജനങ്ങളുടെ പോക്കറ്റില്‍ നിന്നും പണമെടുത്ത് മല്ല്യയെയും നീരവ് മോദിയെയും അനില്‍ അംബാനിയെയും പോലുള്ള തന്റെ സുഹൃത്തുക്കള്‍ക്ക് നല്‍കി. മോദി 15 ലക്ഷം നല്‍കുമെന്ന് പറഞ്ഞു. ജനങ്ങളുടെ പണം നഷ്ടമായതല്ലാതെ 15 ലക്ഷം കിട്ടിയോ? രാഹുല്‍ഗാന്ധി ചോദിച്ചു.

കാവല്‍ക്കാരനാകുമെന്ന് പറഞ്ഞ് പ്രധാനമന്ത്രിയായ മോദി ഫ്രാന്‍സിലേക്ക് പറന്ന് റഫേല്‍ ഇടപാടില്‍ മാറ്റം വരുത്തി. കോടികളുടെ അഴമതിയാണ് ഇതിലൂടെ മോദി നടത്തിയത്. കാവല്‍ക്കാരന്‍ കള്ളനാണെന്ന് രാഹുല്‍ഗാന്ധി ആവര്‍ത്തിച്ചു. ജനങ്ങള്‍ക്ക് തൊഴില്‍ നല്‍കുമെന്ന് പറഞ്ഞ് അധികാരത്തിലേറിയ ബി.ജെ.പി തൊഴില്‍നഷ്ടമാണ് സൃഷ്ടിച്ചത്.
സമ്മേളനത്തില്‍ മധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍നാഥ്, രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട്, ചത്തീസ്ഗഢ് മുഖ്യമന്ത്രി ഭുപേഷ് ഭാഗല്‍, ആര്‍.ജെ.ഡി നേതാവ് തേജസ്വി യാദവ്, ശരദ് യാദവ്, കോണ്‍ഗ്രസ് നേതാവ് മീരകുമാര്‍ തുടങ്ങിയവര്‍ ജനങ്ങളെ അഭിസംബോധന ചെയ്തു.