റെയിൽവേ ബോർഡിന്‍റെ നിർണായക യോഗം നാളെ ഡല്‍ഹിയില്‍

Jaihind News Bureau
Thursday, September 26, 2019

ട്രെയിൻ സർവീസുകളുടെ സ്വകാര്യവൽക്കരണം അതിവേഗത്തിലാക്കാൻ റെയിൽവേ ബോർഡിന്‍റെ നിർണായക യോഗം വെള്ളിയാഴ്ച ചേരും. റെയിൽവേ ബോർഡ് ട്രാഫിക് വിഭാഗം അംഗത്തിന്‍റെ അധ്യക്ഷതയിൽ പകൽ 11ന് ഡൽഹിയിലാണ് യോഗം.  ഏറ്റവും തിരക്കുള്ളതും റെയിൽവേയുടെ അഭിമാനവുമായ 28 പാതയാണ് സ്വകാര്യകമ്പനികൾക്ക് വിട്ടുകൊടുക്കുക. ഇതിൽ എറണാകുളം–തിരുവനന്തപുരം പാതയുമുണ്ട്.

ഡൽഹി, മുംബൈ, ചെന്നൈ, ഹൗറ, ബംഗളൂരു, ചണ്ഡീഗഢ്, സെക്കന്ദരാബാദ് നഗരങ്ങളെ ബന്ധിപ്പിക്കുന്ന സർവീസുകൾ അടക്കം സ്വകാര്യവൽക്കരിക്കും. ഈ പാതകളിൽ നിലവിൽ ഓടുന്ന ട്രെയിനുകളുടെയും വരുമാനത്തിന്‍റെയും വിശദാംശങ്ങൾ സഹിതം യോഗത്തിൽ ഹാജരാകണമെന്ന് റെയിൽവേ ബോർഡ് ചെയർമാൻ സോണുകളിലെ പ്രിൻസിപ്പൽ ചീഫ് ഓപ്പറേഷൻസ് മാനേജർമാരോട് നിർദേശിച്ചു. മധ്യ, ഉത്തര, ഉത്തര-മധ്യ, ദക്ഷിണ-പൂർവ, ദക്ഷിണ-മധ്യ, ദക്ഷിണ റെയിൽവേ സോണുകളിലെ ഓപ്പറേഷൻസ് ചുമതലയുള്ള ഉദ്യോഗസ്ഥരാണ് യോഗത്തിൽ പങ്കെടുക്കുക.

മോദി സർക്കാരിന്‍റെ നൂറുദിന കർമപരിപാടിയുടെ ഭാഗമായി റെയിൽവേമന്ത്രാലയം നിശ്ചയിച്ച പ്രകാരമാണ് സ്വകാര്യവൽക്കരണം. ലേലംവഴിയാണ് സ്വകാര്യകമ്പനികളെ നിശ്ചയിക്കുക. യാത്രാനിരക്ക് കമ്പനികൾക്ക് നിശ്ചയിക്കാം. മാനദണ്ഡംമാത്രം റെയിൽവേ ആവിഷ്‌കരിക്കും. ആവശ്യമായ ബോഗികളും എൻജിനുകളും കമ്ബനികൾ ആവശ്യപ്പെട്ടാൽ പാട്ടത്തിനു കൊടുക്കും.

https://www.youtube.com/watch?v=XE5pAP65-LI