ജെസ്‌നക്കായി തിരച്ചിൽ ഊർജിതമാക്കി ക്രൈംബ്രാഞ്ച്

Jaihind Webdesk
Friday, December 28, 2018

JesnaMaria

കോട്ടയം മുണ്ടക്കയത്തു നിന്ന് കാണാതായ ജെസ്‌നക്കായി തിരച്ചിൽ ഊർജിതമാക്കി ക്രൈംബ്രാഞ്ച് സംഘം. ജെസ്‌നയുടേതെന്ന് കരുതുന്ന സിസിടിവി ദൃശ്യങ്ങൾ കാണിച്ചു തെളിവുകൾ ശേഖരിക്കാനായി സംഘം മുണ്ടക്കയത്തെത്തി. ക്രൈംബ്രാഞ്ചിന്റെ മുപ്പതംഗ സംഘമാണ് ഇപ്പോൾ കേസന്വേഷിക്കുന്നത്.

കഴിഞ്ഞ മാർച്ച് 22നാണ് ജെസ്‌നയെ കാണാതാകുന്നത്. വിവിധ ഇടങ്ങളിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിൽ നിന്നും, മുണ്ടക്കയം ബസ് സ്റ്റാൻഡിലൂടെ ജെസ്‌നയെന്നു സംശയിക്കുന്ന പെൺകുട്ടി നടന്നു പോകുന്ന ദൃശ്യങ്ങൾ അന്വേഷണ സംഘത്തിനു ലഭിച്ചിരുന്നു. ഈ ദൃശ്യങ്ങൾ പഞ്ചായത്തംഗങ്ങളെ അടക്കം കാണിച്ചു തെളിവുകൾ ശേഖരിക്കാനാണു ക്രൈംബ്രാഞ്ച് സംഘം മുണ്ടക്കയത്തെത്തിയത്. പെൺകുട്ടി നടന്നു പോകുന്നതിനൊപ്പം ഒരു യുവാവും മറ്റൊരു സ്ത്രീയും സംശയാസ്പദമായി ഇതുവഴി കടന്നു പോകുന്നതായും ഒരു കാർ ഇറങ്ങി വരുന്നതായും ദൃശ്യങ്ങളിലുണ്ട്. ഇവർ ആരൊക്കെയാണന്നും ഈ വാഹനം ഏതാണന്നും കണ്ടെത്തുന്നതിനായാണു ദൃശ്യങ്ങൾ പഞ്ചായത്തംഗങ്ങളെ കാണിച്ചത്.
വാഹനം തിരിച്ചറിയുന്നതിന്റെ ഭാഗമായി ടൗണിലെ ഡ്രൈവർമാരെയും ദൃശ്യങ്ങൾ കാണിച്ചു. എന്നാൽ യുവാവും സ്ത്രീയും ആരാണ് എന്നതിനെപ്പറ്റി യാതൊരു സൂചനയും സംഘത്തിനു ലഭിച്ചില്ല. വാഹനം തിരിച്ചറിയാൻ ടൗണിലെ ഡ്രൈവർമാർക്കും കഴിഞ്ഞില്ല.

വാഹനത്തിന്റെ നമ്പർ വ്യക്തമല്ലാത്തതാണ് ഇതു തിരിച്ചറിയാനുള്ള തടസം. ദൃശ്യങ്ങളിൽ കണ്ട സ്ത്രീയും യുവാവും ആരാണെന്നും ഒപ്പം ഇതു വഴി കടന്നു പോയ വാഹനവും തിരിച്ചറിഞ്ഞാൽ അന്വേഷണത്തിൽ കാര്യമായ പുരോഗതിയുണ്ടാകുമെന്നാണു ക്രൈംബ്രാഞ്ച് സംഘത്തിന്റെ വിലയിരുത്തൽ. നേരത്തെ ലോക്കൽ പോലീസ് അന്വേഷിച്ച ജെസ്‌ന തിരോധാനം ക്രൈംബ്രാഞ്ച് ഏറ്റെടുത്തിട്ട് ഒരു മാസം കഴിഞ്ഞു. ക്രൈംബ്രാഞ്ചിന്റെ മുപ്പതംഗ സംഘമാണ് ഇപ്പോൾ കേസന്വേഷിക്കുന്നത്.

teevandi enkile ennodu para