കടകംപള്ളിക്കെതിരായ കേസുകള്‍ 24, വാറണ്ട് 12, MLAമാരായ ഷംസീറിനും സി.കെ. ശശീന്ദ്രനുമെതിരെ 15കേസുകള്‍; കേസില്‍ പ്രതികളായ ജനപ്രതിനിധികളില്‍ CPM മുന്നില്‍

Jaihind Webdesk
Wednesday, December 5, 2018

തിരുവനന്തപുരം: വിവിധ കേസുകളില്‍ പ്രതികളായവരില്‍ സി.പി.എം ജനപ്രതിനിധികള്‍ മുന്നില്‍.
ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ പേരില്‍ 24 കേസുകളാണ് നിലവിലുള്ളത്. 12 എണ്ണത്തിന് വാറന്റുണ്ട്. ഇതില്‍ പിടികിട്ടാപ്പുള്ളിയെന്ന റിപ്പോര്‍ട്ട് പോലും പൊലീസ് നല്‍കിയിട്ടുണ്ട്. മന്ത്രി ഇ.പി ജയരാജന്റെ പേരിലും കേസുകള്‍ നിലവിലുണ്ട്. കൂടാതെ എംഎല്‍എമാരായ സി.കെ. ശശീന്ദ്രന്‍, എ.എന്‍. ഷംസീര്‍, ആന്റണി ജോണ്‍ എന്നിവര്‍ക്കെതിരെ 15ലേറെ കേസുകളാണ് നിലവിലുള്ളത്. എം.സ്വരാജ്, സി ദിവാകരന്‍ എന്നിവരൊക്കെ വിവിധ കേസുകളില്‍ പ്രതികളാണ്. മന്ത്രി എം.എം. മണി, എം.എല്‍.എമാരായ എം. നൗഷാദ്, ടി.വി. രാജേഷ് എന്നിവര്‍ക്കെതിരെ വധക്കേസുണ്ട്.

കഴിഞ്ഞദിവസം പൊതുമുതല്‍ നശിപ്പിച്ച കേസില്‍ ടിവി.രാജേഷ് എം.എല്‍.എക്കെതിരെ കോടതി ജാമ്യമില്ലാ അറസ്റ്റ് വാറണ്ടും ജപ്തി വാറണ്ടും പുറപ്പെടുവിച്ചത്. തിരുവനന്തപുരം ജുഡീഷ്യല്‍ ഒന്നാം ക്ലാസ്സ് മജിസ്ട്രേട്ട് കോടതിയുടേതാണുത്തരവ്. മാര്‍ച്ച് 23നകം എംഎല്‍എയെ അറസ്റ്റ് ചെയ്ത് ഹാജരാക്കാന്‍ മജിസ്‌ട്രേട്ട് ജി.എസ്.മിഥുന്‍ ഗോപി മ്യൂസിയം സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറോട് ഉത്തരവിട്ടു. എം.എല്‍.എയുടെ പേരിലുള്ള സ്ഥാവരജംഗമ വസ്തുക്കള്‍ ജപ്തി ചെയ്യാന്‍ വില്ലേജ് ഓഫീസര്‍ക്കും കോടതി നിര്‍ദ്ദേശം നല്‍കുകയിരിക്കുകയാണ്. 2011 ല്‍ പൊതുമുതല്‍ നശിപ്പിച്ച കേസിലാണ് ടി.വി. രാജേഷിനെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരിക്കുന്നത്. തുടര്‍ച്ചയായി ഹാജരാകാത്തതിനാലാണ് കോടതി അറസ്റ്റ് വാറണ്ടും ജപ്തി വാറണ്ടും പുറപ്പെടുവിച്ചത്. മ്യൂസിയം എസ് ഐ വാറണ്ടുത്തരവ് നടപ്പാക്കാത്തതിനാല്‍ കോടതി മ്യൂസിയം സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറോട് പ്രതിയെ അറസ്റ്റ് ചെയ്യാന്‍ ഉത്തരവിട്ടിരിക്കുകയാണ്.
മുമ്പ് കടകംപള്ളി സുരേന്ദ്രനെതിരായ വാറണ്ടുകള്‍ മടക്കിയപ്പോള്‍ തിരുവനന്തപുരം അഡീ.ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് കോടതി സ്പീക്കര്‍ക്ക് നോട്ടീസ് നല്‍കി. തുടര്‍ന്ന് കടകംപള്ളി കോടതിയില്‍ കീഴടങ്ങി മാപ്പപേക്ഷയും ജാമ്യാപേക്ഷയും സമര്‍പ്പിച്ച് ജാമ്യം നേടുകയായിരുന്നു. ഇതിന് പിന്നാലെ മന്ത്രി എംഎം മണിക്കെതിരേയും കേസുകളുടെ പട്ടിക പുറത്തുവന്നിരുന്നു. അതേസമയം സിപിഎം നേതാക്കള്‍ പ്രതികളായ നിരവധി കേസുകളാണുള്ളത്. ഇതില്‍ ചില കേസുകള്‍ പിന്‍വലിക്കാന്‍ സര്‍ക്കാര്‍ അനുമതി തേടുകയും ചെയ്തു.
അതിനിടെ എംപിമാരും എംഎല്‍എമാരും പ്രതികളായ കേസുകള്‍ സെഷന്‍സ് കോടതികള്‍ക്കും മജിസ്ട്രേട്ട് കോടതികള്‍ക്കും വീതിച്ചു നല്‍കി വേഗത്തില്‍ തീര്‍പ്പാക്കാന്‍ സുപ്രീംകോടതി തീരുമാനിച്ചു കേരളത്തിലെ കേസുകളില്‍ വേഗം നടപടി എടുക്കാനാണ് കോടതി നിര്‍ദേശിച്ചിരിക്കുന്നത്. ജനപ്രതിനിധികള്‍ പ്രതികളായ കേസുകള്‍ പരിഗണിക്കുന്നതിന് വിവിധ സംസ്ഥാനങ്ങളിലായി 12 പ്രത്യേക കോടതികള്‍ സ്ഥാപിക്കാന്‍ സുപ്രീം കോടതി കഴിഞ്ഞ വര്‍ഷം ഉത്തരവിട്ടിരുന്നു. കുറ്റപത്രം നല്‍കി ഒരു വര്‍ഷത്തിനകം കേസ് തീര്‍പ്പാക്കണമെന്ന് 2014ല്‍ നിര്‍ദേശിച്ചു. ഇതു ഫലം കാണാത്തതിനാലാണ് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്, ജഡ്ജിമാരായ സഞ്ജയ് കിഷന്‍ കൗള്‍, കെ.എം. ജോസഫ് എന്നിവരുടെ ബെഞ്ചിന്റെ പുതിയ ഉത്തരവ്.