പാലക്കാട് സി.പി.എമ്മില്‍ പീഡനക്കാറ്റ് വീണ്ടും

Jaihind Webdesk
Tuesday, October 2, 2018

 

പാലക്കാട്: പി.കെ ശശി എം.എൽ.എക്ക് പിന്നാലെ പാലക്കാട് ഡി.വൈ.എഫ്.ഐ നേതാവിനെതിരെ പീഡന പരാതിയുമായി മഹിളാ അസോസിയേഷൻ നേതാവ് രംഗത്തെത്തി. പരാതിയെ തുടർന്ന് കൊടക്കാട് ബ്രാഞ്ച് സെക്രട്ടറി വിജീഷിനെ നാട്ടുകൽ പോലീസ് അറസ്റ്റ് ചെയ്തു.

CPM മണ്ണാർക്കാട് ഏരിയാ കമ്മിറ്റിക്ക് കീഴിലുള്ള കൊടക്കാട്  DYFl ബ്രാഞ്ച് സെക്രട്ടറി വിജീഷിനെതിരെയാണ് പാർട്ടി പ്രവർത്തകയും ജനാധിപത്യ മഹിളാ അസോസിയേഷന്‍ പ്രവർത്തകയുമായ യുവതി പരാതിയുമായി രംഗത്തെത്തിയത്.  മാസങ്ങൾക്ക് മുമ്പ്  ഇയാൾ പീഡിപ്പിച്ചു എന്നാണ് യുവതിയുടെ പരാതി. പീഡന ദൃശ്യങ്ങൾ  സോഷ്യൽ മീഡിയയിലൂടെ സൃഹൃത്തുക്കൾക്ക് ഇയാൾ കൈമാറിയെന്നും പരാതിയിൽ ചൂണ്ടിക്കാട്ടുന്നു.

ഇന്നലെ നാട്ടുകൽ പോലീസിന് നൽകിയ പരാതിക്ക് പിന്നാലെ യുവതി മജിസ്ട്രേട്ടിന് മുന്നിൽ വിശദമായ മൊഴി നൽകുകയും ചെയ്തു. തുടർന്ന് പോലീസ് യുവതിയെ വൈദ്യപരിശോധനയ്ക്ക് വിധേയയാക്കി. പിന്നാലെ DYFI ബ്രാഞ്ച് സെക്രട്ടറി വിജീഷിനെ പോലീസ് കസ്റ്റഡിയിലെടുത്ത് അറസ്റ്റ് രേഖപ്പെടുത്തി. പി.കെ ശശി MLA യുടെ ഉറ്റ അനുയായിയാണ് വിജീഷ്.

അതേസമയം ഷൊര്‍ണ്ണൂര്‍ എം.എല്‍.എ പി.കെ ശശിക്കെതിരായ DYFI വനിതാ നേതാവിന്‍റെ പീഡന പരാതിയിൽ ആഴ്ചകളായി പാർട്ടി അന്വേഷണം തുടരുന്ന സാഹചര്യത്തിൽ നടപടി വൈകുന്നു എന്ന വിലയിരുത്തലിനെ തുടർന്നാണ് യുവതി പോലീസിന് പരാതി നൽകിയത്. സംഭവത്തോടെ സി.പി.എം പാലക്കാട് ജില്ലാ കമ്മിറ്റി പ്രതിസന്ധിയിലായി.

DYFl വനിതാ നേതാവിന്‍റെ പരാതിയെക്കുറിച്ച് അറിയില്ലെന്നും മറ്റും പറഞ്ഞ് ഒഴിഞ്ഞുമാറിയ DYFl ജില്ലാ കമ്മിറ്റി നേതാക്കൾ കൊടക്കാട് ബ്രാഞ്ച് സെക്രട്ടറി വിജീഷിനെതിരെ പാർട്ടിയംഗമായ യുവതി പോലീസിന് നൽകിയ പരാതിയെക്കുറിച്ച് എങ്ങനെ പ്രതികരിക്കുമെന്നും നടപടി എടുക്കുമെന്നും അറിയാൻ കാത്തിരിക്കുകയാണ്.

ഏതായാലും ശശി വിഷയത്തില്‍ തന്നെ പ്രതിരോധത്തിലായ സി.പി.എം പുതിയ സംഭവത്തോടെ കൂടുതല്‍ പരുങ്ങലിലായിരിക്കുകയാണ്.