മമത തടഞ്ഞ അമിത് ഷായ്ക്ക് ബംഗാളിൽ രക്ഷകരായത് സി.പി.എം

Jaihind Webdesk
Monday, January 21, 2019

ബി.ജെ.പി അധ്യക്ഷന്‍ അമിത്ഷായുടെ ഹെലികോപ്റ്റര്‍ ഇറക്കാന്‍ ബംഗാള്‍ സര്‍ക്കാര്‍ അനുമതി നിഷേധിച്ചപ്പോള്‍ സഹായഹസ്തവുമായി സി.പി.എം. പശ്ചിമ ബംഗാളില്‍  ബി.ജെ.പി അധ്യക്ഷന്‍റെ പരിപാടിക്ക് മാള്‍ഡയിലെ സി.പി.എം നേതാവ് തരുണ്‍ ഘോഷാണ് സൗജന്യമായി സ്ഥലം വിട്ടു കൊടുത്തത്. ആ സ്ഥലം വെറുതേകിടക്കുകയാണെന്നും ബി.ജെ.പിയുടെ പരിപാടിക്ക് വിട്ടുകൊടുക്കുന്നതില്‍ താന്‍ തെറ്റൊന്നും കാണുന്നില്ല എന്നായിരുന്നു സി.പി.എം നേതാവിന്‍റെ വിശദീകരണം.

മാള്‍ഡ എയര്‍സ്ട്രിപ്പില്‍ ഹെലികോപ്റ്റര്‍ ഇറക്കാന്‍ ബംഗാള്‍ സര്‍ക്കാര്‍ അനുമതി നിഷേധിച്ചതിനെ തുടര്‍ന്ന് ബി.ജെ.പി നേതാക്കള്‍ സമീപിച്ചതോടെയാണ് ആപത്ബാന്ധവനായി സി.പി.എം നേതാവ് അവതരിച്ചത്. സി.പി.എമ്മും ബി.ജെ.പിയും ഭായി-ഭായി കളിക്കുകയാണെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് ആരോപിച്ചു.

ഹെലിപാഡില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനാലാണ് ഹെലിക്കോപ്റ്റര്‍ ഇറക്കാന്‍ അനുമതി നിഷേധിച്ചതെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. എന്നാല്‍ റാലി തടയാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് ബി.ജെ.പി ആരോപിച്ചു. മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ പ്രതിപക്ഷ ഐക്യ റാലി വന്‍വിജയമായത് ബി.ജെ.പി ക്യാമ്പിനെ ആശങ്കപ്പെടുത്തുന്നുണ്ട്.