സരിതയുടെ സാരിത്തുമ്പില്‍ തൂങ്ങി വീണ്ടും സിപിഎം നെറികേടിന്‍റെ രാഷ്ട്രീയത്തിന്

Jaihind Webdesk
Tuesday, October 16, 2018

തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ നെറികെട്ട രാഷ്ട്രീയം കളിക്കുന്നത് സിപിഎമ്മിന്‍റെ പതിവ് രീതികളാണ്. കേരളം തള്ളിക്കളഞ്ഞ സോളാര്‍ കേസും  സരിതയുടെ ബലാല്‍സംഗ പരാതികളും  വീണ്ടും ഉയര്‍ത്തിക്കൊണ്ട് വന്ന് കേരള രാഷ്ട്രീയം വീണ്ടും മലീമസമാക്കാനുള്ള ശ്രമം സിപിഎം വീണ്ടും അണിയറയില്‍ തുടങ്ങി.

പ്രളയാനന്തര കേരളത്തിന്‍റെ പുനഃസൃഷ്ടിയിലും ബ്രൂവറി അഴിമതിക്കേസിലും ശബരിമല സ്ത്രീപ്രവേശനത്തിലും പെട്ട് വലയുന്ന സിപിഎമ്മിന് ഇനി തെരഞ്ഞെടുപ്പില്‍ സരിതയുടെ സാരിത്തുമ്പില്‍ പിടിച്ചാല്‍ മാത്രമേ രക്ഷയുള്ളൂ എന്ന ബോധത്തിന്‍റെ അടിസ്ഥാനത്തിലാണ് കോണ്‍ഗ്രസ് – യുഡിഎഫ് നേതാക്കളെ വേട്ടയാടാന്‍ സിപിഎം വീണ്ടും സരിതയ്ക്ക് അച്ചാരം നല്‍കിയിട്ടുള്ളത്.

സരിത മുഖ്യമന്ത്രി പിണറായി വിജയന് മാസങ്ങള്‍ക്ക് മുമ്പ് നല്‍കിയ പരാതിയെ ആസ്പദമാക്കിയാണ് പുതിയ നീക്കം. ഈ പരാതി നല്‍കിയതാകട്ടെ മലപ്പുറം ഉപതെരഞ്ഞെടുപ്പിന്‍റെ സമയത്തായിരുന്നു. സരിതയില്‍ നിന്നും മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരെയും മറ്റ് കോണ്‍ഗ്രസ് നേതാക്കള്‍ക്ക് നേരെയും പരാതി എഴുതി വാങ്ങിച്ചത്  മലപ്പുറം തെരഞ്ഞെടുപ്പിന്‍റെ തലേദിവസമായിരുന്നു തിരക്ക് പിടിച്ച് അന്വേഷണം നടത്താനും അന്വേഷണ സംഘത്തെ മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രഖ്യാപിച്ചത്.

അന്വേഷണം ഉടന്‍ നടത്തി ഉമ്മന്‍ചാണ്ടിയെയും മറ്റ് നേതാക്കളെയും പ്രതിസ്ഥാനത്ത് എത്തിക്കാന്‍ അന്വേഷണ സംഘത്തിന് മേല്‍ സമ്മര്‍ദ്ദം ഉണ്ടായെങ്കിലും അന്വേഷണ സംഘത്തലവനായിരുന്ന അഡീഷണല്‍ ഡിജിപി രാജേഷ് ധവാനും മുതിര്‍ന്ന ഉദ്യോഗസ്ഥനായിരുന്ന ദിനേഷ് കശ്യപും വിശദമായി പരിശോധിച്ചതിന് ശേഷം സരിതയുടെ പരാതി കള്ളമാണെന്ന് കണ്ടെത്തുകയും  പരാതിയില്‍ കേസ് എടുക്കാന്‍ കഴിയില്ലെന്ന് വ്യക്തമാക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഓരോരുത്തര്‍ക്കും എതിരായി പ്രത്യേകം പ്രത്യേകം പരാതി നല്‍കിയാല്‍ കേസ് എടുക്കാന്‍ കഴിയുമെന്നാണ് സിപിഎമ്മിന്‍റെ വക്കീലന്മാര്‍ നല്‍കിയ പുതിയ നിയമോപദേശം.

ലോകസഭാ തെരഞ്ഞെടുപ്പിന് മുമ്പ് വിഷയം സജീവമായി നിര്‍ത്തുകയും കോണ്‍ഗ്രസ് -യുഡിഎഫ് നേതാക്കളെ മുഖ്യധാരാ മാധ്യമങ്ങളിലൂടെയും സമൂഹ മാധ്യമങ്ങളിലൂടെയും വേട്ടയാടാനുമാണ് സിപിഎമ്മിന്‍റെ കുടില ബുദ്ധി. കഴിഞ്ഞ തെരഞ്ഞെടുപ്പ് കാലങ്ങളില്‍ സിപിഎമ്മിന്‍റെ ചട്ടുകമായായിരുന്നു സരിതാ നായര്‍ പ്രവര്‍ത്തിച്ചിരുന്നത്. കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ പ്രത്യേകിച്ച് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരെ പറഞ്ഞാല്‍ പത്ത് കോടിയും  കൂടാതെ സരിതയുടെ പേരിലുള്ള എല്ലാ കേസുകളില്‍ നിന്നും രക്ഷപ്പെടുത്തുമെന്നും അന്നത്തെ സിപിഎം കേന്ദ്ര കമ്മിറ്റി അംഗം ഇ.പി. ജയരാജന്‍ വാഗ്ദാനം നല്‍കിയ കാര്യം സരിത തന്നെ ചില മാധ്യമങ്ങളോട് വ്യക്തമാക്കുകയും ചെയ്തിരുന്നു.

ഇപ്പോള്‍ കേരളത്തില്‍ നിലനില്‍ക്കുന്ന നിര്‍ണ്ണായക പ്രശ്നങ്ങളില്‍ നിന്ന് ജനശ്രദ്ധ തിരിക്കാനാണ് സരിതയുടെ സഹായത്തോടെ കോണ്‍ഗ്രസ് നേതാക്കളെ വീണ്ടും വേട്ടയാടാന്‍ സിപിഎം ഒരുങ്ങുന്നത്.

 

teevandi enkile ennodu para