രാഹുൽ ഗാന്ധിക്കെതിരായ സിപിഎം ആക്രമണം ബിജെപിയെ സന്തോഷിപ്പിക്കാനെന്ന് ഉമ്മന്‍ചാണ്ടി

Jaihind Webdesk
Thursday, January 31, 2019

Oommen-Chandy

രാഹുൽ ഗാന്ധിക്കെതിരെ രണ്ടുംകൽപ്പിച്ച് ആക്രമണം അഴിച്ചുവിട്ടിട്ടുള്ള ബിജെപിയെ സന്തോഷിപ്പിക്കാനാണ് മുഖ്യമന്ത്രി പിണറായി വിജയനും , ബൃന്ദാ കാരാട്ടും സിപിഎമ്മും അദ്ദേഹത്തിനെതിരെ കടുത്ത വിമർശനം ഉയർത്തുന്നതെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം ഉമ്മന്‍ചാണ്ടി.

ഫെയ്സ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണ്ണ രൂപം വായിക്കാം….

രാഹുൽ ഗാന്ധിക്കെതിരെ രണ്ടുംകൽപ്പിച്ച് ആക്രമണം അഴിച്ചുവിട്ടിട്ടുള്ള ബിജെപിയെ സന്തോഷിപ്പിക്കാനാണ് മുഖ്യമന്ത്രി പിണറായി വിജയനും , ബൃന്ദാ കാരാട്ടും , പാർട്ടിയും അദ്ദേഹത്തിനെതിരെ കടുത്ത വിമർശനം ഉയർത്തുന്നത്.

കേരളം ഒരു വെറും സംസ്ഥാനമല്ല , ജീവിതശൈലിയാണ് എന്ന കോൺഗ്രസ് അധ്യക്ഷന്റെ പരാമർശനം കേരളത്തിനുള്ള ബഹുമതിയാണ്. സഹജീവികളോട് സഹാനുഭൂതിയുള്ള മലയാളികൾ മാതൃകയാണെന്നും മലയാളികളിൽനിന്ന് ഒരുപാട് പഠിക്കാനുണ്ടെന്നും രാഹുൽജിയുടെ പ്രശംസാ വചനങ്ങൾ മുഖ്യമന്ത്രി കണ്ടില്ലെന്നു നടിക്കുന്നത് അത്ഭുതകരമാണ്. ദുബായിൽ മലയാളികളുടെ കഠിനാധ്വാനത്തിന് മഹത്തായ മാതൃകകളെ മുക്തകണ്ഠം പ്രശംസിച്ച അദ്ദേഹത്തിൻറെ വാക്കുകൾ പ്രവാസി മലയാളികൾക്കുള്ള വലിയ അംഗീകാരമാണ്.

ശബരിമലയുമായി ബന്ധപ്പെട്ട് സി പി എമ്മിന്റെയും , ബിജെപിയുടെയും അക്രമ സമരങ്ങളെ വിമർശിച്ച് രാഹുൽജിയുടെ അഭിപ്രായം നിഷ്പക്ഷരായ കേരള സമൂഹം രണ്ടു കയ്യും നീട്ടി സ്വാഗതം ചെയ്യും. വിദ്യാഭ്യാസ ആരോഗ്യ മേഖലയെ പറ്റി അദ്ദേഹം നടത്തിയ പരാമർശം സൃഷ്ടിപരമായ വിമർശനമായി കണ്ടാൽ മതിയാകും.അതു മാത്രം ഉയർത്തിപ്പിടിച്ച് രാഹുൽജി പറഞ്ഞ നല്ല വാക്കുകൾ മുഖ്യമന്ത്രി അവഗണിച്ചത് അദ്ദേഹത്തിൻറെ സങ്കുചിതമായ നിലപാടുകളുടെ തെളിവാണ്.

എറണാകുളം സമ്മേളനം അത്ഭുതപൂർവ്വമായ വിജയമായിരുന്നു. രാഹുൽജിയുടെ ജനപ്രീതി അസൂയാവഹവും.ലോക്സഭാ തിരഞ്ഞെടുപ്പിൽ പരാജയം മുന്നിൽ കാണുന്ന സിപിഎം നിലവിലുള്ള സീറ്റുകളെങ്കിലും നിലനിർത്താൻ ബിജെപിയുടെ സഹായം തേടാനുള്ള ഗൂഢതന്ത്രമാണ് കോൺഗ്രസ് അധ്യക്ഷന് എതിരെയുള്ള പിണറായിയുടെ വിമർശനത്തിലൂടെ പുറത്തുവന്നിരിക്കുന്നത്.