കൊവിഡ് ബാധിച്ച സുരക്ഷ ജീവനക്കാരനൊപ്പം ജോലി ചെയ്തവര്‍ വീണ്ടും ജോലിയില്‍; രോഗവ്യാപന ഭീഷണി ഉയര്‍ത്തി തിരുവനന്തപുരം മെഡിക്കൽ കോളേജില്‍ ഗുരുതര വീഴ്ച

Jaihind News Bureau
Tuesday, June 23, 2020

തിരുവനന്തപുരം മെഡിക്കൽ കോളേജിലെ കൊവിഡ് ബാധിച്ച സുരക്ഷ ജീവനക്കാരനോടൊപ്പം ജോലി ചെയ്ത ജീവനക്കാരെ ക്വാറന്‍റൈനില്‍ പോകാൻ അനുവദിക്കാതെ അധികൃതർ. സമ്പർക്കത്തിലൂടെയാണ് സുരക്ഷ ജീവനക്കാരന് രോഗം പകർന്നത്. ഇയാളുടെ ഒപ്പം ജോലി ചെയ്തവരെ സുരക്ഷ ഡ്യൂട്ടിക്ക് നിയോഗിച്ചത് ഗുരുതര രോഗവ്യാപന ഭീഷണിയാണ് ഉയർത്തുന്നത്.

സമൂഹവ്യാപന ഭീഷണിയെ തുടര്‍ന്ന് തലസ്ഥാനത്ത് അതീവ ജാഗ്രതയും കര്‍ശന നിയന്ത്രണവും തുടരുന്ന സാഹചര്യത്തിലാണ് തിരുവനന്തപുരം മെഡിക്കൽ കോളേജില്‍ ഗുരുതര വീഴ്ച ഉണ്ടായിരിക്കുന്നത്. ആശുപത്രിയിലെ കാഷ്വാലിറ്റിയിലെ സെക്യൂരിറ്റി ജീവനക്കാരനാണ് കഴിഞ്ഞദിവസം രോഗം സ്ഥിരീകരിച്ചത്. നേരത്തെ കൊവിഡ് വാര്‍ഡിലെ സുരക്ഷാചുമതല ഇയാള്‍ക്കായിരുന്നു. ഇയാള്‍ക്കൊപ്പം 22 സുരക്ഷാ ജീവനക്കാരാണ് ജോലി ചെയ്തിരുന്നത്. നിരീക്ഷണത്തിലാക്കേണ്ട ഇവരെയാണ് വീണ്ടും സുരക്ഷ ഡ്യൂട്ടിക്ക് നിയോഗിച്ചിരിക്കുന്നത്.

സുരക്ഷാജീവനക്കാരന് കൊവിഡ് ബാധിച്ച സാഹചര്യത്തില്‍ ആശുപത്രീ ജീവനക്കാരും  ഭീതിയിലാണ്. ഉറവിടം അറിയാതെ രോഗം സ്ഥിരീകരിക്കുന്നതിനിടെ  മെഡിക്കല്‍ കോളേജ്  അധികൃതരുടെ നടപടിയില്‍ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്.