കേരളത്തിലെ കൊവിഡ് വ്യാപനം : ഇടറോഡുകള്‍ അടച്ച് തമിഴ്‌നാട് ; അതിർത്തിയില്‍ കർശന പരിശോധന

Jaihind Webdesk
Saturday, April 17, 2021

ചെന്നൈ : കേരളത്തിലെ കൊവിഡ് വ്യാപനം കണക്കിലെടുത്ത്  ഇടരോഡുകള്‍ അടച്ച് തമിഴ്‌നാട്. തിരുവനന്തപുരത്ത് നിന്ന് തമിഴ്‌നാട്ടിലേക്കുള്ള പന്ത്രണ്ടോളം ഇടറോഡുകളാണ് തമിഴ്‌നാട് പൊലീസ് ബാരിക്കേഡുകള്‍ വെച്ച് അടച്ചത്. പാറശാല, വെള്ളറട ഭാഗങ്ങളില്‍ നിന്നുള്ള റോഡുകളാണ് അടച്ചത്. കഴിഞ്ഞ വര്‍ഷവും കൊവിഡ് വ്യാപന സമയത്ത് തമിഴ്‌നാട് റോഡുകള്‍ അടച്ചിരുന്നു.

കുളത്തൂർ പഞ്ചായത്തിലെ പൊഴിയൂർ, ഉച്ചക്കട, കാരക്കോണത്തിന് സമീപം കണ്ണുവാമൂട്, പനച്ചമൂട്, വെളളറട, അമ്പൂരി തുടങ്ങിയ ഇടങ്ങളിലെ റോഡുകളാണ് അടച്ചത്. കന്യാകുമാരിയിൽ നിന്നും തിരുവനന്തപുരത്തേക്കുളള റോഡുകളും അടച്ചു. ഇ-പാസ് ഉളളവർക്ക് കളിയിക്കാവിള ദേശീയപാത വഴി സഞ്ചരിക്കാമെന്ന് പൊലീസ് അറിയിച്ചു.

അതി‍‍ർത്തി അടച്ച വിഷയം തമിഴ്നാട് ചീഫ് സെക്രട്ടറിയുടെ ശ്രദ്ധയിൽപെടുത്തുമെന്ന് കേരള ചീഫ് സെക്രട്ടറി വി.പി ജോയ് പറഞ്ഞു. അതിത്തിയിലെ പരിശോധന തമിഴ്‌നാട് കർശനമാക്കി. കേരളത്തിൽ രോ​ഗികളുടെ എണ്ണം കൂടുന്ന സാഹചര്യത്തിലാണ് കൂടുതൽ ആളുകൾ തമിഴ്‌നാട്ടിലേക്ക് വരുന്നത് തടയാൻ നടപടികള്‍ സ്വീകരിച്ചിരിക്കുന്നത്. പരിശോധനയുളള വഴികളിൽ കൂടിയല്ലാതെ ആളുകൾ കടക്കുന്നത് തടയാനാണ് ഇടറോഡുകൾ അടച്ചതെന്നാണ് തമിഴ്‌നാടിന്‍റെ വിശദീകരണം.

കേരളത്തില്‍ കഴിഞ്ഞ ദിവസം പതിനായിരത്തിലേറെ പേര്‍ക്ക് രോഗം ബാധിച്ചിരുന്നു. 15 ശതമാനത്തിനടുത്താണ് കേരളത്തിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. അതേസമയം രാജ്യത്ത് തുടര്‍ച്ചയായ മൂന്നാം ദിവസവും രണ്ട് ലക്ഷത്തിലേറെ പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറില്‍ 2,34,692 പേര്‍ക്കാണ് രോഗം ബാധിച്ചത്.