കൊവിഡ് കുറഞ്ഞു, ഡല്‍ഹി പഴയ ഡല്‍ഹിയാകും ; ഒരാഴ്ചത്തേക്ക് പരീക്ഷണാടിസ്ഥാനത്തില്‍ വന്‍ ഇളവുകള്‍

Jaihind Webdesk
Sunday, June 13, 2021

 

ന്യൂഡല്‍ഹി : കൊവിഡ് പ്രതിദിന കേസുകളുടെ എണ്ണം കാര്യക്ഷമമായി കുറഞ്ഞതിന് പിന്നാലെ നാളെ മുതല്‍ ഡല്‍ഹിയില്‍  വിപുലമായ ഇളവുകള്‍. ആഴ്ചയില്‍ ഏഴുദിവസവും കടകള്‍, മാളുകള്‍, ഭക്ഷണശാലകള്‍ എന്നിവയ്ക്ക് നാളെ മുതല്‍ തുറന്നു പ്രവര്‍ത്തിക്കാം.കൊവിഡ് കണക്കുകള്‍ മൂന്നുമാസത്തിനിടയിലെ ഏറ്റവും കുറഞ്ഞ നിരക്കിലെത്തിയതോടെയാണ് ഇളവുകള്‍ അനുവദിക്കാന്‍ തീരുമാനിച്ചതെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ വ്യക്തമാക്കി.

കടകള്‍ക്ക് പ്രവര്‍ത്തിക്കാനുള്ള സമയം നിലവിലേതുപോലെ തന്നെ (രാവിലെ പത്തു മണി മുതല്‍ രാത്രി എട്ടുമണി വരെ) തുടരും.  നാളെ മുതല്‍ ആളുകള്‍ക്ക് ഭക്ഷണശാലകളില്‍ ഇരുന്ന് ഭക്ഷണം കഴിക്കാവുന്നതാണ്. ഇരിപ്പിടങ്ങളുടെ അമ്പത് ശതമാനം മാത്രമേ ഇതിനായി ഉപയോഗപ്പെടുത്താന്‍ അനുമതിയുള്ളൂ. ഇതുവരെ  ഹോം ഡെലിവറി, ടേക്ക് എവേ മാത്രമാണ് ഭക്ഷണശാലകളില്‍ ഉണ്ടായിരുന്നത്. ആഴ്ചച്ചന്തകള്‍ക്കും പ്രവര്‍ത്തനാനുമതിയുണ്ട്.  എന്നാല്‍ ഒരു മുന്‍സിപ്പല്‍ സോണിലെ ഒരു ആഴ്ചച്ചന്തയ്‌ക്കേ ഒരു ദിവസം അനുമതിയുള്ളൂ. സലൂണുകള്‍ക്ക് പ്രവര്‍ത്തിക്കാം അതേസമയം സ്പാകള്‍ക്ക് അനുമതി നല്‍കിയിട്ടില്ല.

സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് മുഴുവന്‍ ജീവനക്കാരുമായി പ്രവര്‍ത്തിക്കാം. എന്നാല്‍ സ്വകാര്യ ഓഫീസുകളില്‍ അമ്പത് ശതമാനം ജീവനക്കാര്‍ക്കേ അനുമതിയുള്ളൂ. അമ്പത് ശതമാനം ഇരിപ്പിടങ്ങള്‍ ഉപയോഗപ്പെടുത്തി ഡല്‍ഹി മെട്രോയും ബസുകളും പ്രവര്‍ത്തിക്കും. സ്‌കൂള്‍, കോളേജ്, മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവ പ്രവര്‍ത്തിക്കില്ല. നീന്തല്‍ക്കുളങ്ങള്‍, അമ്യൂസ്‌മെന്‍റ് പാര്‍ക്ക്, വാട്ടര്‍ പാര്‍ക്കുകള്‍ എന്നിവയ്ക്കും പ്രവര്‍ത്തനാനുമതിയില്ല. ആള്‍ക്കൂട്ടവും അനുവദനീയമല്ല. ആരാധനാലയങ്ങള്‍ തുറക്കാം എന്നാല്‍ വിശ്വാസികളെ അനുവദിക്കുകയില്ലെന്നും കെജ്‌രിവാള്‍ പറഞ്ഞു.

അതേസമയം ഇളവുകള്‍ ഒരാഴ്ചത്തേക്ക് പരീക്ഷണാടിസ്ഥാനത്തിലാണ് അനുവദിക്കുന്നതെന്നും കൊവിഡ് കേസുകള്‍ ഉയരുന്ന പക്ഷം കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ ഡല്‍ഹിയില്‍ വെറും 213 കൊവിഡ് കേസുകള്‍ മാത്രമാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.