ശബരിമല വിധി ഇന്ന് : സംസ്ഥാനത്ത് ജാഗ്രതാ നിർദേശം ; സമൂഹമാധ്യമങ്ങളും പോലീസ് നിരീക്ഷണത്തില്‍

Jaihind Webdesk
Thursday, November 14, 2019

ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട ഹർജികളിൽ സുപ്രീം കോടതി വിധി ഇന്ന്. ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് പുനപരിശോധനാ ഹർജികളിൽ വിധി പറയുന്നത്. കഴിഞ്ഞ ഫെബ്രുവരി ആറിന് ഹർജികളിൽ വാദം പൂർത്തിയായിരുന്നു. വിശ്വാസങ്ങളേയും ആചാരങ്ങളേയും കോടതി മാനിക്കുന്നു എന്ന് അയോധ്യ കേസിലെ വിധിയിൽ സുപ്രീം കോടതി പരാമർശിച്ചത് അനുകൂല വിധിക്ക് വഴിവെക്കും എന്ന പ്രതീക്ഷയിലാണ് വിശ്വാസി സമൂഹം.

യുവതീ പ്രവേശനം അനുവദിച്ച വിധിയില്‍ ഉറച്ചുനില്‍ക്കുക, മുന്‍ വിധിയില്‍ തിരുത്തല്‍ വരുത്തുക, വിഷയം വിശാല ബെഞ്ചിന് വിടുക ഇതില്‍ എന്തായിരിക്കും സംഭവിക്കുക എന്നറിയാനാണ് കേരളം കാത്തിരിക്കുന്നത്. 2018 സെപ്റ്റംബര്‍ 28 നാണ് അന്നത്തെ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ഭരണഘടനാ ബെഞ്ച് യുവതീപ്രവേശനം അനുവദിച്ച് വിധി പറഞ്ഞത്. രാവിലെ 10.30ന് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിയുടെ അധ്യക്ഷതയിലുള്ള ഭരണഘടനാ ബെഞ്ചാണ് വിധി പ്രസ്താവിക്കുക. 56 പുനപരിശോധനാ ഹര്‍ജികളും നാല് റിട്ട് ഹര്‍ജികളും ഉള്‍പ്പെടെ 60 ഹര്‍ജികളില്‍ ഫെബ്രുവരി 6 ന് തുറന്ന കോടതിയില്‍ വാദം കേട്ട ശേഷമാണ് വിധി പറയാനായി മാറ്റിയത്.

ശബരിമല തന്ത്രി കണ്ഠര് രാജീവര്, എന്‍.എസ്.എസ്, പന്തളം കൊട്ടാരം നിര്‍വാഹക സംഘം, ശബരിമല ആചാര സംരക്ഷണ സമിതി, ദേവസ്വം ബോര്‍ഡ് മുന്‍അധ്യക്ഷന്‍ പ്രയാര്‍ ഗോപാലകൃഷ്ണന്‍ തുടങ്ങിയവരാണ് മുഖ്യ ഹര്‍ജിക്കാര്‍.സംസ്ഥാന സര്‍ക്കാരും ദേവസ്വം ബോര്‍ഡും യംഗ്ഇന്ത്യന്‍ ലോയേഴ്സ് അസോസിയേഷന്‍, ഹാപ്പി ടു ബ്ലീഡ് പോലുള്ള സംഘടനകളാണ് മറുഭാഗത്ത്. നേരത്തെ ഭരണഘടനാ ബെഞ്ചിലെ നാല് അംഗങ്ങളില്‍ മൂന്നു പേരും യുവതീപ്രവേശത്തെ അനുകൂലിച്ചിരുന്നു. ജസ്റ്റിസ് ഇന്ദു മല്‍ഹോത്ര മാത്രമാണ് യുവതീപ്രവേശനത്തെ എതിര്‍ത്ത് നിലപാടെടുത്തത്. ബെഞ്ചിലെ പുതിയ അംഗമെന്ന നിലയില്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിയുടെ നിലപാട് നിര്‍ണായകമാകും.

അതേസമയം സുപ്രീം കോടതി വിധി വരാനിരിക്കെ കനത്ത ജാഗ്രതയിലാണ് സംസ്ഥാനം. അക്രമമുണ്ടാക്കിയാല്‍ കര്‍ശന നടപടിയുണ്ടാകുമെന്ന് പൊലീസ് അറിയിച്ചു. സമൂഹമാധ്യമങ്ങളും പൊലീസിന്‍റെ കര്‍ശന നിരീക്ഷണത്തിലാണ്.