ശബരിമല സ്ത്രീപ്രവേശനത്തെ അനുകൂലിച്ച് ബി.ജെ.പി മുഖപത്രത്തിൽ ലേഖനം

B.S. Shiju
Thursday, October 4, 2018

ശബരിമല സ്ത്രീപ്രവേശനത്തെ അനുകൂലിച്ച് ബി.ജെ.പിയുടെ മുഖപത്രമായ ജന്മഭൂമിയിൽ ലേഖനം. സുപ്രീം കോടതി വിധിയെ അനുകൂലിച്ച് ഭാരതീയ വിചാര കേന്ദ്രം ഡെപ്യൂട്ടി ഡയറക്ടർ ആർ. സഞ്ജയനാണ് ലേഖനം എഴുതിയിട്ടുള്ളത്.

ശബരിമല സ്ത്രീപ്രവേശന വിഷയത്തിൽ സുപ്രീംകോടതി ഉത്തരവിന്‍റെ മറവിൽ ഹിന്ദുസമൂഹത്തിൽ ആശയക്കുഴപ്പം സൃഷ്ടിക്കാനുള്ള ചിലരുടെ ശ്രമങ്ങൾ ഒരു തരത്തിലും അംഗീകരിക്കാൻ കഴിയില്ലെന്ന് ലേഖനത്തിൽ പറയുന്നു. വിധി ക്ഷേത്രത്തിന്‍റെ അടിസ്ഥാന സങ്കൽപങ്ങളെയോ ആചാരകനുഷ്ഠാനങ്ങളെയോ ഒരു തരത്തിലും ബാധിക്കുന്നില്ല. സ്ത്രീ തീർത്ഥാടകർ വലിയ സംഖ്യയിൽ എത്തിച്ചേരുന്നത് ക്ഷേത്ര സങ്കൽപത്തിന്‍റെ മഹത്വവും പ്രശസ്തിയും വർധിപ്പിക്കാൻ ഇടയാക്കും. ഹിന്ദു ധർ്മ്മത്തെയോ സമൂഹത്തെയോ മുഴുവനായി പ്രതീകൂലമായി ബാധിക്കുന്ന ഒന്നും തന്നെ വിധി തീർപിലില്ല. കൂട്ടികളുടെ ചോറൂണ് പോലെയുള്ള ചടങ്ങുകൾക്ക് പണ്ട് മുതലേ ഭക്തരായ സ്ത്രീകൾ ദേവസ്വം അധികൃതരുടെ അറിവോടെ ക്ഷേത്രം സന്ദർശിക്കാറുണ്ടായിരുന്നുവെന്നും ലേഖനം വ്യക്തമാക്കുന്നു.

യുക്തിഹീനമായ മാമൂലുകൾ അതേപടി നിലനിർത്തുവാനുള്ള സ്ഥാപിത താൽപര്യക്കാരുടെ പരിശ്രമത്തിന് ചൂട്ടു പിടിച്ചു കൊടുക്കുന്നത് സമൂഹത്തിൽ ജീർണ്ണതയും ചൂഷണവും വർധിക്കാൻ ഇടപെടുത്തും. പുരുഷമേധാവിത്വത്തിന്റെ കാലം അസ്തമിച്ചുവെന്നും ശബരിമല സന്ദർശന കാര്യത്തിൽ തീരുമാനമെടുക്കാൻ ഭക്തരായ സ്ത്രീകൾക്ക് അവകാശം നൽകണമെന്നും ലേഖനത്തിലുണ്ട്. പുതിയ സാഹചര്യത്തിൽ ശബരിമലയിൽ നിത്യപൂജ ആരംഭിക്കുന്ന കാര്യവും പരിഗണിക്കണം. പ്രളയദുരന്തത്തിന്റെ പശ്ചാത്തലത്തിൽ വരുന്ന മണ്ഡല-മകരവിളക്ക് തീർത്ഥാടന കാലം കഴിയും വരെ സുപ്രീം കോടതി ഉത്തരവ് നടപ്പാക്കുന്നതിന് കൂടുതൽ സമയം ആവശ്യപ്പെടണം. വിഷയത്തിൽ ബി.ജെ.പി എതിർപ്പ് പ്രകടിപ്പിക്കുമ്പോഴും ആർ.എസ്.എസ് അടക്കമുള്ള സംഘപരിവാർ സംഘടനകൾക്ക് ഇക്കാര്യത്തിലുള്ള അനുകൂല നിലപാടാണ് ലേഖനത്തിലൂടെ പുറത്തു വരുന്നത്.

https://www.youtube.com/watch?v=lpTNMqRlbDk&feature=youtu.be