പിണറായിയെ പ്രകീർത്തിച്ച് ജന്മഭൂമി ലേഖനം ; അമിത് ഷായുടെയും പിണറായിയുടെയും ശബ്ദം ഒന്നാണെന്ന് വ്യക്തമാക്കുന്നു : രമേശ് ചെന്നിത്തല

Jaihind Webdesk
Sunday, November 10, 2019

Ramesh-Chennithala

അമിത് ഷായുടേയും പിണറായി വിജയന്‍റേയും ശബ്ദം ഒന്നാണെന്ന് തെളിയിക്കുന്നതാണ് ജന്മഭൂമിയിൽ മുഖ്യമന്ത്രി പിണറായി വിജയനെ പ്രകീർത്തിക്കുന്ന ലേഖനത്തിലൂടെ വ്യക്തമാക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. നാഴികയ്ക്ക് നാൽപത് വട്ടം സംഘപരിവാറിനെ എതിർക്കാൻ തങ്ങൾ മാത്രമേ ഉള്ളൂ എന്ന് അവകാശപ്പെടുന്ന മുഖ്യമന്ത്രി പിണറായി വിജയന് ബിഗ് സല്യൂട്ട് നൽകിയിരിക്കുകയാണ് ബി.ജെ.പി മുഖപത്രം ജന്മഭൂമി.

യു.എ.പി.എയുടേയും മാവോയിസ്റ്റ് വേട്ടയുടേയും കാര്യത്തിൽ മോദി – ഷാ നേതൃത്വം എന്താഗ്രഹിച്ചുവോ അക്കാര്യം പിണറായി അക്ഷരംപ്രതി നടപ്പാക്കുന്നുവെന്നാണ് ബി.ജെ.പി പത്രം പറയുന്നത്. സി.പി.എം – ബി.ജെ.പി അന്തർധാരയുടെ പരസ്യമായ അംഗീകാരമാണ് സംഘപരിവാർ നൽകിയ ഈ ബിഗ് സല്യൂട്ടെന്നും രമേശ് ചെന്നിത്തല പ്രസ്താവനയിൽ പറഞ്ഞു . അമിത് ഷായുടെ ന്യൂനപക്ഷ വേട്ടയ്ക്ക് പിണറായി കുട പിടിക്കുന്നു എന്നതിനുള്ള ഉത്തമ ഉദാഹരണം കൂടിയാണ് ലേഖനം എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുടെ പ്രസ്താവനയുടെ പൂർണ രൂപം:

അമിത്ഷായുടേയും പിണറായി വിജയന്‍റേയും ശബ്ദം ഒന്നാകുമ്പോള്‍

നാഴികയ്ക്ക് നാല്‍പത് വട്ടം സംഘപരിവാറിനെ എതിര്‍ക്കാന്‍ തങ്ങള്‍ മാത്രമേ ഉള്ളൂ എന്ന് അവകാശപ്പെടുന്ന മുഖ്യമന്ത്രി പിണറായി വിജയന് ബിഗ് സല്യൂട്ട് നല്‍കിയിരിക്കുകയാണ് ബി.ജെ.പി  മുഖപത്രം ജന്മഭൂമി. യു.എ.പി.എയുടേയും മാവോയിസ്റ്റ് വേട്ടയുടേയും കാര്യത്തില്‍ മോദി – ഷാ നേതൃത്വം എന്താഗ്രഹിച്ചുവോ അക്കാര്യം പിണറായി അക്ഷരംപ്രതി നടപ്പാക്കുന്നുവെന്നാണ് ബി.ജെ.പി പത്രം പറയുന്നത്. സി.പി.എം – ബി.ജെ.പി അന്തര്‍ധാരയുടെ പരസ്യമായ അംഗീകാരമാണ് സംഘപരിവാരം നല്‍കിയ ഈ ബിഗ് സല്യൂട്ട്. അമിത്ഷായുടെ ന്യൂനപക്ഷ വേട്ടയ്ക്ക് പിണറായി കുട പിടിക്കുന്നു എന്നതിനുള്ള ഉത്തമ ഉദാഹരണം കൂടിയാണ് ജന്മഭൂമിയില്‍ കുഞ്ഞിക്കണ്ണന്‍ എഴുതിയ ലേഖനം.

കഴിഞ്ഞ കുറേ നാളുകളായി മുഖ്യമന്ത്രി പിണറായി വിജയന്‍ എടുക്കുന്ന പല നിലപാടുകളും ബി ജെ പിയുടെ കേരളത്തിലെ വളര്‍ച്ചയ്ക്ക് സഹായകരമാണ്. ഭൂരിപക്ഷ ന്യൂനപക്ഷ ഭേദമില്ലാതെ മതേതരമായി ചിന്തിക്കുന്ന വലിയ ഒരു ജനവിഭാഗമാണ് കോണ്‍ഗ്രസ്സിന്റെ ജനകീയ അടിത്തറ. ജനങ്ങളെ വര്‍ഗ്ഗീയമായും, ജാതീയമായും വേര്‍തിരിച്ച് അധികാരത്തില്‍ എത്താനാണ് ബി ജെ പി എന്നും ശ്രമിക്കുന്നത്. ഒരേ സമയം വര്‍ഗ്ഗീയ ധ്രുവീകരണം വരുന്ന നിലപാടുകളിലൂടെ ബി ജെ പിയിലേക്ക് ആളെകൂട്ടാന്‍ ശ്രമിക്കുകയും, ജാതി വിദ്വേഷം വളര്‍ത്തി തങ്ങളുടെ വോട്ട് ബാങ്ക് വളര്‍ത്തുകയും, അതു വഴി കോണ്‍ഗ്രസ്സിനെ തളര്‍ത്തി, അധികാരത്തില്‍ തുടരുക എന്ന മിനിമം ലക്ഷ്യം ആണ് പിണറായിയെ നയിക്കുന്നത്. കോണ്‍ഗ്രസ്സ് വിമുക്ത ഭാരതം എന്ന ബി ജെ പിയുടെ ലക്ഷ്യത്തോട് ചേര്‍ന്ന് നില്‍ക്കുന്നത് കൊണ്ട് സംഘ പരിവാറിനും പിണറായി പ്രിയങ്കരനാകുന്നു. ബി ജെ പിയുടെ കൊലക്കത്തിക്കിരയായ പാവം രക്തസാക്ഷികളെയും സ്വന്തം പാര്‍ട്ടിയിലെ ബഹു ഭൂരിപക്ഷത്തെയും അന്ധകാരത്തില്‍ നിര്‍ത്തിയാണ് പിണറായി ഈ തീക്കളി കളിക്കുന്നത്. ഇന്നിപ്പോള്‍ RSS പിണറായിക്ക് നല്‍കിയിരിക്കുന്ന വലിയ സല്യൂട്ടിന് കേരള ജനത വലിയ വില നല്‍കേണ്ടി വരും. ഇടതു മുന്നണിയിലെ രണ്ടാമത്തെ വലിയ കക്ഷിയായ സി പി ഐയുടെയും സി പി എമ്മിന്റെ ജനറല്‍ സെക്രട്ടറിയും  മുന്‍ജനറല്‍ സെക്രട്ടറിയും നടത്തിയ അഭിപ്രായത്തെക്കാള്‍ അമിത് ഷായുടെ അഭിപ്രായത്തിനാണ് പിണറായി വില കല്‍പ്പിക്കുന്നത് എങ്കില്‍ അതിന് RSS ബിഗ് സല്യൂട്ട് നല്‍കിയതില്‍ അത്ഭുതപ്പെടാനില്ല. ഇടതുപക്ഷ രാഷ്ട്രീയത്തില്‍ നിന്ന് വളരെ അകലെയാണ് പിണറായിയുടെ പിടിയില്‍പ്പെട്ട സി പി എം. ദൂരവ്യാപകമായ ഭവിഷ്യത്തുകളാണ് ഇത് കൊണ്ട് ഉണ്ടാകുന്നത് എന്ന് യഥാര്‍ത്ഥ ഇടത് പക്ഷത്തിനു മനസ്സിലായിട്ടുണ്ട്. അത്‌കൊണ്ട് തന്നെയാണ് അവര്‍ പിണറായിയെ എതിര്‍ക്കുന്നത്.

ന്യൂനപക്ഷ സ്‌നേഹം പറഞ്ഞ് വോട്ടു തേടുന്ന പിണറായിക്ക് ന്യൂനപക്ഷ താല്‍പ്പര്യങ്ങള്‍ ഹനിക്കുന്നതില്‍ മുന്‍പില്‍ നില്‍ക്കുന്ന ബിജെപി യോട് കൈകൊരുക്കുന്നതില്‍ മന:സാക്ഷി കുത്തൊന്നുമില്ലേ? കേരളത്തിലെമ്പാടും പരസ്പരം വെല്ലുവിളിച്ചും വകവരുത്തിയും നടക്കുന്ന ബിജെപിയുടെയും സി പി എമ്മിന്റെയും അണികളും അറിയണം പിണറായിയുടെ നേതൃത്വത്തില്‍ ഇരുട്ടിന്റെ മറവില്‍ നിങ്ങളുടെ നേതാക്കള്‍ പരസ്പരം നല്‍കുന്ന  ഈ കൊടും ചതിയുടെ വലിയ സലാം. നരേന്ദ്രമോദിയുടെയും, അമിത് ഷായുടേയും പാത പിന്തുടരുന്നതിലൂടെ ഇടപക്ഷത്തേയും, കേരളത്തിന്റെ മതനിരപേക്ഷ മനസ്സിനേയും ആണ് പിണറായി ഒറ്റു കൊടുക്കുന്നത്.