വിശ്വാസികളുടെ കാര്യത്തില്‍ അവിശ്വാസികള്‍ തീരുമാനം എടുക്കേണ്ട: കെ.സി വേണുഗോപാല്‍

Jaihind Webdesk
Friday, October 5, 2018

 

ശബരിമല വിഷയത്തിലെ സുപ്രീം കോടതി വിധി എല്ലാ വശങ്ങളും പരിശോധിച്ചാണോ എന്നതില്‍ സംശയമുണ്ടെന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ എം.പി.  വിശ്വാസി സമൂഹത്തിനെ ഈ വിധി മുറിവേല്‍പിച്ചു. ഇതിൽ പ്രധാന പ്രതി കേരള സർക്കാരാണ്. യു.ഡി.എഫ് സർക്കാർ കൊടുത്ത സത്യവാങ്മൂലം മാറ്റി കൊടുക്കുമ്പോൾ എന്തുകൊണ്ട് സർക്കാർ യോഗം വിളിച്ചില്ലെന്നും അദ്ദേഹം ചോദിച്ചു.

വിശ്വസങ്ങളെ മാനിക്കുന്നതാവണം കോടതി വിധി. കേന്ദ്രത്തിന് ആത്മാർഥത ഉണ്ടെങ്കിൽ വിധി മറികടക്കാന്‍ നിയമനിര്‍മാണം നടത്തണം. വിശ്വാസികളുടെ കാര്യത്തിൽ അവിശ്വാസികൾ തീരുമാനം എടുക്കരുതെന്നും അദ്ദേഹം കണ്ണൂരില്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

രാജ്യം കണ്ട ഏറ്റവും വലിയ കബളിപ്പിക്കൽ വീരനായി പ്രധാനമന്ത്രി നരേന്ദ്രമോദി മാറി. ഇലക്ഷന് മുന്നോടിയായി ജനങ്ങളുടെ കണ്ണിൽ പൊടിയിടാനാണ് പെട്രോൾ, ഡീസൽ വില പേരിന് കുറച്ചത്. 12 തവണ പെട്രോളിന്‍റെയും, ഡീസലിന്‍റെയും എക്സൈസ് ഡ്യൂട്ടി വര്‍ധിപ്പിച്ചതിന് ശേഷമാണ് മോദി സര്‍ക്കാര്‍ ഇപ്പോള്‍ നാമമാത്രമായ ഈ വിലകുറയ്ക്കല്‍ തന്ത്രം നടത്തിയിരിക്കുന്നത്.

സാധാരണക്കാരോട് ആത്മാർഥത ഉണ്ടങ്കിൽ പെട്രോളിന്‍റെയും ഡീസലിന്‍റെയും എക്സൈസ് ഡ്യൂട്ടി കുറയ്ക്കാന്‍ കേന്ദ്രം തയാറാകണം. എക്സൈസ് ഡ്യൂട്ടി കുറയ്ക്കില്ലെന്ന സംസ്ഥാന സര്‍ക്കാര്‍ നിലപാടിനെയും അദ്ദേഹം പരിഹസിച്ചു. എങ്ങനെയെങ്കിലും പെട്രോൾ-ഡീസൽ വില കൂട്ടി കിട്ടണം എന്ന് ആഗ്രഹിക്കുന്ന ധനമന്ത്രി കേരളത്തിൽ മാത്രമേ ഉണ്ടാകൂ എന്നായിരുന്നു അദ്ദേഹത്തിന്‍റെ പരാമര്‍ശം.

റാഫേൽ ഇടപാടിൽ ധൈര്യമുണ്ടെങ്കിൽ കേന്ദ്രം ജെ.പി.സി അന്വേഷണത്തിന് തയാറാകണം. അനിൽ അംബാനിക്ക് റഫേല്‍ കരാർ നല്‍കിയത് രാജ്യം കണ്ട ഏറ്റവും വലിയ അഴിമതിയാണ്. റഫേലിൽ അന്വേഷണം നടത്തുന്നത് വരെ കോണ്‍ഗ്രസ് പ്രക്ഷോഭം തുടരുമെന്നും രാജ്യമൊട്ടാകെ പ്രക്ഷോഭം ശക്തമാക്കുമെന്നും കെ.സി വേണുഗോപാല്‍ എം.പി പറഞ്ഞു.

നരേന്ദ്ര മോദിക്കെതിരെ കോൺഗ്രസിനൊപ്പം ചേരുന്ന കാര്യത്തിൽ സി.പി.എമ്മിനാണ് വ്യക്തതയില്ലാത്തത്. 2019 ൽ നരേന്ദ്ര മോദി പ്രധാനമന്ത്രിയാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.