വാളയാർ കേസില്‍ സർക്കാര്‍ വേട്ടക്കാർക്കൊപ്പം ; കോണ്‍ഗ്രസ് ശക്തമായ പ്രക്ഷോഭം തുടരും; 15ന് നിയമസഭാ മാർച്ച് : കൊടിക്കുന്നില്‍ സുരേഷ് എം.പി

Jaihind Webdesk
Tuesday, November 12, 2019

തിരുവനന്തപുരം : വാളയാര്‍ കേസില്‍ സി.ബി.ഐ അന്വേഷണം എന്ന ആവശ്യത്തില്‍ നിന്ന് കോണ്‍ഗ്രസ് പിന്നോട്ടില്ലെന്ന് കെ.പി.സി.സി വർക്കിംഗ് പ്രസിഡന്‍റ് കൊടിക്കുന്നിൽ സുരേഷ് എം.പി. ഇക്കാര്യം ഉന്നയിച്ച് ഭാരതീയ ദളിത് കോണ്‍ഗ്രസിന്‍റെ നേതൃത്വത്തില്‍ നവംബര്‍ 15 ന് നിയമസഭാ മാർച്ച് സംഘടിപ്പിക്കും. കോൺഗ്രസ്‌ പ്രവർത്തക സമിതി അംഗം ഉമ്മൻ ചാണ്ടി, കെ.പി.സി.സി പ്രസിഡന്‍റ്‌ മുല്ലപ്പള്ളി രാമചന്ദ്രൻ, പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തല എന്നിവർ മാർച്ചിൽ അണിനിരക്കും. കുട്ടികളുടെ കുടുംബത്തിന് നീതി നിഷേധിക്കപ്പെടുന്നതിനെതിരെ കോൺഗ്രസ് നടത്തുന്ന സമരം ശക്തമായി തുടരുമെന്നും അദ്ദേഹം തിരുവനന്തപുരത്ത് വാർത്താസമ്മേളനത്തില്‍ പറഞ്ഞു.

കേരളത്തിന്‍റെ മനസാക്ഷിയെ മുറിപ്പെടുത്തിയ വാളയാർ കേസില്‍ സംസ്ഥാന സർക്കാർ ഇരകള്‍ക്കൊപ്പമല്ല, വേട്ടക്കാര്‍ക്കൊപ്പമാണെന്ന് വ്യക്തമായിരിക്കുകയാണ്.  പ്രതികളെ സംരക്ഷിക്കാനാണ് സര്‍ക്കാര്‍ ഇപ്പോഴും ശ്രമിക്കുന്നത്. കൊല്ലപ്പെട്ട കുട്ടികളുടെ കുടുംബത്തിന് ഒരു സഹായം പോലും സർക്കാർ നൽകാൻ തയാറാകുന്നില്ല. ഇന്നുവരെ ഇടത് സര്‍ക്കാരിന്‍റെ ഒരു പ്രതിനിധി പോലും കുടുംബം സന്ദര്‍ശിക്കാന്‍ തയാറായിട്ടില്ല. ഇക്കാര്യത്തില്‍ പട്ടികജാതി-ക്ഷേമ വകുപ്പ് മന്ത്രി എ.കെ ബാലനെയും ഇടതുപക്ഷത്തെ ദളിത് എം.എല്‍.എമാരുടെയും സമീപനത്തെ കൊടിക്കുന്നില്‍ സുരേഷ് രൂക്ഷമായി വിമര്‍ശിച്ചു. സ്വന്തം സമൂഹം പിച്ചിച്ചീന്തപ്പെടുമ്പോൾ പട്ടികജാതിയിൽപ്പെട്ട ഇടതുപക്ഷ എം.എൽ.എമാർ ഉറക്കം നടിക്കുന്നത് അപമാനകരമാണ്.സി.പി.എമ്മിന്‍റെ പോഷകസംഘടനയായ പട്ടികജാതി ക്ഷേമ സമിതിയിലെ ഒരംഗം പോലും വാളയാർ വിഷയത്തിൽ ഒരക്ഷരം മിണ്ടിയിട്ടില്ല. ഈ സമിതി പിരിച്ചുവിടാൻ സി.പി.എം തയാറാകണമെന്നും കൊടിക്കുന്നിൽ ആവശ്യപ്പെട്ടു.

ദളിത് വിഭാഗങ്ങളോട് തുടർച്ചയായി മുഖം തിരിക്കുന്ന സമീപനമാണ് പിണറായി സർക്കാർ സ്വീകരിക്കുന്നത്. മധുവിന്‍റെ ആൾക്കൂട്ടക്കൊലപാതകം പോലെതന്നെ വാളയാർ കേസിലെ പ്രതികളെയും രക്ഷപ്പെടുത്താനുള്ള എല്ലാ തിരക്കഥയും പിണറായി സർക്കാർ തയാറാക്കിക്കഴിഞ്ഞെന്ന് കൊടിക്കുന്നിൽ സുരേഷ് ആരോപിച്ചു. പട്ടിക ജാതി പട്ടിക വർഗ കമ്മീഷൻ നോക്കുകുത്തിയായി മാറി. സി.പി.എമ്മിന്‍റെ പോഷകസംഘടനയായി കമ്മീഷൻ മാറിയെന്നും കൊടിക്കുന്നിൽ സുരേഷ് കുറ്റപ്പെടുത്തി. എല്ലാ വിഭാഗങ്ങളിലും സർക്കാരിന് ഉപദേശകന്മാരുണ്ട്. എന്നാൽ പട്ടികജാതി പട്ടിക വർഗ വിഭാഗങ്ങൾക്കുവേണ്ടി ഒരു ഉപദേശകനെ നിയമിക്കാത്തത് എന്തുകൊണ്ടാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും കൊടിക്കുന്നില്‍ സുരേഷ് ചോദിച്ചു. വാളയാറിലെ കുട്ടികളുടെ മാതാപിതാക്കളെക്കൊണ്ട് കാലുപിടിപ്പിച്ച മുഖ്യമന്ത്രി പിണറായി വിജയന്‍ മാപ്പ് പറയാന്‍ തയാറാകണമെന്ന് വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്ത ദളിത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ കെ.കെ ഷാജു ആവശ്യപ്പെട്ടു.