സംസ്ഥാന വ്യാപകമായി കോൺഗ്രസ് ഇന്ന് പോലീസ് സ്റ്റേഷൻ മാർച്ച് സംഘടിപ്പിക്കും

Jaihind News Bureau
Saturday, March 7, 2020

സി.എ.ജി റിപ്പോർട്ടിൽ കണ്ടെത്തിയ ഗുരുതര ക്രമക്കേടുകൾ സിബിഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് സംസ്ഥാന വ്യാപകമായി പോലീസ് സ്റ്റേഷൻ മാർച്ച് സംഘടിപ്പിക്കും. പോലീസ് സ്റ്റേഷൻ മാർച്ചിന്‍റെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം വിഴിഞ്ഞം പൊലീസ് സ്റ്റേഷന് മുന്നിൽ കെ പി സി സി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ നിർവഹിക്കും.

സി.എ.ജി റിപ്പോർട്ടിൽ അതീവ ഗുരുതരമായ വിമർശനങ്ങളാണ് ഡിജിപിക്കും പോലീസ് സേനക്കും നേരെ ഉയർന്നത്. കടുത്ത ആക്ഷേപങ്ങൾ ഡിജിപി ലോക്‌നാഥ് ബെഹ്‌റയ്ക്ക് നേരെ ഉയർന്നിട്ടും യാതൊരുവിധ നടപടിയും എടുക്കാൻ സർക്കാർ തയ്യാറായിരുന്നില്ല. ഈ സാഹചര്യത്തിലാണ് പൊലീസ് സേനയിൽ നടന്ന ക്രമക്കേടിൽ മുഖ്യമന്ത്രിയുടെയും ഡിജിപിയുടെയും പങ്ക് സിബിഐ അന്വേഷിക്കണമെന്നാണ് ആവശ്യവുമായി കോൺഗ്രസ് രംഗത്തെത്തിയത്. ഈ ആവശ്യം മുൻനിർത്തിയാണ് സംസ്ഥാന വ്യാപകമായി കോൺഗ്രസ് പോലീസ് സ്റ്റേഷൻ മാർച്ച് നടത്താൻ തീരുമാനിച്ചത്. കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റികളുടെ നേതൃത്വത്തിലാണ് സംസ്ഥാനത്തെ മുഴുവൻ പോലീസ് സ്റ്റേഷനുകളിലേക്കും മാർച്ച് നടത്തുക. സംസ്ഥാന വ്യാപകമായി നടക്കുന്ന പോലീസ് സ്റ്റേഷൻ മാർച്ചിന്‍റെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം വിഴിഞ്ഞം പൊലീസ് സ്റ്റേഷന് മുന്നിൽ കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ ഉദ്ഘാടനം ചെയ്യും. കൊല്ലം വെസ്റ്റ് പോലീസ് സ്റ്റേഷനിൽ കോൺഗ്രസ് പ്രവർത്തക സമിതി അംഗം ഉമ്മൻചാണ്ടിയും ആലപ്പുഴ നോർത്ത് പോലീസ് സ്റ്റേഷനിൽ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും മാർച്ച് ഉദ്ഘാടനം ചെയ്യും. മറ്റ് ജില്ലകളിൽ കെ.പി.സി.സി, ഡി.സി.സി ഭാരവാഹികളും ജനപ്രതിനിധികളും മാർച്ച് ഉദ്ഘാാടനം ചെയ്യും.പോലീസ് സ്റ്റേഷനുകളിലേക്ക് നടത്തുന്ന മാർച്ച് തികച്ചും സമാധാനപരമായിരിക്കണമെന്ന് പ്രവർത്തകർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.

teevandi enkile ennodu para