‘രാജ്യത്തെ വിഭജിക്കുന്നതിനിടയ്ക്ക് സമയം കിട്ടിയാല്‍ ഇതൊന്ന് വായിക്കൂ’ : മോദിക്ക് ഭരണഘടന അയച്ചുകൊടുത്ത് കോൺഗ്രസ്

Jaihind News Bureau
Sunday, January 26, 2020

ന്യൂഡൽഹി : റിപ്പബ്ലിക് ദിനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഭരണഘടന അയച്ചുകൊടുത്ത് കോൺഗ്രസ്. ‘രാജ്യത്തെ വിഭജിക്കുന്നതിനിടയ്ക്ക് സമയം കിട്ടിയാല്‍ ഇതൊന്ന് വായിക്കൂ’ എന്ന കുറിപ്പോടെയാണ് മോദിക്ക് ഭരണഘടന അയച്ചുകൊടുത്തത്. ആമസോൺ ഓൺലൈനിലില്‍ നിന്നാണ് പ്രധാനമന്ത്രിയുടെ വിലാസത്തില്‍ ഭരണഘടന ബുക്ക് ചെയ്തത്. ആമസോണിലെ വിശദാംശങ്ങള്‍ സഹിതം കോണ്‍ഗ്രസ് ട്വീറ്റ് ചെയ്തു.

‘പ്രിയ പ്രധാനമന്ത്രീ, ഭരണഘടന ഉടൻ അങ്ങേയ്ക്ക് ലഭിക്കും. രാജ്യത്തെ വിഭജിക്കുന്നതിനിടയില്‍ സമയം ലഭിക്കുമ്പോള്‍ ദയവായി അത് വായിക്കുക. ആദരവോടെ, കോൺഗ്രസ്’ – കോണ്‍ഗ്രസ് ട്വീറ്റ് ചെയ്തു.

ഭരണഘടനയുടെ ആർട്ടിക്കിൾ 14 എല്ലാവർക്കും സമത്വം ഉറപ്പാക്കുന്നുവെന്ന കാര്യം മനസിലാക്കുന്നതിൽ ബി.ജെ.പി പരാജയപ്പെട്ടതായി കോൺഗ്രസ് ആരോപിച്ചു. എല്ലാത്തരം വിവേചനങ്ങളില്‍ നിന്നും ജനങ്ങള്‍ക്ക് സംരക്ഷണം നല്‍കുന്നതാണ് നമ്മുടെ ഭരണഘടന. വിവേചനപരമായ ഏതൊരു നിയമവും ഭരണഘടനാ വിരുദ്ധമാണ്. പൗരത്വ ഭേദഗതി നിയമം നടപ്പിലാക്കുന്നതിലൂടെ ഭരണഘടനാ ലംഘനമാണ് ബി.ജെ.പി സർക്കാർ നടത്തിയിരിക്കുന്നതെന്നും കോണ്‍ഗ്രസ് പറഞ്ഞു.