പൗരത്വ ഭേദഗതി നിയമം : സമരത്തെ മുഖ്യമന്ത്രി മുതലെടുക്കുന്നു ; ഇനി സി.പി.എമ്മുമായി യോജിച്ച സമരത്തിനില്ലെന്ന് വ്യക്തമാക്കി കോണ്‍ഗ്രസ് ; സമരം ശക്തമാക്കുമെന്നും നേതാക്കള്‍

Jaihind News Bureau
Tuesday, January 14, 2020

പൗരത്വ ഭേദഗതി നിയമത്തിനെതിരായ സമരത്തിൽ സി.പി.എമ്മിന്‍റെയും മുഖ്യമന്ത്രി പിണറായി വിജയന്‍റെയും നിലപാടിനെതിരെ കോൺഗ്രസ്. സമരത്തിൽ മുഖ്യമന്ത്രി രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിക്കുന്നുവെന്ന് കോൺഗ്രസ് പ്രവർത്തക സമിതിയംഗം ഉമ്മൻ ചാണ്ടി. പൗരത്വ നിയമത്തിനെതിരായ സമരത്തിന്‍റെ ക്രെഡിറ്റ് ഏറ്റെടുക്കാൻ സി.പി.എമ്മും സംസ്ഥാന സർക്കാരും ശ്രമിക്കുകയാണെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിക്കുന്നതില്‍ നിന്ന് സി.പി.എം പിന്മാറണമെന്നും കോണ്‍ഗ്രസ് ഒറ്റക്കെട്ടായി മുന്നോട്ട് പോകുമെന്ന് കെ.പി.സി.സി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രനും പറഞ്ഞു. ഇനി സി.പി.എമ്മുമായി യോജിച്ച സമരത്തിനില്ലെന്നും നേതാക്കള്‍ വ്യക്തമാക്കി. ഡല്‍ഹി കേരള ഹൌസില്‍ നടന്ന വാർത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു നേതാക്കള്‍.

പൗരത്വ ഭേദഗതി നിയമം പിന്‍വലിക്കുക എന്ന ഒരേ ലക്ഷ്യത്തോടെ ഒറ്റക്കെട്ടായാണ് കോണ്‍ഗ്രസ് മുന്നോട്ടുപോകുന്നതെന്ന് കോൺഗ്രസ് പ്രവർത്തക സമിതിയംഗം ഉമ്മൻ ചാണ്ടി പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയന്‍ രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിക്കുകയാണ് ചെയ്യുന്നത്. കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനെ ഒറ്റപ്പെടുത്തി ആക്രമിക്കാനാണ് മുഖ്യമന്ത്രി ശ്രമിച്ചത്. അസ്വാരസ്യങ്ങളുണ്ടെന്ന് വരുത്തിത്തീർക്കാനാണ് സി.പി.എം ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ കോണ്‍ഗ്രസ് ഒരേ മനസോടെ ഒറ്റക്കെട്ടായാണ് മുന്നോട്ടുപോകുന്നത്. പൗരത്വ ഭേദഗതി നിയമത്തിനെതിരെ 18 ന് കോഴിക്കോട് കടപ്പുറത്ത് മഹാറാലി നടത്തും. മുതിർന്ന  കോണ്‍ഗ്രസ് നേതാവ് കപില്‍ സിബല്‍ റാലിയില്‍ പങ്കെടുക്കും. മോദി രാജ്യം കണ്ട ഏറ്റവും ക്രൂരനായ ഫാസിസ്‌റ്റാണ്. ജെ.എന്‍.യുവിലും ജാമിയയിലും ഉള്‍പ്പെടെയുള്ളിടങ്ങളിലെ പൊലീസ് നടപടി ക്രൂരമാണ്. ഒരു ജനാധിപത്യ രാജ്യത്ത് ഒരിക്കലും ഉണ്ടാകാന്‍ പാടില്ലാത്ത കാര്യങ്ങളാണിത്. പൊലീസിനെ ഉപയോഗിച്ച് പ്രതിഷേധങ്ങളെ അടിച്ചമർത്താനാവില്ലെന്നും ഉമ്മൻ ചാണ്ടി ഡൽഹിയിൽ പറഞ്ഞു.

പൗരത്വ നിയമം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ശക്തമായ സമര രംഗത്താണ് കോൺഗ്രസെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. എല്ലാ പ്രതിപക്ഷകക്ഷികളെയും ഒന്നിപ്പിച്ചുകൊണ്ട് കോൺഗ്രസിന്‍റെ നേതൃത്വത്തിലാണ് രാജ്യത്ത് പൗരത്വ നിയമത്തിനെതിരെ ശക്തമായ പ്രക്ഷോഭം നടക്കുന്നത്. നിയമം നടപ്പാക്കില്ലെന്ന് ആദ്യം പ്രഖ്യാപിച്ചത് പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിംഗാണ്. ഇതിന്‍റെ ചുവട് പിടിച്ചാണ് മറ്റ് സംസ്ഥാനങ്ങൾ ഈ മാതൃക പിന്തുടർന്നത്. കേരളത്തിൽ യു.ഡി.എഫ് സമരത്തിന്‍റെ മുന്നണിയിലാണ്. കേരളത്തിൽ യോജിച്ച പ്രക്ഷോഭം എന്ന ആശയം മുന്നോട്ടുവെച്ചത് മറ്റ് സംസ്ഥാനങ്ങൾക്ക് ശക്തമായ സന്ദേശം നൽകാൻ വേണ്ടിയായിരുന്നു. എന്നാൽ പിന്നീട് സി.പി.എം ഇത് മുതലെടുക്കാൻ ശ്രമിക്കുകയാണ് ചെയ്തത്. കോൺഗ്രസിൽ അഭിപ്രായവ്യത്യാസം ഉണ്ടെന്ന് വരുത്തിത്തീർക്കാൻ സി.പി.എം ശ്രമിച്ചു. എന്നാൽ കോൺഗ്രസിൽ യാതൊരു അഭിപ്രായവ്യത്യാസവും ഇല്ലെന്നും കോൺഗ്രസ് ഒറ്റക്കെട്ടാണെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി. സർവകക്ഷിയോഗം വിളിക്കണമെന്നും നിയമസഭ വിളിച്ച് പ്രമേയം പാസാക്കണമെന്ന ആവശ്യം മുന്നോട്ടുവെച്ചതും പ്രതിപക്ഷമായിരുന്നു. എന്നാൽ ഇതെല്ലാം ഇടതുപക്ഷത്തിന്‍റെ നേട്ടമാണെന്ന് വരുത്തിത്തീർക്കാനുള്ള ശ്രമങ്ങളാണ് കാണാനായത്. ഇതിനോട് യോജിക്കാനാവില്ല. കെ.പി.സി.സി അധ്യക്ഷനെ ഒറ്റപ്പെടുത്തി ആക്രമിക്കാൻ അനുവദിക്കില്ലെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി. ഇത്തരത്തിൽ രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിക്കുന്നത് മുഖ്യമന്ത്രി പദവിക്ക് ചേർന്നതാണോ എന്ന് പിണറായി ചിന്തിക്കണമെന്നും രമേശ് ചെന്നിത്തല പറഞ്ഞു. മുസ്ലീം ലീഗാണ് പൗരത്വ നിയമത്തിനെതിരെ സുപ്രീം കോടതിയെ ആദ്യം സമീപിച്ചത്. അതിന് ശേഷം നേതാക്കന്മാരുമായി കൂടിയാലോചിച്ചതിന് ശേഷം പ്രതിപക്ഷ നേതാവ് എന്ന നിലയില്‍ താന്‍ സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു. ഇക്കാര്യങ്ങളിലെല്ലാം വ്യക്തമായ കാഴ്ചപ്പാട് കോണ്‍ഗ്രസിനുണ്ടെന്നും മാർക്സിസ്റ്റ് പാർട്ടിയുടെ ഒരു ചിറ്റും തങ്ങള്‍ക്ക് ആവശ്യമില്ലെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി.

പൗരത്വ നിയമത്തിനെതിരായ സമരത്തിൽ കോൺഗ്രസിൽ യാതൊരു അസ്വാരസ്യങ്ങളും ഇല്ലെന്ന് കെ.പി.സി.സി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രനും വ്യക്തമാക്കി. തുടർന്നുള്ള സമരങ്ങളിലും ഒറ്റക്കെട്ടായി മുന്നോട്ട് പോകും. ഫാസിസത്തിനെതിരായ സമരത്തില്‍ യാതൊരു വിട്ടുവീഴ്ചയ്ക്കും തയാറല്ല. കോണ്‍ഗ്രസില്‍ അസ്വാരസ്യങ്ങളുണ്ടെന്ന് വരുത്തിത്തീർക്കാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നത്. എന്നാല്‍ ഇത് വിലപ്പോവില്ല. രാജ്യത്ത് അങ്ങോളമിങ്ങോളമുള്ള ശക്തമായ സമരപരിപാടികള്‍ക്ക് നേതൃത്വം നല്‍കുന്നത് കോണ്‍ഗ്രസാണ്. അതിനിയും ശക്തമായി തുടരുമെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ ഡൽഹിയിൽ പറഞ്ഞു.

https://www.facebook.com/JaihindNewsChannel/videos/796832577446960/