റഫേല്‍ വിഷയത്തില്‍ കോണ്‍ഗ്രസ് നേതാക്കള്‍ CAG യെ കണ്ടു

Jaihind Webdesk
Thursday, October 4, 2018

റഫേൽ ഇടപാടിൽ കോൺഗ്രസ് നേതാക്കൾ സി.എ.ജി യുമായി കൂടിക്കാഴ്ച നടത്തി. കരാറിലെ കൂടുതൽ ക്രമക്കേടുകളെക്കുറിച്ച് വിശദാംശങ്ങൾ കോൺഗ്രസ് സി.എ.ജിക്ക് കൈമാറി.

ഇത് രണ്ടാം തവണയാണ് സി.എ.ജി യുമായി കോൺഗ്രസ് നേതാക്കൾ റഫേൽ വിഷയത്തിൽ കൂടിക്കാഴ്ച നടത്തുന്നത്. റാഫേലിന് കേന്ദ്ര സർക്കാർ നിശ്ചയിച്ച അടിസ്ഥാന വില കൂടിപ്പോയെന്ന് പ്രതിരോധ മന്ത്രാലയ ഉദ്യോഗസ്ഥന്‍ രാജീവ് വർമ വിയോജനക്കുറിപ്പ് എഴുതിയിരുന്നു. എന്നാൽ വിയോജനക്കുറിപ്പ്, മുതിർന്ന ഉദ്യോഗസ്ഥയെകൊണ്ട് കുറിപ്പെഴുതിച്ച് കേന്ദ്ര സര്‍ക്കാര്‍ മറികടന്നത്‌ കോൺഗ്രസ് സി.എ.ജിയുടെ ശ്രദ്ധയിൽപ്പെടുത്തി.

എച്ച്.എ.എല്ലുമായി അവസാന വട്ട ചർച്ചയിൽ ആണെന്ന് ദാസോ സി.ഇ.ഒ പറഞ്ഞത് പിന്നീട് മോദിയുടെ ഫ്രാൻസ് സന്ദര്‍ശനത്തോടെ മാറിയത് എങ്ങനെയാണെന്ന് പരിശോധിക്കണമെന്നും കോൺഗ്രസ് ആവശ്യമുന്നയിച്ചു.

റഫേൽ വിഷയത്തിൽ കൂടുതൽ വെളിപ്പെടുത്തലുകൾ ഉണ്ടാകുമെന്ന് പറഞ്ഞ കോൺഗ്രസ് നേതാക്കൾ സമ്പദ് വ്യവസ്ഥയെ കേന്ദ്ര സർക്കാർ ഐ.സി.യുവിലാക്കിയെന്നും മൂല്യമിടിയുന്ന രൂപയെ രക്ഷിക്കാൻ കേന്ദ്ര സർക്കാരിന് വ്യക്തമായ പദ്ധതി ഇല്ലെന്നും കുറ്റപ്പെടുത്തി.

ആനന്ദ് ശർമ, ജയറാം രമേശ്, അഹമ്മദ് പട്ടേൽ, രണ്‍ദീപ് സിംഗ് സുർജേലവാല എന്നിവരുള്‍പ്പെട്ട സംഘമാണ് സി.എ.ജിയെ കണ്ടത്.