വട്ടിയൂർക്കാവിലും കോന്നിയിലും സിപിഎമ്മും ബിജെപിയും ധാരണയിലെത്തിയെന്ന് കോണ്‍ഗ്രസ്

Jaihind News Bureau
Tuesday, October 1, 2019

വട്ടിയൂർക്കാവിലും കോന്നിയിലും സി പി എമ്മും ബി ജെ പിയും ധാരണയിലെത്തിയതായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇത്തരമൊരു ധാരണ കാരണമാണ് കുമ്മനത്തെ മത്സര രംഗത്ത് നിന്ന് ഒഴിവാക്കിയതെന്ന് കെ മുരളീധരൻ എം പി യും ആരോപിച്ചു. പാലയിൽ നടന്ന വോട്ടുകച്ചവടം വീണ്ടും ആവർത്തിക്കാനാണ് ഇരുകൂട്ടരുടെയും ശ്രമമെന്ന് കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രനും പറഞ്ഞു. വട്ടിയൂർക്കാവ് നിയോജക മണ്ഡലം യുഡിഎഫ് കൺവൻഷനിൽ സംസാരിക്കുകയായിരുന്നു നേതാക്കൾ.

നേതാക്കളും പ്രവർത്തകരും തിങ്ങിനിറഞ്ഞ വേദിയിലായിരുന്നു ഡോ.കെ മോഹന്‍കുമാറിന്‍റെ തെരഞ്ഞെടുപ്പ് കണ്‍വന്‍ഷന്‍. ഡിസിസി പ്രസിഡന്‍റ് നെയ്യാറ്റിൻകര സനലിന്‍റെ അധ്യക്ഷതയിൽ ചേർന്ന സമ്മേളനം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉത്ഘാടനം ചെയ്തു. സിപിഎം – ബിജെപി രഹസ്യധാരണ ഈ തെരഞ്ഞെടുപ്പിലും രൂപപ്പെട്ടതായി പ്രതിപക്ഷ നേതാവ് പറഞ്ഞു.

സംസ്ഥാന സർക്കാരിനെതിരായ പ്രതിഷേധം അഞ്ചുമണ്ഡലങ്ങളിലും അലയടിക്കുമെന്ന് കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു.

വട്ടിയൂർക്കാവില്‍ ചില വികസന പ്രവർത്തനങ്ങള്‍ക്ക് തടസ്സം നിന്നത് കേന്ദ്ര-സംസ്ഥാന സർക്കാരുകളാണെന്നും രാഷ്ട്രീയവും വികസനവും പറഞ്ഞ് തന്നെയാകും യുഡിഎഫ് വട്ടിയൂർക്കാവിൽ പ്രചാരണം നടത്തുകയെന്നും കെ മുരളീധരന്‍ എംപിയും കൂട്ടിച്ചേർത്തു.

കൊടിക്കുന്നിൽ സുരേഷ് എംപി, എംഎൽഎമാരായ വി.എസ് ശിവകുമാർ, കെ.എസ് ശബരീനാഥന്‍, അനൂപ് ജേക്കബ് തുടങ്ങിയവരും സമ്മേളനത്തിൽ പങ്കെടുത്തു.

https://youtu.be/-Xk0rESmYH0