കമ്മ്യൂണിറ്റി കിച്ചൻ നടത്തിപ്പ് വിവാദത്തില്‍ കുറ്റക്കാർക്കെതിരെ നടപടിയില്ല, അഭിപ്രായം പറഞ്ഞ പൊതുപ്രവർത്തകനെതിരെ കേസ്; അഴിമതിയും അനധികൃത പണപിരിവ് മറച്ചുവയ്ക്കുന്നതിനുമെന്ന് ആരോപണം; കമ്യൂണിറ്റി കിച്ചണിൽ UDF പ്രവർത്തകർ വിഷം കലർത്തുമെന്ന് പ്രചരിപ്പിച്ച DYFI പ്രവർത്തകനെതിരെ കേസ്

Jaihind News Bureau
Wednesday, April 1, 2020

എറണാകുളം ജില്ലയിലെ നെല്ലിക്കുഴി ഗ്രാമപഞ്ചായത്തിന്‍റെ കമ്മ്യൂണിറ്റി കിച്ചൻ നടത്തിപ്പുമായി ബന്ധപ്പെട്ട വിവാദ വിഷയത്തിൽ സോഷ്യൽ മീഡയയിൽ അഭിപ്രായം രേഖപ്പെടുത്തിയതിന് പൊതുപ്രവർത്തകനും മുൻ പഞ്ചായത്ത് മെമ്പറുമായ വ്യക്തിക്കെതിരെ പഞ്ചായത്ത് പ്രസിഡന്‍റിന്‍റെ പരാതിയിൽ കോതമംഗലം പോലീസ് കേസ് എടുത്തു. അതേ സമയം പഞ്ചായത്തിന്‍റെ കമ്യൂണിറ്റി കിച്ചണിൽ യുഡിഎഫ് പ്രവർത്തകർ വിഷം കലർത്തുമെന്ന പോസ്റ്റ് പ്രചരിപ്പിച്ച ഡിവൈഎഫ്ഐ പ്രവർത്തകനെതിരെയും പോലീസ് കേസെടുത്തിട്ടുണ്ട്.

പഞ്ചായത്തിന്‍റെ കമ്മ്യൂണിറ്റി കിച്ചൻ വഴി നൽകുന്ന ഭക്ഷണം കഴിക്കാൻ കൊള്ളില്ലെന്നും, രണ്ട് ചപ്പാത്തി കൊണ്ട് യാതൊരു പ്രയോജനമില്ല എന്നും അഥിതി തൊഴിലാളികൾ വാട്സപ്പിലൂടെ ഷെയർ ചെയ്ത വീഡിയോ മെസേജ് നെല്ലിക്കുഴിയിലെ തന്നെ പഞ്ചായത്തംഗം പഞ്ചായത്ത് ഭരണസമിതിക്കെതിരെ ഇട്ട പോസ്റ്റിൽ കമന്‍റായി ഇട്ടു എന്ന കാരണത്തിനാണ് മുൻ പഞ്ചായത്തംഗമായ അലിക്കെതിരെ പോലീസ് കേസ് എടുത്തിരിക്കുന്നത് .

ഭക്ഷണം മോശമാണെന്ന രീതിയിൽ വീഡിയൊ പ്രചരിപ്പിച്ച അന്യസംസ്ഥാന തൊഴിലാളിക്ക് എതിരെയും കേസ് രജിസ്റ്റർ ചെയ്‌തതായി സിഐ അറിയിച്ചു. ഈ കേസ് രാഷ്ട്രീയ പ്രേരിതമാണെന്നും പഞ്ചായത്ത് ഭരണസമിതി നടത്തുന്ന അഴിമതിയും അനധികൃത പണപിരിവ് മറച്ചുവയ്ക്കുന്നതിനുമുള്ള കള്ളകേസാണ് ഇതെന്നും അലി പറയുന്നു.

പഞ്ചായത്ത് സെക്രട്ടറിയുടെ നേതൃത്വത്തിൽ നടക്കേണ്ട കമ്മ്യൂണിറ്റി കിച്ചൻ ആരോഗ്യ വകുപ്പിന്‍റെയൊ, സർക്കാരിന്‍റെയൊ യാതൊരു നിർദ്ദേശങ്ങളും പാലിക്കാതെ സിപിഎം നേതാക്കളുടെയും, അണികളുടെയും നേതൃത്വത്തിലാണ് പഞ്ചായത്തിൽ കിച്ചൻ പ്രവർത്തിക്കുന്നതെന്നും അതിനെതിരെ യാതൊരു നടപടിയും സ്വീകരിക്കാതെ കേവലം ഒരു കമന്‍റ് ചെയ്തതിന്‍റെ പേരിൽ നിയമ നടപടി സ്വീകരിച്ചത് പോലീസിന്‍റെയും, ഭരണപക്ഷ നേതാക്കളുടെയും ഒത്തുകളിയുടെ ഭാഗമായാണ് എന്നാണ് പ്രതിപക്ഷമായ കോൺഗ്രസിന്‍റെ ആരോപണം.

അതേ സമയം യൂത്ത് കോൺഗ്രസ് പ്രവർത്തകരെ കമ്യൂണിറ്റി കിച്ചനിൽ കയറ്റിയാൽ അവർ ഭക്ഷണത്തിൽ വിഷം കലർത്തും എന്ന് ഫെയ്സ്ബുക്കില്‍ പോസ്റ്റ് ഇട്ട കോതമംഗലത്തെ ഡിവൈഎഫ്ഐ പ്രവർത്തകന് എതിരെ യുഡിഎഫ് നേതൃത്വം നൽകിയ പരാതിയിലാണ് പോലീസ് കേസ് എടുത്തത്.