സ്വാഗതപ്രസംഗം നീണ്ടു, വേദിയില്‍ ക്ഷുഭിതനായി മുഖ്യമന്ത്രി; പഞ്ചായത്ത് പ്രസിഡന്‍റിന് ശകാരം

Jaihind Webdesk
Tuesday, February 26, 2019

കൊല്ലത്ത് സര്‍ക്കാറിന്‍റെയും പാര്‍ട്ടിയുടെയും പൊതുപരിപാടികളില്‍ ഉരിയാടാതെ മുഖ്യമന്ത്രി പിണറായി വിജയന്‍. ആദ്യപരിപാടിയില്‍ സ്വാഗതപ്രസംഗം നീണ്ടുപോയതിനെത്തുടര്‍ന്ന് കൊല്ലം ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റിനെ മുഖ്യമന്ത്രി ശകാരിച്ചു. അതേസമയം സംഭവം വിവാദമായതോടെ തുടര്‍ച്ചയായ പരിപാടികള്‍ മൂലമുള്ള തൊണ്ടവേദനയെ തുടര്‍ന്നാണ് മുഖ്യമന്ത്രി സംസാരിക്കാതിരുന്നതെന്നാണ് ഔദ്യോഗിക വിശദീകരണം.

സര്‍ക്കാരിന്‍റെയും സി.പി.എമ്മിന്‍റേതുമുള്‍പ്പെടെ അഞ്ച് പരിപാടികളാണ് മുഖ്യമന്ത്രി പിണറായി വിജയന് കൊല്ലത്തുണ്ടായിരുന്നത്. കൊല്ലം ജില്ലാ ആശുപത്രിയിലെ വിവിധ പദ്ധതികളുടെ ഉദ്ഘാടനമായിരുന്നു ആദ്യം. ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് സി രാധാമണി സ്വാഗത പ്രസംഗം നീട്ടിയതോടെയാണ് മുഖ്യമന്ത്രി ക്ഷുഭിതനായത്. സ്വാഗതപ്രസംഗം നീണ്ടുപോയതിന് രാധാമണിയെ മുഖ്യമന്ത്രി ശകാരിക്കുകയും ചെയ്തു.

മന്ത്രി കെ.കെ ശൈലജ ജില്ലാ പ്രസിഡന്‍റിനോട് പ്രസംഗം ചുരുക്കാന്‍ ആവശ്യപ്പെട്ടെങ്കിലും നാല്‍പതോളം പേരുകള്‍ പറഞ്ഞ് പ്രസംഗം തുടരുന്നതിനിടെ മുഖ്യമന്ത്രി ഇടപെടുകയായിരുന്നു. തുടർന്ന് ചടങ്ങ് ഉദ്ഘാടനം ചെയ്യേണ്ടിയിരുന്ന മുഖ്യമന്ത്രി പക്ഷേ ഉദ്ഘാടന പ്രസംഗം നടത്താതെ മടങ്ങുകയും ചെയ്തു.

അതേ സമയം ആരോഗ്യകാരണങ്ങളാലാണ് മുഖ്യമന്ത്രി സംസാരിക്കാതിരുന്നത് എന്ന് മന്ത്രി കെ.കെ ശൈലജ പറഞ്ഞു. ആദ്യപരിപാടിക്ക് ശേഷം നടന്ന കൊല്ലം കോര്‍പറേഷന്‍റെ വീടുകളുടെ താക്കോല്‍ ദാനവും ദേശാഭിമാനി പ്രിന്‍റിംഗ് പ്രസ് ഉദ്ഘാടനവും അടക്കം നാല് പരിപാടികളിലും പങ്കെടുത്ത് മുഖ്യമന്ത്രി മടങ്ങി.[yop_poll id=2]