കൂടത്തായ് ടോം തോമസ് വധക്കേസിൽ കുറ്റപത്രം സമർപ്പിച്ചു. ആയിരത്തി അറുപത്തിയൊൻപത് പേജുള്ള കുറ്റപത്രമാണ് സമർപ്പിച്ചത്. മുൻകൂട്ടി തയ്യാറാക്കിയ തിരക്കഥയുടെ അടിസ്ഥാനത്തിലായിരുന്നു കൊലപാതകം. ഇതിനായി ടോം തോമസിന്റെ വിദേശയാത്ര ജോളി ഗർഭിണിയാണെന്ന് കള്ളം പറഞ്ഞ് മുടക്കി. ജോളി ടോം തോമസിന് ഗുളിക നൽകുന്നത് നേരിൽക്കണ്ട ജോളിയുടെ മൂത്ത മകനാണ് കേസിലെ ഒന്നാം സാക്ഷി.
സ്വത്ത് തട്ടിയെടുക്കുക എന്ന ഉദ്ദേശത്തോടെയാണ് ടോം തോമസിനെ ജോളി കൊലപ്പെടുത്തിയത്. മഷ്റൂം ക്യാപ്സ്യൂളില്‍ സയനൈഡ് നിറച്ച് നല്‍കിയാണ് ടോം തോമസിനെ ജോളി കൊലപ്പെടുത്തിയത് എന്നാണ് കുറ്റപത്രം. വീട്ടിലെ സന്ധ്യാ പ്രാര്‍ത്ഥനയ്ക്ക് മുമ്പാണ് ജോളി ഗുളിക നല്‍കിയത്. പ്രാര്ത്ഥനയ്ക്കിടയില് ടോം തോമസ് കുഴഞ്ഞ് വീണു. പിന്നീട് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. ആദ്യത്തെ വ്യാജ ഒസ്യത്ത് തയ്യാറാക്കിയ ശേഷമാണ് ടോം തോമസിനെ ജോളി കൊലപ്പെടുത്തുന്നത്. ഗർഭിണിയാണെന്ന് തെറ്റിധരിപ്പിച്ച് ടോം തോമസിന്റെ അമേരിക്കൻ യാത്ര മുടക്കിയത് മനപ്പൂർവ്വമായിരുന്നെന്ന് പോലീസ് കണ്ടെത്തി. ഗുളിക നൽകുന്നത് കണ്ടുവെന്ന ജോളിയുടെ മൂത്ത മകന്റെ മൊഴി കേസിൽ നിർണ്ണായകമാണ്.
ടോം തോമസിന്റെ പക്കൽ നിന്ന് പലപ്പോഴായി ജോളി സ്വന്തമാക്കിയ പണത്തിന്റെ രേഖകളും പ്രധാന തെളിവാണ്. 25 പോലീസുകാരും മൂന്ന് മജിസ്ട്രേറ്റുമാരും ഉൾപ്പെടെ 175 സാക്ഷികൾ കേസിലുണ്ട്.
ടോംതോമസ് മരിച്ചശേഷം രണ്ടാമത് വ്യാജ ഒസ്യത്തുണ്ടാക്കി രജിസ്റ്റർ ചെയ്തതിന്റെ രേഖകളും പോലീസ് ഹാജരാക്കി. അതെ സമയം പരിശോധനക്ക് അയച്ച മൃതദേഹാവശിഷ്ടങ്ങളുടെ ഫലം ലഭ്യമായിട്ടില്ല. അത് അടുത്ത ദിവസം പുറത്ത് വരും. കൂടത്തായ് കേസിലെ അവസാന കുറ്റപത്രം അടുത്താഴ്ച്ച സമർപ്പിക്കും.