“നെഹ്‌റൂവിയൻ തന്ത്രങ്ങളെ വിമർശിച്ച് സമയം കളയാതെ റാവു-സിങ് സാമ്പത്തിക നയങ്ങള്‍ നടപ്പാക്കൂ”.. കേന്ദ്രസർക്കാരിന്‍റെ സാമ്പത്തിക നയത്തെ രൂക്ഷമായി വിമർശിച്ച് ധനമന്ത്രിയുടെ ഭർത്താവും സാമ്പത്തിക വിദഗ്ധനുമായ പറക്കാല പ്രഭാകര്‍

Jaihind News Bureau
Monday, October 14, 2019

കേന്ദ്രസർക്കാരിന്‍റെ സാമ്പത്തിക നയത്തെ രൂക്ഷമായി വിമർശിച്ച് ധനമന്ത്രി നിർമ്മലാ സീതാരാമന്‍റെ ഭർത്താവും സാമ്പത്തിക വിദഗ്ധനുമായ പറക്കാല പ്രഭാകര്‍. രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ നീങ്ങുമ്പോൾ നെഹ്‌റൂവിയൻ സോഷ്യലിസത്തെയും മറ്റും വിമർശിച്ച് സമയം കളയുന്നതിന് പകരം നരസിംഹറാവു-മൻമോഹൻസിങ് സർക്കാരുകളുടെ സാമ്പത്തിക നയം കേന്ദ്രസർക്കാർ സ്വീകരിക്കണമെന്ന് അദ്ദേഹം അഭിപ്രായപ്പെടുന്നു. വ്യക്തമായ സാമ്പത്തിക നയം രാജ്യത്തിന് ഉണ്ടാകണമെന്നും അദ്ദേഹം ആവശ്യപ്പെടുന്നു.

ഒരു ദിനപത്രത്തിൽ നൽകിയ ലേഖനത്തിലാണ് ബിജെപിയുടെ ഭരണപരാജയത്തെ പറക്കാല പ്രഭാകരൻ രൂക്ഷമായി വിമർശിച്ചിരിക്കുന്നത്. രാജ്യത്തെ ജിഡിപി വളർച്ച ആറ് വർഷത്തെ ഏറ്റവും താഴ്ന്ന നിലയിലാണ്. സാമ്പത്തിക വർഷത്തിലെ ആദ്യ പാദം വെറും 5 ശതമാനം മാത്രമാണ് ജിഡിപി വളർച്ച ഉണ്ടായതെന്നും അദ്ദേഹം പറയുന്നു. തൊഴിലില്ലായ്മ 45 വർഷത്തെ ഉയർന്ന നിരക്കിലാണ്. സ്വതന്ത്ര കമ്പോള ചട്ടക്കൂട് എന്ന് സ്വയം വിശേഷിപ്പിക്കുന്ന ബിജെപിയുടെ വാദങ്ങൾ പ്രായോഗികമായി പരീക്ഷിക്കപ്പെടുന്നില്ല. വെല്ലുവിളികളെ നേരിടാൻ തന്ത്രപരമായ കാഴ്ചപ്പാടുണ്ടെന്ന് വരുത്തിതീർക്കുക മാത്രമാണ് ബിജെപി ചെയ്യുന്നത്. പാർട്ടിയുടെ സാമ്പത്തിക പ്രത്യയശാസ്ത്രവും അതിന്റെ ആവിഷ്‌കാരവും പ്രധാനമായും നെഹ്രുവിയൻ സോഷ്യലിസത്തെ രാഷട്രീയമായി വിമർശിക്കുക എന്നതിൽ മാത്രമായി ചുരുങ്ങിയിരിക്കുന്നു എന്നും അദ്ദേഹം വിമർശിക്കുന്നു.

സാമ്പത്തിക രംഗത്ത് സ്വന്തം നയം വ്യക്തമാക്കാതെ ഒളിച്ചുകളി നടത്തുകയാണ് ബിജെപി ചെയ്യുന്നത്.
വാജ്പേയി സർക്കാരിനു കീഴിൽ സംഘടിപ്പിച്ച ഇന്ത്യ തിളങ്ങുന്നു എന്ന കാമ്പ്യൻ വോട്ടർമാരെ ആകർഷിക്കുന്നതിൽ പരാജയപ്പെടുകയാണ് ചെയ്തത് .പാർട്ടിയുമായി ബന്ധപ്പെടാൻ കഴിയുന്ന സാമ്പത്തിക തത്ത്വചിന്തയോ വാസ്തുവിദ്യയോ ജനങ്ങളിലേക്കെത്തിക്കാൻ പാർട്ടിക്ക് കഴിഞ്ഞിട്ടില്ല എന്നാതാണ് ഈ കാമ്പ്യൻ പരാജയപ്പെടുന്നതിന് പ്രധാന കാരണമെന്നും അദ്ദേഹം വ്യക്തമാക്കുന്നു. നെഹ്റുവിയൻ സാമ്പത്തിക ചട്ടക്കൂടിനെ ആക്രമിക്കുന്നത് ബിജെപി തുടരുകയാണ്. ഇത് രാഷ്ട്രീയ ആക്രമണമായി തുടരുകയാണെങ്കിലും ഒരിക്കലും സാമ്പത്തിക വിമർശനത്തിലേക്ക് കടക്കാനാകുന്നില്ല എന്നും വിമർശിക്കുന്നു. കേന്ദ്രധനകാര്യമന്ത്രി നിർമലാ സീതാരാമന്‍റെ ഭർത്താവിന്‍റെ ഭാഗത്തുനിനുമുള്ള ബിജെപിക്കെതിരായ വിമർശനങ്ങൾ ചൂടു പിടിച്ച ചർച്ചകളിലേക്കാണ് വഴിവെയ്ക്കുന്നത്.