ബിനീഷ് കോടിയേരിയെ നാളെ എന്‍ഫോഴ്സ്മെന്‍റ് വീണ്ടും ചോദ്യം ചെയ്യും ; ബംഗളുരുവിലേക്ക് തിരിച്ചു

Jaihind News Bureau
Monday, October 5, 2020

തിരുവനന്തപുരം : ആഴ്ചകൾക്ക് മുമ്പ് എന്‍ഫോഴ്സ്മെന്‍റ് ചോദ്യം ചെയ്ത സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍റെ മകൻ ബിനീഷ് കോടിയേരി വീണ്ടും ചോദ്യം ചെയ്യലിനായി ബംഗളുരുവിലേക്ക് തിരിച്ചു. സഹോദരൻ ബിനോയ് കോടിയേരിക്കും മറ്റ് രണ്ട് സുഹൃത്തുക്കൾക്കും ഒപ്പമാണ് തിരുവനന്തപുരം ആഭ്യന്തര വിമാനത്താവളത്തിൽ നിന്നും ബിനീഷ് ബംഗളുരുവിലേക്ക് തിരിച്ചത്.

സ്വർണ്ണക്കടത്ത് കേസ്, ബംഗളുരു ലഹരിമരുന്ന് കേസ് എന്നിവയുമായി ബന്ധപ്പെട്ട് ഇ.ഡി വീണ്ടും ചോദ്യം ചെയ്യാൻ വിളിപ്പിച്ചതിനെ തുടർന്നാണ് ബിനീഷ് ബംഗളുരുവിലേക്ക് തിരിച്ചത്. ബിനീഷ് നാളെ വീണ്ടും ചോദ്യം ചെയ്യലിന് ഹാജരാകും. ബിനീഷ് കോടിയേരിയുടെ മൊഴിയിൽ ചില പൊരുത്തക്കേടുകൾ കണ്ടെത്തിയതിനെ തുടർന്നാണ് വീണ്ടും ചോദ്യം ചെയ്യുന്നത്. ബിനീഷുമായി ബന്ധപ്പെട്ട മറ്റ് ചിലരെക്കൂടി ചോദ്യം ചെയ്ത ശേഷമാണ് നാളെ വീണ്ടും ചോദ്യം ചെയ്യാൻ ബിനീഷിനെ വിളിപ്പിച്ചിരിക്കുന്നത്.

അനധികൃത സ്വത്ത് സമ്പാദനത്തിനു പുറമെ ലഹരിമരുന്ന് കടത്ത് കേസിൽ ആരോപണ വിധേയനായ ബിനീഷിനെ നർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോയും ചോദ്യം ചെയ്തേതേക്കും. സ്വപ്‌നയുടെ കള്ളപ്പണ ഇടപാടുകള്‍, അനൂപ് മുഹമ്മദിന്‍റെ സംഘത്തിന്‍റെ കേരളത്തിലേക്കുള്ള ലഹരിക്കടത്ത്, മലയാള ചലച്ചിത്രരംഗത്തെ കള്ളപ്പണ ബന്ധങ്ങള്‍, ചലച്ചിത്ര പ്രവര്‍ത്തകര്‍ക്കിടയിലെ ലഹരിമരുന്ന് ഉപയോഗം എന്നിവ സംബന്ധിച്ച് ചോദ്യം ചെയ്യലിൽ തെളിവ് ലഭിച്ചാൽ ബിനീഷിന്‍റെ നില പരുങ്ങലിലാവും. ബിനീഷിന്‍റെ കമ്പനികളായ ബി ക്യാപ്പിറ്റല്‍ ഫിനാന്‍സ് സര്‍വീസസ്, ബി.ഇ കാപ്പിറ്റല്‍ ഫോറെക്‌സ് ട്രേഡിംഗ്ങ്, ടോറസ് റെമഡീസ്, ബുള്‍സ് ഐ കോണ്‍സപ്റ്റ്‌സ് എന്നിവയെപ്പറ്റിയും ഇ.ഡി അന്വേഷണം തുടരുകയാണ്.