ബെന്നി ബെഹനാന്‍ നാളെ മുതല്‍ തെരഞ്ഞെടുപ്പ് പ്രചരണ രംഗത്ത് സജീവമാകും

Jaihind Webdesk
Friday, April 12, 2019

കൊച്ചി: ഹൃദയാഘാതത്തെ തുടര്‍ന്ന് ആന്‍ജിയോ പ്ലാസ്റ്റിക്ക് വിധേയനായി വിശ്രമത്തിലായിരുന്ന ചാലക്കുടിയിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ബെന്നി ബെഹനാന്‍ വീണ്ടും തിരഞ്ഞെടുപ്പ് പ്രചാരണത്തിലേക്ക് മടങ്ങിയെത്തുന്നു.

നാളെ പുത്തന്‍കുരിശില്‍ എ.കെ ആന്റണി പങ്കെടുക്കുന്ന തെരഞ്ഞെടുപ്പ് പരിപാടിയില്‍ ബെന്നി ബെഹനാന്‍ പങ്കെടുക്കും. ശേഷം വാഹന പ്രചാരണ ജാഥയുമായി അദ്ദേഹം ചാലക്കുടി മണ്ഡലത്തില്‍ സജീവമാകും. കഴിഞ്ഞ ഒരാഴ്ച്ചയായി വീട്ടില്‍ ഒതുങ്ങിക്കൂടേണ്ടി വന്നത് ഒരു രാഷ്ട്രീയ പ്രവര്‍ത്തകന്‍ എന്ന നിലയില്‍ മനോവിഷമം ഉണ്ടാക്കിയെന്ന് ബെന്നി ബെഹനാന്‍ പ്രതികരിച്ചു. പ്രചാരണ രംഗത്തെ തന്റെ അസാന്നിധ്യം മറികടക്കാന്‍ എം.എല്‍.എമാരുടെ നേതൃത്വത്തിലുള്ള പ്രചാരണ പരിപാടികള്‍ക്ക് കഴിഞ്ഞുവെന്ന് അദ്ദേഹം പറഞ്ഞു.

ബെന്നി ബെഹനാന്റെ അസാന്നിധ്യത്തില്‍ പി.ടി. തോമസ് ഉള്‍പ്പെടെയുള്ള നേതാക്കളാണ് പ്രചാരണത്തിന് നേതൃത്വം നല്‍കിയത്. ഈ മാസം അഞ്ചാം തീയതിയാണ് നെഞ്ചുവേദനയെത്തുടര്‍ന്ന് ബെന്നി ബെഹനാനെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്.