മോദി സര്‍ക്കാരിനെതിരെ ബാബാ രാംദേവും; ബി.ജെ.പിയുമായി സഹകരിക്കില്ല

Jaihind Webdesk
Monday, September 17, 2018

പ്രധാനമന്ത്രി നരേന്ദ്രമോദിയെ കൈവിട്ട് യോഗ ഗുരു ബാബ രാംദേവും. മോദി സര്‍ക്കാരിന്‍റെ ജനദ്രോഹ നടപടികള്‍ക്കെതിരെയാണ് ബാബാ രാംദോവിന്‍റെ പ്രതിഷേധം. ദിനംതോറും ഉയരുന്ന ഇന്ധനവില നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ നടപടികള്‍ സ്വീകരിക്കാത്തത് അംഗീകരിക്കാനാവില്ലെന്നും വരുന്ന തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്കായി പ്രവര്‍ത്തിക്കില്ലെന്നും രാംദേവ് വ്യക്തമാക്കി.

തനിക്ക് അവസരം തന്നാല്‍ ഇന്ധന വില പകുതിയായി കുറയ്ക്കാമെന്നും രാംദേവ് പറഞ്ഞു. രാഷ്ട്രീയത്തില്‍ നിന്ന് വിട്ടുനില്‍ക്കാനാണ് ആഗ്രഹമെന്നും താന്‍ ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയുടെ വക്താവ് അല്ലെന്നും സ്വതന്ത്ര നിലപാടാണ് തനിക്കുള്ളതെന്നും അദ്ദേഹം പറഞ്ഞു.

ജനാധിപത്യ സംവിധാനത്തിലുള്ള ഒരു രാജ്യത്തില്‍ ജനങ്ങള്‍ക്ക് പ്രധാനമന്ത്രിയെ വിമര്‍ശിക്കാന്‍ എല്ലാ അവകാശങ്ങളുമുണ്ട്. ഇന്ധനവില ജി.എസ്.ടിയുടെ പരിധിയില്‍ കൊണ്ടുവരണമെന്നും രാംദേവ് അഭിപ്രായപ്പെട്ടു. മോദി സര്‍ക്കാര്‍ ഇന്ധനവില കുറയ്ക്കാന്‍ ഇനിയും തയാറായില്ലെങ്കില്‍ വരുന്ന തെരഞ്ഞെടുപ്പില്‍ ജനങ്ങള്‍ മറുപടി നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്കായി പ്രവര്‍ത്തിച്ച ബാബാ രാംദേവും ഇപ്പോള്‍ എതിരായതോടെ കൂടുതല്‍ പരുങ്ങലിലായിരിക്കുകയാണ് മോദി സര്‍ക്കാര്‍. ലോക്സഭാ തെരഞ്ഞെടുപ്പില്‍ രാംദേവിന്‍റെ നിലപാട് ബി.ജെ.പിക്ക് തിരിച്ചടിയാകുമെന്നത് പാര്‍ട്ടിക്ക് തലവേദന സൃഷ്ടിക്കുന്നുണ്ട്.