അസോ. പ്രൊഫസര്‍ മാത്രമായിരിക്കെ, പ്രൊഫസര്‍ എന്ന പേരില്‍ സത്യപ്രതിജ്ഞ ; ആർ. ബിന്ദുവിന്റെ നടപടി വിവാദത്തില്‍ ; തെറ്റിദ്ധരിപ്പിച്ച് ‘ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി’

Jaihind Webdesk
Friday, May 21, 2021

തിരുവനന്തപുരം : സിപിഎം ആക്ടിങ് സെക്രട്ടറിയും എല്‍ഡിഎഫ് കണ്‍വീനറുമായ എ. വിജയരാഘവന്റെ ഭാര്യ ആര്‍ ബിന്ദുവിന്റെ സത്യപ്രതിജ്ഞ വിവാദത്തില്‍. ‘പ്രൊഫ. ആര്‍ ബിന്ദു’ എന്ന എന്ന ആമുഖത്തോടെ സത്യവാചകം ചൊല്ലിയ നടപടിയാണ് വിവാദമായത്. അസോസിയേറ്റ് പ്രൊഫസര്‍ മാത്രമായ ബിന്ദു, പ്രൊഫസര്‍ എന്ന പേരില്‍ സത്യപ്രതിജ്ഞ ചെയ്യുകയായിരുന്നു. ഗവര്‍ണറുടെ സാന്നിധ്യത്തില്‍ നടന്ന സത്യപ്രതിജ്ഞയില്‍ മന്ത്രി പൊതുസമൂഹത്തെ തെറ്റിദ്ധരിപ്പിച്ചത് ഗൗരവമായ വീഴ്ചയാണെന്നും വിലയിരുത്തല്‍. അസോസിയേറ്റ് പ്രൊഫസര്‍ മാത്രമായ മന്ത്രി പ്രൊഫസറെന്ന് വിശേഷിപ്പിച്ചത് ബോധപൂര്‍വമാണെന്ന ആരോപണവും ശക്തമാണ്.

ഔദ്യോഗികമായി പ്രൊഫസര്‍ എന്ന് വിശേഷിപ്പിച്ച് സത്യപ്രതിജ്ഞ ചെയ്യാന്‍ നിയമം അനുശാസിക്കാതിരിക്കെയാണ് മന്ത്രിയുടെ നടപടി. സത്യപ്രതിജ്ഞാച്ചടങ്ങ് പോലുള്ള ഔദ്യോഗിക പരിപാടികളില്‍ പ്രൊഫസര്‍ എന്ന് വിശേഷിപ്പിക്കുന്നതിനുള്ള കീഴ്വഴക്കവും നിലവിലില്ല.

ബിന്ദുവിന് പ്രൊഫസറായി സ്ഥാനക്കയറ്റം ലഭിച്ചിട്ടില്ലെന്ന ആരോപണം നേരത്തെയും ഉയര്‍ന്നുവന്നിരുന്നു.
കൊച്ചിന്‍ ദേവസ്വം ബോര്‍ഡിന്റെ കീഴിലുള്ള ശ്രീ കേരളവര്‍മ്മ കോളേജില്‍  അസോസിയേറ്റ് പ്രൊഫസറായായിരുന്നു ബിന്ദു പ്രവര്‍ത്തിച്ചിരുന്നത്. സര്‍ക്കാര്‍, അണ്‍-എയിഡഡ്, എയിഡഡ് കോളേജുകളില്‍ പ്രൊഫസര്‍ തസ്തിക നിലവിലില്ല. സര്‍വകലാശാലകളിലെ വിവിധ വകുപ്പുകളിലെ അധ്യാപകര്‍ക്കുമാത്രമാണ് പ്രൊഫസര്‍ തസ്തികകള്‍ അനുവദിക്കുക. കേരള വര്‍മ്മ കോളേജിലെ ഇംഗ്ലീഷ് വിഭാഗം മേധാവിയായിരുന്ന ബിന്ദു, തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനുമുന്നോടിയായി സ്വയം വിരമിക്കുകയായിരുന്നു.

അസി. പ്രൊഫസറായാണ് കോളേജുകളില്‍ അധ്യാപകര്‍ ജോലിയില്‍ പ്രവേശിക്കുക. തുടര്‍ന്ന് 8 വര്‍ഷത്തിനുശേഷം അസോസിയേറ്റ് പ്രൊഫസറായി സ്ഥാനക്കയറ്റം നല്‍കും. പ്രൊഫസര്‍ തസ്തിക ലഭിക്കണമെങ്കില്‍ ഒട്ടേറെ കടമ്പകള്‍ കടക്കേണ്ടതുണ്ട്. യുജിസിയുടെ സെലക്ഷന്‍ കമ്മിറ്റിയാണ് പ്രൊഫസര്‍ തസ്തികയില്‍ നിയമനം നല്‍കുന്നതിനെ കുറിച്ച് തീരുമാനം കൈക്കൊള്ളുന്നത്.

പ്രൊഫസര്‍ തസ്തിക സംബന്ധിച്ച് ഹൈക്കോടതിയില്‍ നിരവധി കേസുകള്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ 2018 ജൂലായ് 17 ന് ഇതു സംബന്ധിച്ച് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. എന്നാല്‍ ഇതുവരെ ആര്‍ക്കും പ്രൊഫസര്‍ തസ്തിക അനുവദിച്ചിച്ചിട്ടില്ലെന്നാണ് വിവരം. ഇതെല്ലാം മറച്ചുവെച്ചായിരുന്നു പ്രൊഫസര്‍ എന്ന വിശേഷണത്തോടെയുള്ള ബിന്ദുവിന്റെ സത്യപ്രതിജ്ഞ. കേരളവര്‍മ്മ കോളേജിലെ ഇംഗ്ലീഷ് വിഭാഗം മോധാവി കൂടിയായിരുന്ന ബിന്ദുവിനെ കഴിഞ്ഞ ഒക്ടോബറില്‍ വൈസ് പ്രിന്‍സിപ്പലായി നിയമിച്ച നടപടിയും വിവാദമായിരുന്നു.