സി.പി.എമ്മിനെ വെട്ടിലാക്കി വീണ്ടും ലൈംഗിക വിവാദം

Jaihind Webdesk
Saturday, March 23, 2019

ആലപ്പുഴ: സി.പി.എമ്മിനെ കുരുക്കിലാക്കി വീണ്ടും ലൈംഗികാരോപണ വിവാദം. ചെര്‍പ്പുളശേരി പീഡനത്തിന് പിന്നാലെ ആലപ്പുഴയിലാണ് പുതിയ ആരോപണം ഉയര്‍ന്നിരിക്കുന്നത്. സി.പി.എം ജില്ലാ കമ്മിറ്റി അംഗവും ഏരിയാ സെക്രട്ടറിയുമായ നേതാവിനെതിരെയാണ് സി.പി.എം ജനപ്രതിനിധിയായ യുവതിയുടെ ഭർത്താവ് പരാതിയുമായി രംഗത്തെത്തിയത്. എന്നാല്‍ തെരഞ്ഞെടുപ്പ് സമയമായതിനാല്‍ പരാതി ഒതുക്കി തീർക്കാനുള്ള ശ്രമത്തിലാണ് സി.പിഎം നേതൃത്വം.

സി.പി.എം നേതാവിന്‍റെ അവിഹിതബന്ധം ചൂണ്ടിക്കാട്ടി യുവതിയുടെ ഭര്‍ത്താവ് സി.പി.എം ജില്ലാ നേതൃത്വത്തിനും സംസ്ഥാന നേതൃത്വത്തിനും പരാതി നല്‍കിയിരുന്നു. ഇതില്‍ നടപടിയുണ്ടായില്ലെന്ന് മാത്രമല്ല, പരാതിയില്‍ കഴമ്പില്ലെന്ന് പറഞ്ഞ് ജില്ലാ നേതൃത്വം കയ്യൊഴിയുകയും ചെയ്തു. എന്നാല്‍ പരാതിക്കത്ത് പുറത്തായതോടെ സി.പി.എം കൂടുതല്‍ പ്രതിരോധത്തിലായി. കത്തിന്‍റെ പകര്‍‌പ്പ് ജയ്ഹിന്ദ് ന്യൂസിന് ലഭിച്ചു.

തന്‍റെ ഭാര്യയുമായി സി.പി.എം നേതാവിന് അവിഹിതമുണ്ടെന്ന് താന്‍ നേരില്‍ മനസിലാക്കിയതാണെന്ന് പരാതിക്കാരന്‍ കത്തില്‍ പറയുന്നു. എന്നാല്‍ ഇക്കാര്യം കണ്ടുപിടിച്ചതോടെ വീട്ടില്‍ നിന്നു പുറത്തായ അവസ്ഥയാണെന്നും തന്‍റെ ജീവന് പോലും ഭീഷണിയുള്ളതായും കത്തില്‍ വ്യക്തമാക്കുന്നു.

മാര്‍ച്ച് 17ന് നല്‍കിയ പരാതിയില്‍ നടപടിയൊന്നുമുണ്ടായില്ലെന്നു മാത്രമല്ല, വിഷയം ഒതുക്കിത്തീര്‍ക്കാനുള്ള ശ്രമങ്ങളാണ് നേതൃത്വത്തിന്‍റെ ഭാഗത്തുനിന്നുണ്ടായത്. തന്‍റെ ഭാര്യയുമായി സി.പി.എം നേതാവിന് ഒന്നര വർഷത്തോളമായി അവിഹിതബന്ധമുണ്ടെന്നാണ് പരാതിക്കാരന്‍ കത്തില്‍ പറയുന്നത്. പാര്‍ട്ടി അടിയന്തരമായി ഇടപെടണമെന്നും ന്യായത്തിന്‍റെ ഭാഗത്തുനില്‍ക്കുമെന്നാണ് പ്രതീക്ഷയെന്നും കത്തില്‍ പറയുന്നു. എന്നാല്‍ പരാതി അടിസ്ഥാനരഹിതമാണെന്ന നിലപാടാണ് ജില്ലാ നേതൃത്വം സ്വീകരിച്ചത്. പീഡനവിവാദങ്ങളില്‍ ഉലഞ്ഞുനില്‍ക്കുന്ന സി.പി.എം തെരഞ്ഞെടുപ്പിന്‍റെ പശ്ചാത്തലത്തില്‍ ഈ പരാതിയും ഒതുക്കിത്തീര്‍ക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് കത്ത് പുറത്തായത്.