കോണ്‍ഗ്രസ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പ് ഒക്ടോബർ 17 ന്; വോട്ടെണ്ണല്‍ 19ന്

Jaihind Webdesk
Sunday, August 28, 2022

ന്യൂഡല്‍ഹി: കോണ്‍‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പ് ഒക്ടോബർ 17 ന് നടത്താന്‍ തീരുമാനം. കോൺഗ്രസ് പ്രവർത്തക സമിതി യോഗത്തിലാണ് തീരുമാനം. കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി, രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവർ ഓണ്‍ലൈനായി യോഗത്തില്‍ പങ്കെടുത്തു. തെരഞ്ഞെടുപ്പ് പ്രഖ്യാപനം സെപ്റ്റംബര്‍ 22 ന് നടത്തും.

17 ന് പുതിയ പ്രസിഡന്‍റിനെ കണ്ടെത്താനുള്ള നടപടികൾക്ക് തുടക്കമാകും. സെപ്റ്റംബര്‍ 24 മുതല്‍ 30 വരെ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാം. തെരഞ്ഞെടുപ്പ് ആവശ്യമായി വന്നാല്‍ ഒക്ടോബര്‍ 17 ന് നടത്തും. സെപ്റ്റംബര്‍ 30 ആണ് പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി. കൂടുതൽ സ്ഥാനാർത്ഥികളുണ്ടെങ്കിൽ സ്ഥാനാർത്ഥി പട്ടിക ഒക്ടോബർ 8 ഓടെ പ്രഖ്യാപിക്കും. ഒരാഴ്ചയിൽ കൂടുതൽ പ്രചാരണത്തിന് സമയം ലഭിക്കും. വോട്ടെണ്ണൽ ആവശ്യമെങ്കിൽ 19 ന് നടത്താനാണ് തീരുമാനം.

പാര്‍ട്ടി തെരഞ്ഞെടുപ്പ് അതോറിറ്റി ചെയർമാന്‍ മധുസൂദന്‍ മിസ്ത്രി, സംഘടനാ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ എം.പി, മാധ്യമവിഭാഗത്തിന്‍റെ ചുമതലയുള്ള ജനറല്‍ സെക്രട്ടറി ജയ്റാം രമേശ് എന്നിവര്‍ പാര്‍ട്ടി ആസ്ഥാനത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്.