പാലാ സെന്‍റ് തോമസ് കോളജില്‍ വിദ്യാര്‍ത്ഥിനിയെ സഹപാഠി ക്രൂരമായി കൊലപ്പെടുത്തി

Jaihind Webdesk
Friday, October 1, 2021

കോട്ടയം : പാലാ സെന്‍റ് തോമസ് കോളേജിൽ പെൺകുട്ടിയെ കഴുത്തറുത്ത് കൊലപ്പെടുത്തി. വൈക്കം തലയോലപ്പറമ്പ് സ്വദേശിനി കളപ്പുരക്കൽ വീട്ടിൽ നിതിനാ മോളാണ് കൊല്ലപ്പെട്ടത്. സഹപാഠിയായ കൂത്താട്ടുകുളം ഉപ്പാനിയിൽ പുത്തൻപുരയിൽ അഭിഷേക് ബൈജുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. പ്രണയനൈരാശ്യത്തെ തുടർന്നാണ് കൊലപാതകം.

ഇന്ന് രാവിലെ 11.15 ഓടെയാണ് കൊലപാതകം നടന്നത്. പാലാ സെന്‍റ് തോമസ് കോളേജിൽ ബി. വോക്ക് വിദ്യാർത്ഥികളാണ് ഇരുവരും. പരീക്ഷ കഴിഞ്ഞ് ഇറങ്ങിയപ്പോഴാണ് കൊലപാതകം നടന്നത്. നേരത്തെ ഇറങ്ങി പുറത്ത് കാത്തുനിന്ന അഭിഷേകും പെണ്‍കുട്ടിയുമായി വഴക്കുണ്ടായെന്ന് സെക്യൂരിറ്റി ഉദ്യോഗസ്ഥന്‍ പറയുന്നു. തർക്കത്തിനിടെ അഭിഷേക് നിതിനയെ പിടിച്ചു തള്ളി വീഴ്ത്തി. പേപ്പർ കട്ടർ ഉപയോഗിച്ച് നിലത്തുവീണ നിതിനയുടെ കഴുത്ത് മുറിക്കുകയായിരുന്നു.

പെൺകുട്ടിയുടെ നിലവിളി കേട്ട് ഓടിയെത്തിയ കോളേജ് അധികൃതർ കുട്ടിയെ ഉടൻ തന്നെ അടുത്തുള്ള മരിയൻ മെഡിക്കൽ സെന്‍ററിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കൊലപാതകത്തിനു ശേഷം രക്ഷപ്പെടാൻ ശ്രമിക്കാതെ മൃതദേഹത്തിന് സമീപം തന്നെ ഇരിക്കുകയായിരുന്നു അഭിഷേക് എന്ന് ദൃക്സാക്ഷികൾ പറയുന്നു.

പ്രതിയെ പോലീസ് കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്തു വരികയാണ്. പ്രണയത്തിൽ നിന്ന് അകന്നുമാറാനുള്ള ശ്രമമാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് പൊലീസ് പറയുന്നു. നിതിനയുടെ മൃതദേഹം ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയതിന് ശേഷം കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റും.