സാധാരണക്കാരുടെ വിഭവങ്ങളുടെ മേലുള്ള സാമൂഹികാധികാരം പോലും കുത്തകൾക്ക് അടിയറവ് വയ്ക്കുന്നു; കേന്ദ്രത്തിനെതിരെ കൊടിക്കുന്നിൽ സുരേഷ്

Jaihind News Bureau
Saturday, May 16, 2020
Kodikkunnil-suresh-MP
ആത്മ നിർഭർ ഭാരതെന്ന പേരിൽ ഇന്ത്യയുടെ ആത്മാവായ പൊതുമേഖലാ സ്ഥാപനങ്ങളെ ഒന്നൊഴിയാതെ വിറ്റഴിക്കുന്നതിനായി കോവിഡ് മഹാമാരിയെപ്പോലും ഉപയോഗിക്കുന്ന കേന്ദ്ര സർക്കാർ ഇന്ത്യയിലെ സാധാരണക്കാരുടെ വിഭവങ്ങളുടെ മേലുള്ള സാമൂഹികാധികാരം പോലും കുത്തകൾക്ക് അടിയറവ്  വെക്കുന്നുവെന്ന് കോൺഗ്രസ് (ഐ) ലോക്‌സഭാ ചീഫ് വിപ്പ് കൊടിക്കുന്നിൽ സുരേഷ് എം പി.
ദരിദ്ര ജനലക്ഷങ്ങൾക്ക് , അതും ജനസംഘ്യയിലെ പതിമൂന്നു കോടിയോളം വരുന്ന പാവപ്പെട്ടവർക്ക് ആശ്വാസമേകുന്ന ഡയറക്റ്റ് ക്യാഷ് ട്രാൻസ്‌ഫർ പദ്ധതിവഴി ഏറ്റവും ചുരുങ്ങിയത് 6000  രൂപയെങ്കിലും പ്രത്യക്ഷ ധനസഹായം നല്‍കുമെന്ന  പ്രഖ്യാപനം കേന്ദ്ര സർക്കാർ നടത്തുമെന്ന പാവപ്പെട്ടവരുടെ പ്രതീക്ഷ  ഇന്നും അസ്ഥാനത്തായെന്ന് കൊടിക്കുന്നിൽ സുരേഷ് എം പി പറഞ്ഞു.
ഇന്ത്യയിലെ ജനങ്ങളുടെ സ്വത്തായ  പൊതുമേഖലാ സ്ഥാപനങ്ങൾ വിറ്റഴിക്കുന്നതിനായുള്ള കേന്ദ്രസർക്കാരിന്റെ രൂപരേഖയുടെ പ്രഖ്യാപനം മാത്രമാണ് കോവിഡ് അനന്തര സാമ്പത്തിക പാക്കേജ് . രാജ്യത്തിന്റെ  അടിസ്ഥാന ധാതുസമ്പത്തും, രാജ്യ സുരക്ഷാ മേഖലയിൽ പോലും പ്രാധാന്യമേറിയ കൽക്കരി മേഖലയുടെയും വാണിജ്യവൽക്കരണം, കൽക്കരി മേഖലയിൽ വരുമാനം പങ്കിടുക  എന്ന പുതിയ വരുമാന നിർണ്ണയ രീതിയും, മേഖലയിൽ പങ്കെടുക്കുവാൻ മുൻപരിചയവും പ്രഖ്യാപിത യോഗ്യതയും വേണ്ട എന്നും  പ്രഖ്യാപിച്ച കേന്ദ്ര സർക്കാർ വൻ അഴിമതിക്കാണ് വഴിതുറക്കുന്നതെന്നും കൊടിക്കുന്നിൽ സുരേഷ് എം പി പറഞ്ഞു.
ഓർഡൻസ് ഫാക്ടറികൾ ഓഹരിവിപണിയിൽ ലിസ്റ്റ് ചെയ്യും, എന്നാൽ ഇതു സ്വകാര്യവൽക്കരണമല്ലെന്നും കോർപ്പറേറ്റ് വൽകരണം  മാത്രമെന്നും പ്രഖ്യാപിച്ച ധനമന്ത്രി രാജ്യത്തിൻറെ തന്ത്രപ്രധാനമായ ആയുധ നിർമാണ മേഖലയെ കുത്തകൾക്ക് വിറ്റഴിക്കുന്നതിനുള്ള അപകടകരമായ മുന്നൊരുക്കമാണ് നടത്തുന്നത് , കോർപ്പറേറ്റ് വൽക്കരണത്തിന്റെ സ്വാഭാവികമായ പരിണാമം സ്വകാര്യവൽക്കരണമാണെന്ന വസ്തുത ജനങ്ങൾക്ക് അറിയാവുന്നതാണെന്നും മന്ത്രി ഓർക്കണമെന്ന് കൊടിക്കുന്നിൽ സുരേഷ് എം പി പറഞ്ഞു.  പ്രതിരോധ മേഖലയിലെ വിദേശ നിക്ഷേപം നിലവിലെ 49 ശതമാനത്തിൽനിന്ന് 74 ശതമാനമാക്കിയത് പ്രതിരോധ  മേഖലയെ ഗുരുതരമായ സങ്കീർണ്ണതകളിലേക്ക് നയിക്കുമെന്നും കാലാകാലങ്ങളായി തുടർന്നു പോരുന്ന തന്ത്രപ്രധാന നയങ്ങളിൽ  നിന്നും പ്രതിരോധമേഖലയെ  അടർത്തിമാറ്റുന്നത് ആത്മഹത്യാപരമാണ് എന്നും കൊടിക്കുന്നിൽ സുരേഷ് എം പി കൂട്ടിച്ചേർത്തു.
വിമാനത്താവളങ്ങളെ സ്വകാര്യവൽക്കരിക്കാൻ ധൃതികൂട്ടുന്ന സർക്കാരിന്റെ ഉദ്ദേശ്യലക്ഷ്യങ്ങൾ വ്യോമയാന മേഖലയെ കൂടുതൽ മികച്ചതാക്കുക എന്നതിലപ്പുറം വ്യോമയാനമേഖലയെ സാധാരണക്കാർക്ക് അപ്രാപ്യമാക്കി കുത്തകകൾക്ക് ഈ രംഗം പരിപൂർണമായി എഴുതിനൽകുക എന്നതാണ്. ഈ സാമ്പത്തിക വർഷത്തെ ബജറ്റ് പോലും കേന്ദ്ര ധനമന്ത്രി നടത്തിയ വിറ്റഴിക്കൽ സ്വകാര്യവൽക്കരണ പ്രഖ്യാപനങ്ങളോടെ അപ്രസക്തമായെന്നും, ജനക്ഷേമമല്ല മറിച്ച് കുത്തകകളുടെ കൊള്ളലാഭമാണ് കേന്ദ്രസർക്കാരിന് പ്രിയപ്പെട്ടത് എന്നും കോവിഡ് മഹാമാരി ഈ നീക്കത്തിന് ഒരു മറയാക്കി കേന്ദ്ര സർക്കാർ മാറ്റിയെന്നും കൊടിക്കുന്നിൽ സുരേഷ് എം പി ആരോപിച്ചു.