നെടുങ്കണ്ടത്ത് ഇരട്ടക്കൊലപാതകം: അമ്മയെയും മകനെയും കൊന്ന് കുഴിച്ചുമൂടിയതായി സംശയം; വീട്ടുപറമ്പില്‍ മൃതദേഹങ്ങള്‍ കണ്ടെത്തി

Jaihind News Bureau
Monday, April 27, 2026

നെടുങ്കണ്ടം: ഇടുക്കി നെടുങ്കണ്ടം പച്ചടിയില്‍ അമ്മയെയും മകനെയും കൊലപ്പെടുത്തി വീടിന് സമീപം കുഴിച്ചുമൂടിയതായി സംശയം. പച്ചടി സ്വദേശി മേരിക്കുട്ടി മാത്യു, മകന്‍ റെജി എന്നിവരുടെ വീട്ടുപറമ്പില്‍ നടത്തിയ പരിശോധനയിലാണ് രണ്ട് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. സംഭവത്തില്‍ മേരിക്കുട്ടിയുടെ ഇളയ മകന്‍ സജിയെ കാണാതായിട്ടുണ്ട്.

വീട്ടുപറമ്പില്‍ കുഴിച്ചുമൂടിയ നിലയില്‍ കണ്ടെത്തിയ മൃതദേഹങ്ങള്‍ ഒരു സ്ത്രീയുടേതും പുരുഷന്റേതുമാണെന്ന് ഇടുക്കി എസ്.പി കെ.എം. സാബു മാത്യു സ്ഥിരീകരിച്ചു. മൃതദേഹങ്ങള്‍ക്ക് ദിവസങ്ങളുടെ പഴക്കമുണ്ടെന്നും തിരിച്ചറിയാന്‍ കഴിയാത്ത വിധം അഴുകിയ നിലയിലാണെന്നും അദ്ദേഹം വ്യക്തമാക്കി. ഏപ്രില്‍ 9 വരെ ഇവരെ നാട്ടുകാര്‍ പുറത്ത് കണ്ടിരുന്നു. മൃതദേഹങ്ങള്‍ മേരിക്കുട്ടിയുടേതും റെജിയുടേതുമാണോ എന്ന് ശാസ്ത്രീയമായി ഉറപ്പിക്കാന്‍ പോസ്റ്റുമോര്‍ട്ടം പരിശോധന ആവശ്യമാണെന്ന് പോലീസ് അറിയിച്ചു.

ഏറെ നാളായി മേരിക്കുട്ടിയെയും റെജിയെയും കാണാതായതിനെ തുടര്‍ന്ന് നാട്ടുകാര്‍ ഇളയ മകനായ സജിയോട് വിവരങ്ങള്‍ തിരക്കിയിരുന്നു. എന്നാല്‍ ഇയാള്‍ നല്‍കിയ മറുപടികളിലെ പരസ്പരവിരുദ്ധത നാട്ടുകാരില്‍ വലിയ സംശയമുണ്ടാക്കി. നാട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് മേരിക്കുട്ടിയുടെ മകള്‍ നല്‍കിയ പരാതിയിലാണ് പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തിയത്.

പോലീസ് സംഘം നടത്തിയ വിശദമായ തെരച്ചിലിനൊടുവിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. നിലവില്‍ ഒളിവില്‍ പോയിരിക്കുന്ന സജിക്കായി പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. ഇയാളെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ ഉടന്‍ പോലീസിനെ അറിയിക്കണമെന്ന് എസ്.പി അഭ്യര്‍ത്ഥിച്ചു. ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹങ്ങള്‍ വിദഗ്ധ പരിശോധനയ്ക്കായി മാറ്റും.